35 ലക്ഷത്തിന്റെ ഭവന വായ്പയിൽ മാസം 3500 രൂപയോളം കുറവ്
Mail This Article
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോൾ റിപ്പോ നിരക്കില്‍ ആര്‍ ബി ഐ പല കുറി കുറവ് വരുത്തിയിരുന്നു. നിലവില്‍ ഇത് കുറഞ്ഞ് 4 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു. റിവേഴ്‌സ് റിപ്പോ നിരക്കാകട്ടെ 3.35 ശതമാനമാണ്. ഇതോടെ പലിശ നിരക്കില്‍ വലിയ താഴ്ചയാണുള്ളത്. പിന്നീട് ബാങ്കുകളും സ്വന്തം നിലയ്ക്ക് ഓഫറുകളുടെ ഭാഗമായും മറ്റും വായ്പ പലിശയില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
രണ്ട് ശതമാനം വരെ കിഴിവ്
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വായ്പ പലിശയില്‍ വരുത്തിയ ഇളവ് 1.5 മുതല്‍ 2 ശതമാനം വരെയാണ്. നിലവിലുള്ള വായ്പകള്‍ക്കും പുതിയ വായ്പകള്‍ക്കും നിരക്കിളവ് ലഭ്യമാണ്. തുടക്കത്തില്‍ ഇതിന്റെ നേട്ടം പ്രത്യക്ഷമായി ആര്‍ എല്‍ എല്‍ ആര്‍ (റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ്) വായ്പകളിലാണ് പ്രതിഫലിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എം സി എല്‍ ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത നിരക്ക്) വായ്പകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട ബാങ്കില്‍ അപേക്ഷ നല്‍കി വായ്പ പലിശ നിരക്ക് കുറഞ്ഞ എം സി എല്‍ ആറിലേക്ക് മാറ്റാം.
ഇ എം ഐ യില്‍ വലിയ കുറവ്
പലിശ നിരക്കില്‍ ഒരു ശതമാനം കുറവ് എന്നാല്‍ വലിയ വായ്പകള്‍ക്ക് ഇ എം ഐ യില്‍ ഭീമമായ വ്യത്യാസം വരും. ഉദാഹരണത്തിന് 35 ലക്ഷം രൂപ 15 വര്‍ഷം കാലയളവിലേക്ക് വായ്പ എടുത്ത ഒരാള്‍ക്ക് പലിശ നിരക്കിലെ ഒരു ശതമാനം കുറവ് ഇ എം ഐ യില്‍ 1860 രൂപയുടെ ആദായം നല്‍കും. വായ്പ കാലയളവില്‍ മുഴുവനായി ഇതിലൂടെ ലഭിക്കുന്ന നേട്ടം 1.87 ലക്ഷം രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2 ശതമാനം വരെ ഇത്തരത്തില്‍ പലിശ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഈ നിലയ്ക്ക് മേല്‍പറഞ്ഞ ഉദാഹരണത്തില്‍ 3500 രൂപയുടെ വരെ കുറവ് ലഭിക്കാം.
പലരും വായ്പ എടുത്ത ശേഷം അതേക്കുറിച്ച് പിന്നീട് അന്വേഷിക്കാതെ പഴയ നിരക്കിൽ വായ്പ അടച്ചു കൊണ്ടിരിക്കുന്നവരാകും. അവർ ബാങ്കിൽ ചോദിച്ച് കാര്യങ്ങൾ മനസിലാക്കി അതിനനുസരിച്ചുള്ള കുറഞ്ഞ നിരക്കിലേക്കു മാറുന്നതിനായി അപേക്ഷ നൽകിയാൽ മതിയാകും.
English Summary: Choose for Lowest Home Loan Interest Rate