ഒരു വർഷത്തിനുള്ളിൽ സാമ്പത്തിക തട്ടിപ്പുകളില്‍ വര്‍ധന 74 ശതമാനം
Mail This Article
കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് രാജ്യത്തെ ചെറുതും വലുതുമായ സാമ്പത്തിക തട്ടിപ്പുകാര്‍ അടിച്ച് മാറ്റിയത് ഒരു ലക്ഷം കോടി രൂപ! മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി സാമ്പത്തിക തട്ടിപ്പുകള്‍ പെരുകിയത് 74 ശതമാനം. ഇന്ത്യന്‍ ബാങ്കുകളില്‍ ഈ കാലയളവില്‍ 71,543 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് ആര് ബി ഐ കണക്ക് പറയുന്നു. 2017-18 ല്‍ ഇത് 41,168 കോടി രൂപയായിരുന്നു.
വന്‍കിട കോര്‍പ്പറേറ്റുകളും ഇന്റര്‍നെറ്റ് വഴി ഇടപാടുകാരുടെ പണമപഹരിച്ചവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എടിഎം കാര്‍ഡ് തട്ടിപ്പുകളും, നെറ്റ് ബാങ്കിംഗ് പണാപഹരണവും,മറ്റ് ഓണ്‍ലൈന്‍ തട്ടിപ്പുകളുമെല്ലാം ഇതിന്റെ ഭാഗം തന്നെ. സാമ്പത്തിക പ്രതിസന്ധി മുറുകുമ്പോള്‍ ചെറുതും വലുതുമായ തട്ടിപ്പ് നടത്തി കൈ നനയാതെ മീന്‍ പിടിക്കുന്നവരുടെ എണ്ണം രാജ്യത്ത് പെരുകുന്നത് ദുസൂചനയാണ്. ഈ സാഹചര്യത്തില്‍ സ്വന്തം ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയാല്‍ കഷ്ട നഷ്ടം ഒഴിവാക്കാം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാങ്ക് അധിഷ്ഠിത സാമ്പത്തിക തട്ടിപ്പുകള്‍ ഏഴിരട്ടി വര്ധിച്ചതായിട്ടാണ് കണക്കുകള്‍ പറയുന്നത്. 2014-15 ല്‍ 20,000 കോടിയായിരുന്നെങ്കില്‍ 18-19 ല്‍ എത്തിയപ്പോഴേയ്ക്കും ഇത് 71,543 കോടി രൂപയായി. ഇതില്‍ 90 ശതമാനവും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ് എന്നു കൂടി അറിയുമ്പോള്‍ നമ്മള് വിശ്വസിക്കുന്ന ബാങ്കുകള്‍ എത്രമാത്രം സുരക്ഷയാണ് പ്രദാനം ചെയ്യുന്നതെന്ന് ബോധ്യമാകും. 2019 ഏപ്രില്‍ -സെപ്തംബര്‍ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് 95,760 കോടിയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്64,509 കോടിയായിരുന്നു.
സാധാരണ നിലയില്‍ വലിയ തട്ടിപ്പുകള്‍ മാത്രമാണ് വാര്‍ത്തകളാകാറുള്ളത്. എന്നാല്‍ നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ മറ്റൊരു ചിത്രമാണ് നല്‍കുന്നത്. ഐ പി സി അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും ഇക്കാലയളവില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്്. പത്ത് ലക്ഷം ആളുകള്ക്ക്് 111.3 സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്ന നിലയ്ക്കാണ് 2017 ല്‍ ഐ പി സി കേസുകള്‍ പെരുകിയത്. എന്നാല്‍ 2014 ല്‍ ഇത് 110 ആയിരുന്നു. എ ടി എം തട്ടിപ്പ്, ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്, മറ്റ് ഓണ്‍ലൈന്‍ സാമ്പത്തിക ചോരണം ഇതെല്ലാം ഇക്കാലയളവില്‍ കുതിച്ചുയര്‍ന്നു. ജയ്പൂരാണ് രാജ്യത്തിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തലസ്ഥാനം. ലക്നൗ, ഡല്‍ഹി,ഹൈദരാബാദ്, കാണ്‍പൂര്‍,മുബൈ ഇങ്ങനെ പോകുന്നു തൊട്ടടുത്ത സ്ഥാനങ്ങള്‍. പ്രതിസന്ധികാലത്ത്് തട്ടിപ്പുകാരുടെ ഇരകളാകാതിരിക്കാന്‍ ശ്രദ്ധിക്കുക.