ജൂലായ് ഒന്നു മുതല്‍ സിൻഡിക്കേറ്റ് ഇല്ല, കാനറാ ബാങ്ക് മാത്രം
Mail This Article
സിന്‍ഡിക്കേറ്റ് ബാങ്ക് ഇനിയില്ല. കാനറാ ബാങ്കുമായുള്ള ലയന നടപടികള്‍ പൂര്‍ത്തിയായതോടെ സിന്‍ഡിക്കേറ്റ് ബാങ്കിന്റേതായ ഐ എഫ് എസി സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്) യും ചെക്ക് ബുക്കും ജൂണ്‍ 30 ഓടെ അസാധുവാകും. ജൂലായ് ഒന്നു മുതല്‍ പുതിയ കോഡും ചെക്കുബുക്കുകളുമാണ് ഉപയോഗിക്കേണ്ടത്. പിന്നീടുള്ള പണമിടപാടുകള്‍ക്ക് പുതിയ ഐ എഫ് എസ് സി കോഡായിരിക്കും ബാധകം.
പണമയക്കുന്നവരെയും അറിയിക്കണം
ജൂലായ് മുതല്‍ പഴയ സിന്‍ഡിക്കേറ്റ് ( ഇനി കാനറാ) അക്കൗണ്ടിലേക്ക് പണമയക്കണമെങ്കില്‍ CNRB യില്‍ തുടങ്ങുന്ന ഐ എഫ് എസ് സി കോഡ് വേണ്ടി വരും. (SYNB യില്‍ തുടങ്ങുന്ന ഐ എഫ് എസ് സി ഇനിയുണ്ടാകില്ല).നെഫ്റ്റ്, ഐ എം പി എസ്, ആര് ടി ജി എസ് എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഐ എഫ് എസ് സി കോഡ് നിര്‍ബന്ധമായതിനാല്‍ പണമയക്കുന്നവരെ അക്കൗണ്ടുടമകളുടെ ശാഖയുടെ പുതിയ കോഡ് അറിയിക്കേണ്ടി വരും. മാത്രമല്ല മറ്റൊരാള്‍ക്ക് നല്‍കിയിട്ടുള്ള സിന്‍ഡിക്കേറ്റ് ബാങ്ക് ചെക്കുകള്‍ ബാങ്കില്‍ ഹാജരാക്കി പണമാക്കാനുളള അന്തിമ തീയതി ജൂണ്‍ 30 ന് അവസാനിക്കുകയും ചെയ്യും.
canarabank.com/IFSC.html എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ തൊട്ടടുത്ത കാനറാ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടോ പുതിയ ഐ എഫ് എസ് സി സ്വന്തമാക്കാം. 2019 ലാണ് പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കില്‍ ലയിച്ചത്. 2020 ഏപ്രില്‍ ഒന്നിന് ലയനം പ്രാബല്യത്തില്‍ വന്നെങ്കിലും പൂര്‍ണ മാറ്റത്തിലേക്കു പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു.
English Summary : Canara-Syndicate Bank Merger will Complete on July 1st