ADVERTISEMENT

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്‌സ് ബാങ്ക് (ഐപിപിബി) സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തി. ഇത്തവണ സേവിങ്‌സ് അക്കൗണ്ടുകളുടെ  പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ്‌സിന്റെ കുറവാണ് ബാങ്ക് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍  പ്രാബല്യത്തില്‍ വന്നു. ഈ മാസം മുതല്‍ സേവിങ്‌സ് അക്കൗണ്ടിലെ ഒരു ലക്ഷം രൂപ വരെയുള്ള ബാലന്‍സുകള്‍ക്ക് 2.25 ശതമാനം പലിശ ലഭിക്കും. അതേസമയം, ഒരു ലക്ഷം രൂപയ്ക്കും രണ്ട് ലക്ഷം രൂപയ്ക്കുമിടയിലുള്ള ബാലന്‍സുകള്‍ക്ക് 2.50 ശതമാനമായിരിക്കും പുതിയ പലിശയെന്ന് ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നു. നിരക്ക് പരിഷ്‌കരിക്കുന്നതിന് മുമ്പ്, ഒരു ലക്ഷം രൂപ വരെയുള്ള ബാലന്‍സുകള്‍ക്ക് 2.50 ശതമാനവും ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാലന്‍സുകള്‍ക്ക് 2.75 ശതമാനവും പലിശ നിരക്കാണ്  ബാങ്ക് ലഭ്യമാക്കിയിരുന്നത്. ഉപഭോക്താക്കള്‍ക്ക് ഐപിപിബി ത്രൈമാസാടിസ്ഥാനത്തില്‍ ആണ് പലിശ ലഭ്യമാക്കുന്നത്.

ബാങ്കിങ് രംഗത്ത് ഈ മാസം മുതലുള്ള മറ്റ് പ്രധാന  മാറ്റങ്ങള്‍:

സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുന്ന മറ്റ് ചില മാറ്റങ്ങള്‍ കൂടി ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

എസ്ബിഐ ഐഎംപിഎസ് ഇടപാട് നിരക്കുകള്‍

എസ്ബിഐ ഐഎംപിഎസ് വഴിയുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി.  2 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ഈ മാസം മുതല്‍ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് പകരം അഞ്ച് ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ്  ഇടപാടുകള്‍ നടത്താം. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യോനോ എന്നിവ വഴി  ഡിജിറ്റലായി ചെയ്യുന്ന 5 ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് സേവന ചാര്‍ജുകളൊന്നും ഈടാക്കില്ലെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

അതേസമയം, 1,000 രൂപ മുതല്‍  5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ബാങ്ക് ശാഖകള്‍ വഴി ഓഫ് ലൈന്‍ മോഡില്‍ നടത്തുകയാണെങ്കില്‍, ബാധകമായ ജിഎസ്ടിയ്ക്കൊപ്പം സേവന നിരക്കും ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു.  

പിഎന്‍ബി മിനിമം ബാലന്‍സ് നിയമം

2022 ഫെബ്രുവരി 1 മുതല്‍, അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ഇഎംഐ അല്ലെങ്കില്‍ മറ്റ് തവണകള്‍ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി)  250 രൂപ പിഴ ചുമത്തും. മുമ്പ് പിഎന്‍ബി 100 രൂപയായിരുന്നു പിഴ ഇടാക്കിയിരുന്നത്.

ബാങ്ക് ഓഫ് ബറോഡ പോസിറ്റീവ് പേ

ഫെബ്രുവരി1 മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ ചെക്ക് പേയ്മെന്റ് നിയമങ്ങളില്‍ മാറ്റം വന്നു. ബാങ്ക് ഓഫ് ബറോഡയുടെ ചെക്ക് വഴിയുള്ള പേയ്മെന്റുകള്‍ക്ക് പോസിറ്റീവ് പേയ്മെന്റ് സ്ഥിരീകരണം നിര്‍ബന്ധമാക്കി. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്ക് ഇടപാടുകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ.

English Summary : Major Chnges in Banking Sector from February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com