വായ്പയ്ക്കു ജാമ്യം നിൽക്കുമ്പോൾ
Mail This Article
മറ്റൊരാളുടെ വായ്പയ്ക്കു ജാമ്യം നിൽക്കേണ്ടിവരുന്നത് അപൂർവമല്ല. അടുത്ത ബന്ധുവിനോ സുഹൃത്തിനോ സഹപ്രവർത്തകർക്കോ വേണ്ടിയാണു മിക്കപ്പോഴും ആളുകൾ ഇങ്ങനെ ജാമ്യം നിൽക്കുന്നത്.
ജാമ്യക്കാർക്കു വായ്പയിൽ ഉത്തരവാദിത്തമുണ്ടെങ്കിലും സാധാരണ ഗതിയിൽ തിരിച്ചടവു നടക്കുന്ന കാലത്ത് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. അങ്ങനെയൊരു വായ്പ ഉണ്ടെന്നുപോലും അവർ ഓർക്കണമെന്നില്ല. പക്ഷേ, എപ്പോഴെങ്കിലും വായ്പക്കാർ തിരിച്ചടവു മുടക്കിയാൽ ജാമ്യക്കാർ ചിത്രത്തിലെത്തും. തിരിച്ചടവിന്റെ ഉത്തരവാദിത്തം ജാമ്യക്കാരിലേക്കു വരും.
അതുകൊണ്ടാണ്, വായ്പയെടുക്കുന്നയാളിൽനിന്നു വാങ്ങുന്നതുപോലെതന്നെ, ജാമ്യക്കാരിൽനിന്നും ബാങ്ക് തിരിച്ചറിയൽ രേഖകളും വരുമാന രേഖകളും വാങ്ങി പരിശോധിക്കുന്നത്. വായ്പ കിട്ടാനുള്ള അർഹത തീരുമാനിക്കുന്നത് ജാമ്യക്കാരുടെ സാമ്പത്തികശേഷി കൂടി നോക്കിയിട്ടാണ്.
വായ്പ തിരിച്ചടവു മുടങ്ങുകയും ജാമ്യക്കാരും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്താൽ, ബാങ്ക് റിക്കവറി നടപടികൾക്കായി കേസ് കൊടുക്കും. അതിൽ വായ്പക്കാരെപ്പോലെതന്നെ ജാമ്യക്കാരും പ്രതികളാകും. ജാമ്യക്കാരുടെ ആസ്തിയിൽനിന്ന് ബാങ്കുകൾക്കു കിട്ടാനുള്ള തുക ഈടാക്കണമെന്ന് കോടതി ഉത്തരവിടാനുള്ള സാധ്യത പോലുമുണ്ട്.
സ്വന്തം വായ്പായോഗ്യത കുറയും
വിശ്വാസ്യതയുള്ള വായ്പക്കാരാണെങ്കിലും ജാമ്യക്കാരെ ബാധിക്കുന്ന മറ്റൊരു പ്രശ്നമുണ്ട്. ഒരു വായ്പയ്ക്കു ജാമ്യം നിൽക്കുന്ന വേളയിൽ സ്വന്തമായൊരു വായ്പയെടുക്കാൻ ബാങ്കിൽ ചെന്നാൽ, ആദ്യ വായ്പയിൽ ഇനി എത്ര തുക ബാക്കി നിൽക്കുന്നു എന്നതുകൂടി കണക്കിലെടുത്തേ പുതുതായി എത്ര വായ്പത്തുകയ്ക്ക് അർഹതയുണ്ടെന്നു ബാങ്ക് തീരുമാനിക്കൂ.
‘എ’ എടുത്ത 5 ലക്ഷം രൂപയ്ക്കു ‘ബി’ ജാമ്യം നിന്നിട്ടുണ്ടെന്നു കരുതുക. കുറെ നാൾ കഴിഞ്ഞ് ‘ബി’ സ്വന്തമായൊരു വായ്പയെടുക്കാൻ ചെല്ലുന്നു. വരുമാനത്തിന്റെയും തിരിച്ചടവുശേഷിയുടെയും അടിസ്ഥാനത്തിൽ 10 ലക്ഷ രൂപ വായ്പയ്ക്ക് അർഹതയുണ്ട്. പക്ഷേ ബാങ്ക് ‘എ’ എടുത്ത വായ്പയിൽ എത്ര തിരിച്ചടവു ബാക്കിയുണ്ടെന്നുനോക്കും. അത് 2 ലക്ഷം രൂപ ബാക്കിയാണെങ്കിൽ, ‘ബി’ക്ക് 8 ലക്ഷം രൂപയേ സ്വന്തമായി വായ്പയെടുക്കാനാകൂ. അതായത്, മറ്റൊരാൾക്കു വായ്പാജാമ്യം നിൽക്കുമ്പോൾ സ്വന്തം വായ്പായോഗ്യത കുറയുകയാണ്.
∙ജാമ്യം നിൽക്കുന്നത് ‘ക്രെഡിറ്റ് റിപ്പോർട്ടിൽ’ പ്രതിഫലിക്കുമെന്നും ഓർക്കുക. വായ്പക്കാർ തിരിച്ചടവു മുടക്കിയാൽ ജാമ്യക്കാരുടെയും ക്രെഡിറ്റ് സ്കോർ ഇടിയും.
പരിഹാരമുണ്ടോ?
∙ജാമ്യം നിൽക്കും മുൻപ് വായ്പക്കാരന്റെ/വായ്പക്കാരിയുടെ തിരിച്ചടവുശേഷിയും തിരിച്ചടവുസ്വഭാവവും വിശ്വാസ്യതയും പരിശോധിക്കണം. ‘പണി’ കിട്ടാനുള്ള സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടാൽ ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക.
∙ജാമ്യവായ്പയുടെ കാലയളവിൽ ഇടയ്ക്കിടെ സ്വന്തം ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക. വായ്പയുടെ തിരിച്ചടവു ക്രമത്തിലാണോ എന്ന് അതിലുണ്ടാകും.
English Summary : Precautions to be Taken by Aa Loan Guarantor