യെസ് ബാങ്ക് പ്രതിസന്ധി നിങ്ങളുടെ നികുതി ആനുകൂല്യ പദ്ധതികളെ ബാധിച്ചോ?
Mail This Article
യെസ് ബാങ്കിനെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി നിങ്ങളുടെ ടാക്‌സ് സേവിങ് ലക്ഷ്യങ്ങളെയും ബാധിച്ചേക്കാം. എല്‍ ഐ സിയുടെ നാച്ച് (നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ്) നോഡല്‍ എജന്‍സിയാണ് യെസ് ബാങ്ക് എന്നതിനാലാണിത്. അനവധി അക്കൗണ്ടുകളില്‍ നിന്നും വരുന്ന വലിയ തോതിലുള്ള സംഖ്യ കൈകാര്യം ചെയ്യാന്‍ ബാങ്കുകളെയും കോര്‍പ്പറേറ്റ് കമ്പനികളെയും പൊതുമേഖലാ- ധനകാര്യ സ്ഥാപനങ്ങളേയും മറ്റും പ്രാപ്തമാക്കുന്ന കേന്ദ്രീകൃത വെബ് അധിഷ്ഠിത പേയ്‌മെന്റ് സംവിധാനമാണ് നാച്. എല്‍ ഐ സിയക്ക് വേണ്ടി ഇത് ചെയ്യുന്നത് യെസ് ബാങ്കാണ്. പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തിന് കഴിഞ്ഞ ആഴ്ച മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് ഈ ബാങ്ക് മുഖേനയുള്ള തവണകളൊന്നും എടുക്കാനാവില്ല. ഇതാണ് പ്രതിസന്ധി.
പ്രവർത്തനം മുടങ്ങും
നിങ്ങളുടെ മ്യൂച്ചല്‍ ഫണ്ടിലെ എസ് ഐ പിയും ആരോഗ്യ ഇന്‍ഷൂറന്‍സ്, ലൈഫ് ഇന്‍ഷൂറന്‍സ ്പ്രീമിയവും ഓട്ടോ ഡെബിറ്റ് സംവിധാനം വഴി യെസ് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പോകുന്നതെങ്കില്‍ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചതോടെ അത് നടന്നിട്ടുണ്ടാകില്ല. ടാക്‌സ് സേവിംഗ്‌സ് സ്‌കീമുകളില്‍ നിക്ഷേപിക്കാനുള്ള അവസാന മാസമാണ് മാര്‍ച്ച് എന്നതിനാല്‍ ഇത് ഇത്തരം ലക്ഷ്യത്തിന് തടസം സൃഷ്ടിച്ചേക്കാം. യെസ് ബാങ്കില്‍ അക്കൗണ്ടില്ലാത്തവരെയും ഇത് ബാധിച്ചേക്കാം. നാച് എജന്‍സിയായതിനാല്‍ യെസ് ബാങ്ക് വഴിയാണ് ഇത്തരം അടവുകള്‍ എല്‍ ഐ സി യിലേക്ക് പോകുന്നത്.
നികുതി ആനുകൂല്യം നഷ്ടമാകുമോ?
ഇത് സംബന്ധിച്ച എല്‍ ഐ സി ഇടപാടുകാർക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ മറ്റ് സംവിധാനങ്ങള്‍ക്ക് ശ്രമം നടക്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. മാര്‍ച്ച് മാസത്തിലാണ് എല്‍ ഐ സി യുടെ ബിസിനസിന്റെ 25 മുതല്‍ 30 ശതമാനം വരെ നടക്കുന്നത്. ഇതില്‍ സിംഹഭാഗവും നികുതി ഒഴിവ് ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങളുമാണ്. ഇത്തരം നിക്ഷേപങ്ങള്‍ നടത്തി ആനുകൂല്യങ്ങള്‍ നേടാനുള്ള അവസാന ദിവസം മാര്‍ച്ച് 31 ആണ്. ഇതില്‍ 60 ശതമാനവും ഡിജിറ്റല്‍ കളക്ഷനാണ്. ഇതെല്ലാം ആപ്പ് വഴിയോ ഓട്ടൊമേറ്റഡ് ഡെബിറ്റ് സംവിധാനം വഴിയോ ആണ് നടക്കുന്നത്. ഇത്തരം നിക്ഷേപങ്ങളാണ് ഇപ്പോള്‍ സാധ്യമല്ലാതായിരിക്കുന്നത്. ഫലത്തില്‍ ഇതിന്റെ ഈ വര്‍ഷത്തെ നികുതി ആനുകൂല്യവും നിക്ഷേപകന് നഷ്ടമാകും. നികുതി ആനുകൂല്യത്തിനായി കൂട്ടത്തോടെ നിക്ഷേപം നടത്തുന്ന അവസരത്തിലാണ് പ്രതിസന്ധിയുണ്ടായതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇത് ഒഴിവാക്കുന്നതിനായി പ്രതിസന്ധി തീരുന്ന വരെയെങ്കിലും നേരിട്ട് പണം അടയ്ക്കുക എന്ന മാര്‍ഗം തേടാവുന്നതാണ്.