ADVERTISEMENT

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ജനുവരി മുതല്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും അധികമായി ചാര്‍ജ് നല്‍കേണ്ടി വരും. ജനുവരി 1 മുതല്‍ സൗജന്യ പരിധി തീര്‍ന്നതിന് ശേഷം പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്ന് നിരക്ക് ഈടാക്കും. അതായത്, അടുത്തമാസം മുതല്‍ ഐപിപിബി ഉപഭോക്താക്കള്‍ 10,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതിന് ചാര്‍ജ് നല്‍കേണ്ടിവരും.

ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിലെ അടിസ്ഥാന സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് എല്ലാ മാസവും 4 തവണ പണം പിന്‍വലിക്കല്‍ സൗജന്യമായിരിക്കും. എന്നാല്‍ ഇതിനുശേഷം, പണം പിന്‍വലിക്കുമ്പോഴെല്ലാം, ഉപഭോക്താക്കള്‍ ഇടപാട് മൂല്യത്തിന്റെ 0.50 ശതമാനം ചാര്‍ജ് നല്‍കേണ്ടിവരും, ഇത് കുറഞ്ഞത് 25 രൂപയായിരിക്കും. അടിസ്ഥാന സേവിങ്്‌സ് ബാങ്ക് അക്കൗണ്ടില്‍ എത്ര തുക നിക്ഷേപിക്കുന്നതിനും ചാര്‍ജ് ഈടാക്കില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

ഇട്ടാലും എടുത്താലും ഫീസ്

അടിസ്ഥാന സേവിങ്‌സ് അക്കൗണ്ടിന് പുറമെയുള്ള മറ്റ് സേവിങ്‌സ് അക്കൗണ്ടിലും കറന്റ് അക്കൗണ്ടിലും 10,000 രൂപ വരെ നിക്ഷേപിക്കുന്നതിന് ഫീസൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ ഉപഭോക്താക്കള്‍ 10,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുകയാണെങ്കില്‍, മൂല്യത്തിന്റെ  0.50% വീതം ചാര്‍ജ് ഈടാക്കും, ഇത് ഒരു ഇടപാടിന് കുറഞ്ഞത് 25 രൂപയായിരിക്കും. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളില്‍ പ്രതിമാസം 25,000 രൂപ വരെ പണം പിന്‍വലിക്കല്‍ സൗജന്യമായിരിക്കും, അതിനുശേഷം ഓരോ ഇടപാടിനും മൂല്യത്തിന്റെ 0.50% വീതം ഈടാക്കും.

ബാധകമായ നിരക്കുകളില്‍ ഈടാക്കുന്ന ജിഎസ്ടി അല്ലെങ്കില്‍ സെസ് എന്നിവ കണക്കിലെടുത്ത ശേഷമായിരിക്കും യഥാര്‍ത്ഥ ഫീസ് കണക്കാക്കുക.

നേരത്തെ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഡോര്‍സ്‌റ്റെപ് ബാങ്കിങ് നിരക്കുകളിലും മാറ്റം വരുത്തിയിരുന്നു. ഓരോ ഉപഭോക്താവിന്റെയും ഓരോ സേവന അപേക്ഷയ്ക്കും 20 രൂപ വീതമാണിത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വന്നു.

2021 ജൂലൈ 1 മുതല്‍, അക്കൗണ്ട് ബാലന്‍സിന് അനുസരിച്ച് സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കിലും മാറ്റം വരുത്തിയിരുന്നു. ഒരു ലക്ഷം രൂപ വരെയുള്ള അക്കൗണ്ടിലെ ബാലന്‍സിന് പ്രതിവര്‍ഷം 2.5 ശതമാനമായാണ് പലിശ നിരക്ക് പുതുക്കിയത്. അതേസമയം 1 ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള തുകയുടെ പലിശ നിരക്കിന് മാറ്റമില്ല, അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിവര്‍ഷം 2.75 ശതമാനം പലിശ ലഭിക്കും.

English Summary : IPPB Transactions Become Costier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com