ADVERTISEMENT

അവകാശികളില്ലാതെ ഇന്ത്യന്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 25,000 കോടി രൂപ! ഇതില്‍ നമ്മടെ ഒരോരുത്തരുടേയും പണവും ഉള്‍പ്പെട്ടിട്ടുണ്ടാകും.എന്നാല്‍ ഇത് തിരിച്ച് കിട്ടും.പക്ഷെ ചില കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ഇത്രയും വലിയ തുക ബാങ്കുകളുടെ പക്കലല്ല ഉള്ളത്. 2014 ലാണ് അവകാശികളില്ലാതെ ബാങ്കില്‍ കെട്ടികിടക്കുന്ന തുകയ്ക്ക് വേണ്ടി  ആര്‍ ബി ഐ നിക്ഷേപക വിദ്യാഭ്യാസ ബോധവത്കരണ (ഡി ഇ എ എഫ്) ഫണ്ടുണ്ടാക്കിയത്. അന്ന് അവകാശികളില്ലാതെ ബാങ്കുകളില്‍ കിടന്നിരുന്നത് 7,875 കോടി രൂപയായിരുന്നു എങ്കില്‍ ഇപ്പോള്‍ അത് 25,000 കോടിയിലെത്തി നില്‍ക്കുന്നു.

അവകാശികള്‍ എവിടെ?

പലപ്പോഴും അത്യാവശ്യം സാമ്പത്തിക കാര്യങ്ങള്‍ വേണ്ടപ്പെട്ടവരോട് പോലും പറയാന്‍ വിമുഖതയുള്ളവരാണ് നല്ലൊരു ശതമാനവും. അപ്രതീക്ഷിതമായി ഇവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, എന്തിന് മരണങ്ങള്‍ തന്നെയും, അക്കൗണ്ടുകളെ നാഥനില്ലാതാക്കുന്നു.  ജോലിയുടെ ഭാഗമായിട്ടോ അല്ലെങ്കില്‍ ബിസിനസ് ആവശ്യത്തിനോ വിവിധ നഗരങ്ങളിലെ വ്യത്യസ്ത ബാങ്കിന്റെ ഒന്നിലധികം ബ്രാഞ്ചുകളില്‍ അക്കൗണ്ട് ചേര്‍ന്നിട്ടുള്ളവരാകാം ഇവര്‍. ഇതില്‍ ചിലതിലെല്ലാം അന്നത്തെ പ്രത്യേക ആവശ്യം പരിഗണിച്ച് ചില നിക്ഷേപങ്ങള്‍, ചെറുതെങ്കിലും നടത്തിയിട്ടുമുണ്ടാകാം. ജീവിത പ്രാരാബ്ധങ്ങളാലോ തൊഴില്‍ സാഹചര്യം മാറിയതിനാലോ പിന്നീട് അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടുമുണ്ടാകില്ല. ഇങ്ങനെ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളിലെ എഫ് ഡി, റിക്കറിംഗ് ഡിപ്പോസിറ്റ്, ഡി ഡി, ബാങ്കേഴ്‌സ് ചെക്ക്്, പേ ഓര്‍ഡര്‍ ഇതെല്ലാം പിന്നീട് നാഥനില്ലാത്ത ഫണ്ടിന്റെ പരിധിയിലേക്ക് മാറുന്നു. പലപ്പോഴും ബാങ്കുകള്‍ക്ക് ഇടപാടുകാരെ ബന്ധപ്പെടാനും കഴിയാറില്ല. കൃത്യമായ ഫോണ്‍ നമ്പര്‍ ഇല്ലാത്തതും കൊടുത്ത നമ്പര്‍ കാലഹരണപ്പെട്ടതുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. 

നിഷ്‌ക്രിയ അക്കൗണ്ട്

രണ്ട് വര്‍ഷം തുടര്‍ച്ചയായി ഒരു സാമ്പത്തിക പ്രവര്‍ത്തനവും നടത്താതിരുന്നാല്‍ അത് ഡോര്‍മന്റ് അഥവാ പ്രവര്‍ത്തന രഹിത അക്കൗണ്ടാകും. സാധാരണ നിലയില്‍ പത്ത് വര്‍ഷം തുടര്‍ച്ചയായി അക്കൗണ്ട് പ്രവര്‍ത്തന രഹിതമായി തുടര്‍ന്നാല്‍  ഇതിലുള്ള പണത്തിനും ജീവനില്ലാതാകും. ഇതിലുള്ള പണം ബാങ്കുകള്‍ ആര്‍ ബി ഐ യുടെ കീഴിലുള്ള ഡി ഇ എ എഫിലേക്ക് മാറ്റുകയും ചെയ്യും.

ആ 25,000 കോടി എന്തു ചെയ്യും

ഈ ഫണ്ട് ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും മറ്റുമാണ്  നിക്ഷേപിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം നിക്ഷേപത്തിന് പലിശ നല്‍കാനും നിക്ഷേപകര്‍ക്ക് വേണ്ടി ബോധവത്കരണപ്രവര്‍ത്തനം നടത്താനുമാണ് ഉപയോഗിക്കുന്നത്.

എങ്ങിനെ ക്ലെയിം ചെയ്യാം

പ്രവര്‍ത്തന നിരതമല്ലാതെ അക്കൗണ്ട് നിശ്ചിത വര്‍ഷങ്ങള്‍ പിന്നിടുന്നതോടെ ഡിപ്പോസിറ്റ് തുകയും പലിശയും ഡി ഇ എ എഫിലേക്ക് ബാങ്കുകള്‍ മാറ്റണമെന്നാണ് ചട്ടം. അവകാശികളില്ലാത്ത പണമായി പരിഗണിക്കപ്പെട്ടാല്‍ പിന്നെ സ്ഥിരനിക്ഷേപമാണെങ്കില്‍ ലഭിക്കുന്ന പലിശ നിരക്ക് 3.5 ശതമാനമാണ്. ആര്‍ബി ഐ ചട്ടമനുസരിച്ച് എല്ലാ ബാങ്കുകളും ഇത്തരം ഫണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ വൈബ്‌സൈറ്റില്‍ നല്‍കിയിരിക്കണം. ഇത് പരിശോധിച്ച് ക്ലെയിം ഫോമും ഡിപ്പോസിറ്റ് രസീതും കെ വൈ സി രേഖകളും സഹിതം അതാത് ബാങ്ക് ബ്രാഞ്ചുകളെ സമീപിച്ചാല്‍ തുക തിരികെ ലഭിക്കും. എന്നാല്‍ അധികമാരും ഇക്കാര്യത്തെ കുറിച്ച്് ബോധവാന്‍മാരല്ല എന്നുള്ളത് തുകയുടെ വലുപ്പം തന്നെ ബോധ്യപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com