ADVERTISEMENT

നിങ്ങൾ ഇലോൺ മസ്ക് നയിക്കുന്ന ടെസ്‌ല മോട്ടോഴ്സ് എന്ന അമേരിക്കൻ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്, എല്ലാ മാസവും കൃത്യമായി ശമ്പളം ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നു. പക്ഷെ അടുത്ത മാസത്തെ ശമ്പളത്തിന് ടെസ്‌ല പുതിയൊരു ഓഫർ നൽകുന്നു - ശമ്പളം അക്കൗണ്ടിൽ പണമായി നൽകുന്നതിനു പകരം തുല്യ മൂല്യമുള്ള ടെസ്‌ല ഓഹരികൾ നൽകാം

ഓഫർ നിങ്ങൾ സ്വീകരിക്കുമോ?

1000 ഡോളറാണ് ശമ്പളം, ശമ്പളദിവസത്തെ ടെസ്‌ല ഓഹരിയുടെ അവസാന വില (closing price) 100 ഡോളറാണ്. അങ്ങനെ 10 ഓഹരികൾ നിങ്ങൾക്ക് ശമ്പളമായി ലഭിക്കുന്നു; ഓഹരി വിപണിയുടെ വ്യാപാര സമയത്തിനു ശേഷം. അന്നത്തെ ആവശ്യത്തിനുള്ള ഡോളർ നിങ്ങളുടെ കയ്യിലുണ്ട്. അടുത്ത ദിവസം മുതലുള്ള ആവശ്യങ്ങൾക്ക് ഓഹരികൾ ഡോളറാക്കി മാറ്റിയാൽ മതി

അടുത്ത ദിവസം ഓഹരി വിപണി തുറക്കുന്നു. ടെസ് ലയുടെ ആരംഭ വില (opening price) 98 ഡോളറാണ്, പിന്നീട് 95ന്റെയും 105ന്റെയും ഇടയ്ക്ക് വ്യാപാരം നടക്കുന്നു, 97ൽ വ്യാപാരം അവസാനിക്കുന്നു. 98 എന്ന പ്രാരംഭ വില കണ്ടു പേടിച്ച നിങ്ങൾ 10 ഓഹരികൾ അടുത്ത നിമിഷം 97 നു വിൽക്കുന്നു, 970 ഡോളർ ലഭിക്കുന്നു - 3% നഷ്ടം

ഓഹരിവിപണിയെക്കുറിച്ച് അറിയുന്നവരാരും ഇത്തരം ഒരോഫർ സ്വീകരിക്കാൻ സാധ്യതയില്ല. ഇപ്പറഞ്ഞത് നിരസിക്കാവുന്ന ഓഫറിനു പകരം നിർബന്ധമായ ഒരു നിയമമായി വന്നാലോ?

ആദ്യ ഖണ്ഡികയിലെ അമേരിക്കൻ കമ്പനിയായ ടെസ്‌ല മോട്ടോഴ്സ് എന്നത് എൽസാൽവഡോർ എന്നും ടെസ്‌ല ഓഹരികൾ എന്നത് ബിറ്റ്‌കോയിൻ എന്നും ഓഫർ എന്നത് നിയമമെന്നും തിരുത്തിവായിച്ചു നോക്കൂ - അത് എൽസാൽവഡോറിലെ ഇപ്പോഴത്തെ യാഥാർഥ്യമാണ്

BC

എൽസാൽവഡോറിലെ ബിറ്റ്‌കോയിൻ

2021 സെപ്റ്റംബർ 7 മുതൽ ബിറ്റ്‌കോയിൻ എൽസാൽവഡോറിലെ ലീഗൽ ടെൻഡറാണ് (legal tender). ഓർമയില്ലേ 2016 നവംബർ 8ന് രാത്രി 8 മണിക്ക് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് - "ഇന്നുരാത്രി 12 മണി മുതൽ 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ ലീഗൽ ടെൻഡർ ആയിരിക്കില്ല"

പണമായി നമുക്ക് ലഭിക്കേണ്ട എന്തും, പണമായി നമ്മൾ കൊടുക്കാൻ ബാധ്യസ്ഥമായ എന്തും - ഇവ രണ്ടും നമുക്ക് ലീഗൽ ടെൻഡർ ആയി സ്വീകരിക്കാനും കൊടുക്കാനും കഴിയും. മാത്രമല്ല ലീഗൽ ടെൻഡർ ആയി ഒരു രാജ്യം അംഗീകരിച്ച കറൻസിയിലൂടെ ഒരു ബാധ്യത തീർക്കുമ്പോൾ അത് സ്വീകർത്താവിന് നിരസിക്കാൻ സാധ്യമല്ല.

ഉദാഹരണത്തിന് നിങ്ങൾ എൽസാൽവഡോറിൽ ആണെങ്കിൽ സുഹൃത്തിന് പലിശയില്ലാതെ നിങ്ങൾ കടം കൊടുത്ത 48,000 അമേരിക്കൻ ഡോളർ അദ്ദേഹം 1 ബിറ്റ്‌കോയിൻ ആയി തിരിച്ചു തന്നാൽ നിങ്ങൾ സ്വീകരിച്ചേ പറ്റൂ - കാരണം അവിടെയത് ലീഗൽ ടെൻഡർ ആണ്. അമേരിക്കൻ ഡോളറിൽത്തന്നെ തിരികെ വേണമെന്ന് ശഠിക്കാനാകില്ല.

ബിറ്റ്കോയിനും നിഫ്റ്റിയും: ചില താരതമ്യങ്ങൾ

ഈ പരീക്ഷണം തുടങ്ങിയതിനുശേഷമുള്ള മൂന്നു മാസത്തെ (സെപ്റ്റംബർ 7 മുതൽ ഡിസംബർ 6 വരെ) ചില കണക്കുകൾ നോക്കാം

ബിറ്റ്‌കോയിൻ സെപ്റ്റംബർ 7ന്  52740 ഡോളറും, മൂന്നു മാസത്തെ കുറഞ്ഞ വില ആ മാസം 22ലെ 40387ഡോളറും, കൂടിയ വില നവംബർ 21ലെ 67617ഡോളറും, ഡിസംബർ 6ന് 49268 ഡോളറുമായിരുന്നു.

അതായത് 15 ദിവസം കൊണ്ട് കുറഞ്ഞ വിലയിലെത്തി (23% ഇടിവ്), പിന്നെ ഒന്നരമാസം കൊണ്ട് കൂടിയ വിലയിലെത്തി (67% വർദ്ധനവ്), പിന്നീടുള്ള ഒരു മാസം കൊണ്ട് 27% വീണ്ടും ഇടിവ്!

അതേ സമയം എൻഎസ്ഇ നിഫ്റ്റി ഓഹരി സൂചിക സെപ്തംബർ 7ന് 17362 പോയിന്റും, നവംബർ 22ന് 18477 പോയിന്റും, ഡിസംബർ 6ന് 16912 പോയിന്റുമായിരുന്നു

ഇത് എൻഎസ്ഇ നിഫ്റ്റി ഓഹരി സൂചികയുടെ ഇതേ കാലയളവിലെ കൂടിയ/കുറഞ്ഞ വിലയാണ് - 40 ദിവസം കൊണ്ട് കൂടിയ വിലയിലെത്തി (6.42% വർദ്ധനവ്), പിന്നെ 48 ദിവസം കൊണ്ട് കുറഞ്ഞ വിലയിലെത്തി (8.47% ഇടിവ്)

ഇനി ഇവ രണ്ടിന്റെയും വില സെപ്തംബര്‍ 7 ന് 100 രൂപ എന്നു കരുതുക: 100 രൂപയുടെ ബിറ്റ്‌കോയിൻ ആദ്യം 77ലേക്ക് താഴുന്നു, പിന്നെ 128ലേക്ക് ഉയരുന്നു, വീണ്ടും 93 ലേക്ക് താഴുന്നു. 100 രൂപയുടെ നിഫ്റ്റിയാകട്ടെ ആദ്യം 106 ലേക്ക് ഉയരുന്നു, പിന്നെ 97ലേക്ക് താഴുന്നു. അതായത് സുസ്ഥിരമാകേണ്ട ബിറ്റ്‌കോയിൻ എന്ന "കറൻസി" യുടെ ചാഞ്ചാട്ടം എത്ര കനത്തതാണെന്ന് നോക്കൂ. ചൂതുകളി സമാനമെന്ന് ആക്ഷേപം കേൾക്കുന്ന ഓഹരി വിപണിയുടെയോ? പത്തിലൊന്നിൽ താഴെ മാത്രം!

Up

ഔദ്യോഗിക കറൻസിയും ക്രിപ്റ്റോകറൻസികളും

രാഷ്ട്രങ്ങളുടെ ഔദ്യോഗിക കറൻസിയുടെ ലഭ്യത അവിടത്തെ കേന്ദ്രബാങ്കുകൾ വൻതോതിൽ വർധിപ്പിക്കുമ്പോൾ വിലക്കയറ്റം, അമിതവിലക്കയറ്റം (inflation and hyperinflation) എന്നിവയുണ്ടാകുന്നു. മാത്രമല്ല ഔദ്യോഗിക കറൻസി/പേയ്മെന്റ് സംവിധാനം എന്നിവ പലവിധ നിയന്ത്രണങ്ങൾക്കും വിധേയമാണ് - ഉദാഹരണത്തിന് അന്താരാഷ്‌ട്ര കൈമാറ്റങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, ബാങ്ക് അക്കൗണ്ടുകൾക്ക് നിർബന്ധമായ തിരിച്ചറിയൽ രേഖകൾ, എന്നിങ്ങനെ.

ഇത്തരം പ്രശ്നങ്ങൾക്കും നിബന്ധനകൾക്കും പരിഹാരമായി അവതരിപ്പിക്കപ്പെട്ടതാണ് സ്വകാര്യ സാങ്കൽപ്പിക കറൻസികൾ (private virtual currency). ഇവയിൽ ഏറ്റവും പ്രമുഖവിഭാഗമാണ് ക്രിപ്റ്റോകറൻസികൾ

ഗൂഢാക്ഷരവിദ്യ (cryptography) അധിഷ്ഠിതമായി ഖനനം (mining) എന്ന പ്രക്രിയയിലൂടെയാണ് ബിറ്റ്‌കോയിൻ പുറത്തിറക്കപ്പെടുന്നത്. ഇതു ചെയ്യുന്നത് ഒരുപാടുപേരുടെ വികേന്ദ്രീകൃതമായ ഒരു കൂട്ടായ്മയാണ് - ഒരാൾക്കോ ഒരു ന്യുനപക്ഷത്തിനോ ഈ പ്രക്രിയക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല.

മാത്രമല്ല, പുറത്തിറങ്ങുന്ന ബിറ്റ്‌കോയിന്റെ എണ്ണത്തിന് ഒരു പരിധിയുണ്ട് - രണ്ടുകോടി പത്തുലക്ഷം. അത് ബിറ്റ്‌കോയിന്റെ എല്ലാകാലത്തേക്കുമുള്ള പരിധിയാണ്. ഇത്രയും ശാസ്ത്രീയമായ (?) കറൻസിയുടെ മൂന്നേമൂന്ന് മാസത്തെ ചാഞ്ചാട്ടമാണ് മുകളിൽ കണ്ടത്!

ബിറ്റ്‌കോയിൻ നിലനിൽക്കുന്നത് എണ്ണമറ്റ കംപ്യൂട്ടറുകളിലായി ലോകമാകമാനം പരന്നുകിടക്കുന്ന ബ്ലോക്ക്ചെയിൻ ലെഡ്ജറിലാണ്. അതിനാൽ രാഷ്ട്രാതിർത്തികളോ രാജ്യാന്തര കൈമാറ്റത്തിന് ഔദ്യോഗിക കറൻസികൾക്കുള്ള നിയന്ത്രണങ്ങളോ ബിറ്റ്‌കോയിന് ബാധകമല്ല

ബിറ്റ്‌കോയിൻ സൂക്ഷിക്കാനുള്ള വാലറ്റ് (ബാങ്ക് അക്കൗണ്ടുപോലെ) തുടങ്ങാൻ തിരിച്ചറിയൽ രേഖയും ആവശ്യമില്ല - സമൂഹമാധ്യമ/ഇമെയിൽ അക്കൗണ്ടുകൾക്കുള്ള യൂസർനെയിം സമാനമായ സാങ്കൽപ്പിക മേൽവിലാസം (virtual address) കൊണ്ടാണ് വാലറ്റുകളെ തിരിച്ചറിയുന്നത്. പക്ഷെ ഈ സ്വകാര്യതയും സാർവദേശീയതയും കൂടുതലും ഉപകാരപ്പെടുന്നത് ദേശീയ/അന്തർദേശീയ കുറ്റവാളികൾക്കും നിയമ ലംഘകർക്കുമാണ്.

ഇലോൺ മസ്ക്
ഇലോൺ മസ്ക്

ഇലോൺ മസ്ക് – ക്രിപ്റ്റോ ലോകത്തെ മാന്ത്രികൻ

തുടക്കത്തിലെ ഉദാഹരണത്തിൽ ഇലോൺ മസ്ക് കയറിവന്നത് യാദൃഛികമായല്ല. ഇനിയുള്ള കാലം ക്രിപ്റ്റോകറൻസികളുടേതെന്നു ഉറച്ചുവിശ്വസിക്കുന്ന ഒരാളാണദ്ദേഹം.

ക്രിപ്റ്റോ ലോകത്തെ മാന്ത്രികനാണ് മസ്ക്, അവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ട്വിറ്റർ സന്ദേശങ്ങൾ മാന്ത്രികവടിയും. ഒരിക്കൽ തന്റെ ട്വിറ്റർ പ്രൊഫൈലിൽ ബിറ്റ്‌കോയിന്റെ എംബ്ലം ചേർത്തപ്പോൾ ബിറ്റ്‌കോയിന്റെ വിലയിൽ വൻ വർധനയാണുണ്ടായത്. ഡോജ്കോയിൻ എന്ന മറ്റൊരു ക്രിപ്റ്റോ കറൻസിയുടെ വിലയും മസ്‌കിന്റെ ഒറ്റ ട്വീറ്റിലൂടെ ഉയർന്നിരുന്നു.

ഇതുകണ്ട് അമ്പരന്നവരിലൊരാൾ ജാക്സൺ പാമർ ആയിരുന്നു - അദ്ദേഹം ഒരു സുഹൃത്തുമായിച്ചേർന്ന് ഒരു നേരമ്പോക്കിനുവേണ്ടി മാത്രം സൃഷ്ടിച്ചതായിരുന്നു ഡോജ്കോയിൻ.

ഓർക്കുക, "ആരാലും നിയന്ത്രിക്കപ്പെടാത്ത വികേന്ദ്രീകൃത കറൻസി" യുടെ വിലയാണ് ലോകത്തെ അതിസമ്പന്നരിലൊരാളുടെ ട്വിറ്റർ സന്ദേശം കൊണ്ട് മാത്രം മാറിമറയുന്നത്!!

ഈ പോരായ്മക്കു മറുപടിയായി ബിറ്റ്‌കോയിൻ വക്താക്കൾ പറയുന്ന വാദം ഇതാണ് - ബിറ്റ്‌കോയിൻ കൂടുതൽ രാജ്യങ്ങളിലെ ആളുകളും സ്ഥാപനങ്ങളും ഏറ്റെടുക്കുമ്പോൾ മൂല്യ സ്ഥിരത കൈവരും.

ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങളുടെ എണ്ണം 193 മാത്രമാണ്. ഓരോ രാജ്യത്തും ഓരോ കറൻസിയെങ്കിൽ 193 എണ്ണമുണ്ടാകും. യൂറോ പോലെ പല രാജ്യങ്ങൾ ഉപയോഗിക്കുന്ന കറൻസിയും ഉണ്ട്.

BC1

6000ൽപ്പരം ക്രിപ്റ്റോകറൻസികൾ!

അതേ ലോകത്താകമാനം 6000ൽപ്പരം ക്രിപ്റ്റോകറൻസിയാണുള്ളത്! പുതിയവ വന്നുകൊണ്ടേയിരിക്കുന്നു, കൂടുതൽ മെച്ചപ്പെട്ട പ്രോട്ടോകോളുമായി. ഇവയിലൊന്നിനു പോലും ഒരു രാഷ്ട്രത്തിന്റെയോ സർക്കാരിന്റെയോ പിൻബലമോ മേൽനോട്ടമോ ഇല്ല. എങ്കിൽ എന്തുറപ്പാണ് ഇവയുടെ മൂല്യത്തിനുള്ളത്. മാത്രമല്ല, ഈ ആറായിരത്തിൽ ഒന്നു മാത്രമായ ബിറ്റ്‌കോയിൻ ഒരു ആഗോള കറൻസിയാകാൻ എത്രത്തോളം സാധ്യതയുണ്ട്?

ബിറ്റ്‌കോയിനിൽ ശമ്പളം ലഭിക്കുന്ന ഒരു എൽസാൽവഡോർ പൗരന്റെ സാമ്പത്തിക ഇടപാടുകൾ ഒന്ന് സങ്കല്പിച്ചു നോക്കു - ബിറ്റ്‌കോയിൻ വികേന്ദ്രീകൃതമാണ്, ആരുടേയും മേൽനോട്ടമോ നിയന്ത്രണമോ ഇല്ല. 24 മണിക്കൂറും പല വിലകളിൽ ബിറ്റ്‌കോയിൻ കൈമാറ്റം ചെയ്യപ്പെടുന്നു, അഥവാ 24 മണിക്കൂറും മൂല്യത്തിൽ മാറ്റം വരുന്നു. അതായത് എല്ലാ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടെയും വില നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.

അവിടത്തെ ഒരു പൗരന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകൾ തന്നെ ഊഹക്കച്ചവട (speculative trading) സമാനമാണ് - ഒരേ ടീ ഷർട്ട് രാവിലെത്തെ വിലക്കായിരിക്കില്ല വൈകുന്നേരം ലഭിക്കുന്നത്. മാത്രമല്ല ഇടക്കെപ്പോഴെങ്കിലും ബിറ്റ്‌കോയിന്റെ മൂല്യം വർധിക്കുമ്പോൾ അതുപയോഗിച്ച് കിട്ടാവുന്നിടത്തോളം ഉൽപന്നങ്ങൾ (മൂല്യം താഴുന്നതിനുമുൻപ്) വാങ്ങിക്കൂട്ടാൻ കടകളിലേക്കും ഓൺലൈൻ സൈറ്റുകളിലേക്കും ആളുകൾ ഓടിയെത്തില്ലേ - ചാകരയുണ്ടെന്നു കേൾക്കുമ്പോൾ ഓടിയെത്തുന്നതുപോലെ!

ഇനി കച്ചവടക്കാരനെപ്പറ്റി ചിന്തിച്ചു നോക്കു - ലാഭം ഉറപ്പില്ലാത്ത, വില സ്ഥിരതയില്ലാത്ത ഒരേർപ്പാടിനു എത്ര പേർ തയ്യാറാകും

ബിറ്റ്‌കോയിനു മുൻപ് ഏതായിരുന്നു എൽസാൽവഡോറിലെ കറൻസി? 2001 മുതൽ അമേരിക്കൻ ഡോളറാണ്, അതിപ്പോഴും കറൻസിയായി തുടരുന്നു. ബിറ്റ്‌കോയിൻ രണ്ടാമത്തെ കറൻസിയാണ്.

ഈ മൂന്നു മാസത്തിൽ അവിടത്തെ ബിറ്റ്‌കോയിന്റെ ഉപയോഗം പൊതുവെ കുറവാണ്. ഡിജിറ്റൽ കറൻസിയായതുകൊണ്ടു നോട്ട് കൈമാറ്റം സാധ്യമല്ല, മൊബൈൽ/ലാപ്ടോപ്പ് വഴിയേ ഇടപാടുകൾ നടക്കൂ. അതിനാൽ പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നു. ഇതിനെതിരേ പ്രതിഷേധങ്ങളും നടന്നിരുന്നു. ലീഗൽ ടെൻഡർ ആണെങ്കിലും കൂടുതൽ സ്ഥാപനങ്ങളും ബിറ്റ്‌കോയിൻ പേയ്‌മെന്റുകൾ സ്വീകരിക്കാത്തവരാണ്.

പക്ഷേ അവിടത്തെ നാല്പതുകാരനായ പ്രസിഡന്റ് ഇതൊന്നും പോരാഞ്ഞ് ലോകത്തെ ആദ്യത്തെ ബിറ്റ്‌കോയിൻ നഗരം പണിയാനുള്ള പുറപ്പാടിലാണ്. ഈ പരീക്ഷണം എവിടെയെത്തുമെന്നു കാത്തിരുന്നു കാണാം

ലേഖകൻ ഫിനാൻസ് – ബാങ്കിങ് ഫാക്കൽറ്റിയാണ്. അഭിപ്രയങ്ങൾ വ്യക്തിപരം

English Summary : Bitcoin is a Legal Tender in El Salvador  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com