ചെക്കുകൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ പോസിറ്റീവ് പേ നിർബന്ധം
Mail This Article
5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്ക് അടുത്ത ഒന്നാം തിയതി മുതൽ പല ബാങ്കുകളും പോസിറ്റീവ് പേ (Positive pay) നിർബന്ധമാക്കുന്നു. പോസിറ്റീവ് പേ സ്ഥിരീകരണം നൽകാത്ത ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കില്ല.
എന്താണ് പോസിറ്റീവ് പേ?
പോസിറ്റീവ് പേ എന്നത് ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ്. ചെക്ക് നൽകുന്ന സമയത്ത് അക്കൗണ്ട് ഉടമ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ഒത്തുനോക്കി സ്ഥിരീകരിച്ചു ബാങ്ക് ഇടപാടുകൾ നടത്തുന്ന രീതിയാണിത്. പേയ്‌മെന്റ് പ്രോസസിങ് സമയത്ത് ഹാജരാക്കിയ ചെക്ക് ഉപയോഗിച്ച് വിവരങ്ങൾ ക്രോസ്-ചെക്ക് ചെയ്യും.
ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങൾ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുൻവശത്തും മറുവശത്തും എഴുതി കൊടുക്കണം.
ചെക്ക് നമ്പർ, ചെക്ക് തീയതി, പണം സ്വീകരിക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക മുതലായവ നൽകി പോസിറ്റീവ് പേ സംവിധാനം പൂർത്തിയാക്കാൻ നെറ്റ് ബാങ്കിങിലോ ബാങ്കിങ് ആപ്പിലോ ലോഗിൻ ചെയ്യാം. പോസിറ്റീവ് പേ സംവിധാനംവഴി ചെക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാൻ ബാങ്കുകൾക്ക് സാധിക്കും. ചെക്ക് തട്ടിപ്പുകൾ തടയാനും പോസിറ്റീവ് പേ ലക്ഷ്യമിടുന്നു.
എസ് ബി ഐയിൽ പോസിറ്റീവ് പേ എങ്ങനെ ചെയ്യാം?
നിർദ്ദിഷ്ട ഫോർമാറ്റിൽ ഒരു അപേക്ഷ സമർപ്പിച്ചുകൊണ്ട് ഏതെങ്കിലും ശാഖകൾ മുഖേന പോസിറ്റീവ് പേ സിസ്റ്റത്തിനായി ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. റീട്ടെയിൽ ഇന്റർനെറ്റ് ബാങ്കിങ്, കോർപ്പറേറ്റ് ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യോനോ (YONO) മൊബൈൽ ആപ്പ് തുടങ്ങിയ ചാനലുകൾ വഴിയും റജിസ്ട്രേഷൻ നടത്താം.
English Summary : Positive Pay Cheque will be Compulsory from August First in Banks