ഭവന വായ്പയുടെ തിരിച്ചടവ് കാലം അഞ്ച് വര്‍ഷം കുറഞ്ഞാല്‍ ലാഭിക്കാം അഞ്ച് ലക്ഷം രൂപ!
Mail This Article
ഭവന വായ്പ ദീര്‍ഘകാല ബാധ്യതയായാണ് കണക്കാക്കുന്നത്. എന്നാലിപ്പോൾ ഇത്തരം ദീർഘകാല ബാധ്യതയൊന്നും ചെറുപ്പക്കാർക്ക് താൽപ്പര്യമില്ല, ഹ്രസ്വകാലത്തിൽ ബാധ്യത അവസാനിപ്പിക്കുന്ന പ്രവണത കൂടി വരുന്നു. പലിശ നിരക്ക് കുറഞ്ഞ് നില്‍ക്കുന്ന അവസരത്തില്‍ ഈ സാഹചര്യം മുതലാക്കി ദീര്‍ഘകാല ബാധ്യത ഒഴിവാക്കുകയാണ് 'മില്ലെനിയല്‍സ്'. വായ്പാ കാലാവധി 10 വര്‍ഷമായി പരിമിതപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയും.
പ്രോപ്പര്‍ട്ടി സൈറ്റായ മാജിക് ബ്രിക് നടത്തിയ പഠനത്തില്‍ 26 ശതമാനം പേരും വായ്പാ ബാധ്യത 10 വര്‍ഷത്തില്‍ കൂടുതല്‍ കൊണ്ട് നടക്കാൻ താത്പര്യം കാണിച്ചില്ല. 25 ശതമാനം പേര്‍ 15 വര്‍ഷം വരെയും 23 ശതമാനം പേര്‍ 20 വര്‍ഷം വരെയും വായ്പ തിരിച്ചടവ് കാലാവധി നീട്ടുന്നതിനെ അനുകൂലിച്ചപ്പോള്‍ 25 വര്‍ഷത്തിന് മേലേ തിരിച്ചടവ് കാലാവധി തിരഞ്ഞെടുത്തവര്‍ 16 ശതമാനം മാത്രമാണ്.
കുറഞ്ഞ പലിശ
പലിശ നിരക്കിലെ കുറവാണ് ഈ പ്രവണതയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെട്ടെന്ന് തിരിച്ചടവ് പൂര്‍ത്തിയാകുന്നത് വലിയ സാമ്പത്തിക ലാഭം ഉപഭോക്താവിന് നല്‍കും. തിരിച്ചടവ് കാലാവധി 10 വര്‍ഷം കുറയുന്നത് വായ്പാ തുക അനുസരിച്ച് ലക്ഷങ്ങളുടെ ആദായമാണ് നല്‍കുക.
അഞ്ച് വര്‍ഷത്തിന് അഞ്ച് ലക്ഷം ലാഭം
ഉദാഹരണത്തിന് 25,00,000 രൂപ 6.75 ശതമാനം പലിശ നിരക്കില്‍ എടുത്താല്‍ 20 വര്‍ഷം കൊണ്ട് ആകെ 45,62183 രൂപ അടയ്‌ക്കേണ്ടി വരും. ഇതില്‍ 20,62,183 രൂപ പലിശയാണ്. 15 വര്‍ഷത്തേയ്ക്കാണ് വായ്പയെങ്കില്‍ 39,82,092 രൂപയാകും ആകെ അടയ്‌ക്കേണ്ടത്. ഇവിടെ പലിശ 14,82,092 ആയി കുറയും. അതേസമയം 10 വര്‍ഷമാണ് കാലാവധിയെങ്കില്‍ ആകെ തിരിച്ചടയ്‌ക്കേണ്ട തുക 34,44,723 രൂപയാണ്. പലിശയാകട്ടെ 944723 രൂപയും. അതുകൊണ്ട് പുതിയ ഭവന വായ്പയെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കില്‍, കോവിഡില്‍ വരുമാന നഷ്ടം ഉണ്ടാകാത്തവരാണെങ്കില്‍ നിലവിലുള്ള ചുരുങ്ങിയ പലിശ നിരക്കിനെ ഇങ്ങനെ അനുകൂലമാക്കി മാറ്റാവുന്നതാണ്.
കോവിഡ് എല്ലാ മേഖലയിലും ജീവനക്കാര്‍ക്ക് വരുമാന നഷ്ടമുണ്ടാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍-അര്‍ദ്ധസർക്കാര്‍ സ്ഥാപനങ്ങളിലെ ജോലിക്കാര്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, കോര്‍പ്പറേറ്റ് മേഖലയിലുള്ളവര്‍, ഇങ്ങനെ കോവിഡില്‍ വരുമാനനഷ്ടമുണ്ടാകാത്തവര്‍ക്ക് പലിശ നിരക്കിലെ കുറവ് ഇങ്ങനെ ആദായപ്പെടുത്താം.
English Summary: Reduce Your Home Loan Repayment Period to Get Benefits