ഗുകേഷിന്റെയും ബൊപ്പണ്ണയുടെയും വഴിയേ മൈക്ക് ടൈസനും; 72–ാം വയസ്സിൽ വെള്ളി വെടിവച്ചിട്ട് സ്വാൻ; ഇവർ ‘പ്രായത്തെ തളർത്തിയ’ താരങ്ങൾ!
Mail This Article
ട്വന്റി 20 ലോകകപ്പ്, ലോക ചെസ് ചാംപ്യൻഷിപ്, പാരിസ് ഒളിംപിക്സ്... തുടങ്ങി കായിക രംഗത്ത് ഒട്ടേറെ ആവേശോജ്വല നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് 2024 കടന്നു പോയത്. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യയുടെ ഡി. ഗുകേഷും ഏറ്റവും പ്രായം കൂടിയ ഗ്രാൻസ്‌ലാം ചാംപ്യനായി ഇന്ത്യയുടെ തന്നെ രോഹൻ ബൊപ്പണ്ണയും ഒക്കെ തങ്ങളുടെ പ്രതിഭ തെളിയിച്ച വർഷംകൂടിയാണിത്. ഇത്തരത്തിൽ കായിക ലോകത്തിന് പ്രായം കേവലം ഒരു ‘നമ്പർ’ മാത്രമെന്ന് തെളിയിച്ച മറ്റ് രണ്ടുപേർ കൂടിയുണ്ട് 2024ൽ. 58 വയസ്സായ രണ്ട് കായിക താരങ്ങളാണ് അവർ. അതിൽ ആദ്യത്തെയാൾ മറ്റാരുമല്ല, ഹെവിവെയ്റ്റ് ഇതിഹാസം മൈക്ക് ടൈസൻ ആണ് ആ പ്രതിഭ. 27 വയസ്സുകാരനായ ജേക്ക് പോളിനെ നേരിട്ടുകൊണ്ടാണ് ടൈസൻ വീണ്ടും കളത്തിലിറങ്ങിയത്. അതും നീണ്ട 20 വർഷങ്ങൾക്ക് ശേഷം. വിജയം സ്വാഭാവികമായും യുവത്വത്തിനൊപ്പം നിന്നു. എന്നാൽ, ഇതിഹാസത്തിനൊപ്പം മത്സരിക്കാൻ സാധിച്ചതിനെ ജേക്ക് ഒരു ആദരമായാണ് വിശേഷിപ്പിച്ചത്. ടൈസൻ തന്റെ തോൽവിയെ വിശേഷിപ്പിച്ചത് ‘No Regrets’ എന്നും. 58 വയസ്സ് തികയാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അതൊന്നും ഒരു പ്രായമേയല്ല എന്ന് വിളിച്ചുപറഞ്ഞ മറ്റൊരാളുടെ മെയ്‌വഴക്കത്തിനുകൂടി 2024 സാക്ഷ്യം വഹിച്ചു. ജപ്പാന്റെ മുൻ ഫുട്ബോൾ ദേശീയ താരം കസുയോഷി മിയുറ. ഇപ്പോൾത്തന്നെ പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും പ്രായമേറിയ താരം എന്ന ഖ്യാതിയുള്ള മിയുറ അടുത്ത സീസണിലും കളി തുടരും എന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. സുസുക ക്ലബ്ബുമായി ഈ ഫോർവേഡ് പുതിയ കരാർ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 1990 മുതൽ 2000 വരെ ജപ്പാനുവേണ്ടി ജഴ്സിയണിഞ്ഞ അദ്ദേഹം 1992ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. നാലു പതിറ്റാണ്ടിനിടെ 17 ക്ലബ്ബുകൾക്കുവേണ്ടി പന്തുതട്ടിയ