ADVERTISEMENT

ഭവനവായ്പ എടുക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. പലിശ കുറഞ്ഞതു മാത്രമല്ല പ്രോസസിങ് ഫീസ് ഒഴിവാക്കുന്നത് ഉൾപ്പെടെ പല ആനുകൂല്യങ്ങളും ബാങ്കുകള്‍ വച്ചു നീട്ടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഭവനവായ്പയുടെ പലിശയിൽ രണ്ടു ശതമാനത്തോളം കുറവു വന്നു. ഇതുവഴി 30 ലക്ഷം രൂപയുടെ 30 വര്‍ഷ വായ്പയ്ക്ക് പ്രതിമാസ തിരിച്ചടവിൽ 4,025 രൂപ ലാഭിക്കാം. ഒരു ലക്ഷം രൂപയ്ക്ക് ഇഎംഐ 649 രൂപ മാത്രമാണ്. നിലവില്‍ മറ്റ് ബാങ്കുകളിലുള്ള ഉയർന്ന പലിശ നിരക്കിലെ വായ്പകളും വൻ ആനുകൂല്യം നല്‍കി ഏറ്റെടുക്കാനും ബാങ്കുകള്‍ മത്സരിക്കുന്നുണ്ട്.  

ജാഗ്രത വേണം

കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വിവിധ ഘടകങ്ങള്‍ പരിഗണിച്ച ശേഷം വേണം ബാങ്ക് ഏതെന്നു തിരഞ്ഞെടുക്കുന്നത്. പലിശ, ക്രെഡിറ്റ് സ്‌കോറിന്റെ പരിഗണന, വായ്പത്തുക, പ്രോസസിങ് ചാര്‍ജുകള്‍, വായ്പ അനുവദിക്കാനുള്ള സമയം എന്നിവ തീര്‍ച്ചയായും കണക്കിലെടുക്കണം. 

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറാണ് ഇപ്പോള്‍ താരം. അതിനും കാരണമുണ്ട്. 2019 ഒക്ടോബറിനു ശേഷം ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച നിരക്കേ ഈടാക്കാവൂ എന്നുണ്ട്. കോവിഡിനു മുൻപും ശേഷവുമായി പലകുറി റിപ്പോനിരക്കിൽ ആര്‍ബിഐ കുറവ് വരുത്തിയതോടെയാണ് ഭവന, വാഹന വായ്പകളടക്കമുള്ളവയുടെ പലിശ ഏഴു ശതമാനത്തിനും താഴെ എത്തിയത്. നിരക്കു കുറഞ്ഞതോടെ ബാങ്കുകൾക്ക് വായ്പയില്‍ നിന്നുള്ള ആദായവും കുറഞ്ഞു. ഇതു മറികടക്കാനാണ് സിബില്‍ സ്‌കോര്‍ എന്ന പിടിവള്ളി ഉപയോഗിക്കുന്നത്. 

മുൻപ് പരിധി വരെ ഏകരൂപമായ സ്ലാബുകളാണ് കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സ്വയം തീരുമാനിച്ച ഒട്ടേറെ സ്ലാബുകളില്‍ ബാങ്കുകൾ വ്യത്യസ്ത പലിശ ഈടാക്കുന്നു. 

Home-loan-table-27-12-2020

ഒരേ ക്രെഡിറ്റ് സ്‌കോറിന് വ്യത്യസ്ത പലിശയാകും ഓരോ ബാങ്കും നിശ്ചയിച്ചിട്ടുണ്ടാവുക. അതിനാൽ, സ്വന്തം സ്‌കോറിന് ഏറ്റവും കുറഞ്ഞ പലിശ ലഭിക്കുന്ന ബാങ്കിനെ വേണം വായ്പയ്ക്കായി സമീപിക്കാൻ. വിവിധ ഘടകങ്ങള്‍ പരിഗണിച്ച് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളിൽ ചിലത് ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് എന്നിവ ഇതിൽ ഉൾപ്പെടുന്നവയാണ്.

വായ്പത്തുക

ഏകദേശം എല്ലാവര്‍ക്കും ഇക്കാര്യത്തിൽ ഒരേ മാനദണ്ഡമാണ്. 30 ലക്ഷത്തില്‍ കുറവാണ് വായ്പ ത്തുകയെങ്കില്‍ ഫ്ലാറ്റോ വീടോ വാങ്ങാന്‍ 90 ശതമാനം വരെ ലഭിക്കും. 30–75 ലക്ഷം വരെയാണ് തുകയെങ്കില്‍ മൂല്യത്തിന്റെ 80 ഉം അതിന് മുകളിൽ 75 ഉം ശതമാനമാണ് വായ്പയായി അനുവദിക്കുക. 

പ്രോസസിങ് ഫീ

എല്‍ഐസി ഹൗസിങ് പ്രോസസിങ് ഫീസ് സൗജന്യമാക്കിയിട്ടുണ്ട്. നിലവിലെ പലിശ കൂടിയ വായ്പകളെ ചുരുങ്ങിയ ഫീസ് ഈടാക്കി കുറഞ്ഞ നിരക്കിലേക്ക് മാറ്റി നല്‍കുകയും ചെയ്യും. ബാങ്ക് ഓഫ് ബറോഡയുടെ പ്രോസസിങ് ചാര്‍ജ് 8,500 രൂപയാണ്. കാനറ ബാങ്കിന്റേത് വായ്പത്തുകയുടെ 0.5 ശതമാനവും. കോട്ടക്കിന്റേത് 0.25 ശതമാനം വരും. ആവശ്യമായ രേഖകള്‍ എല്ലാം ശരിയാണെങ്കിൽ വായ്പ അനുവദിക്കാൻ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം മുതല്‍ രണ്ടാഴ്ച വരെ സമയം എടുക്കാം. 

English Summary : Home Loan Interest Rate is very Low Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com