മുതിർന്ന പൗരന്മാർക്ക് എസ് ബി ഐയുടെ അധിക നേട്ടത്തിന് ഇനിയും അവസരം
Mail This Article
മുതിർന്ന പൗരൻമാർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ലഭ്യമാക്കുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ അവസാന തീയതി വീണ്ടും നീട്ടി. ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം എസ്ബിഐ വി കെയർ എഫ്ഡി സ്കീമിന്റെ അവസാന തീയതി ഇപ്പോൾ 2023 മാർച്ച് 31 ആണ്. സെപ്റ്റംബർ 30ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി നൽകിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 0.30 ശതമാനം അധിക ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐ വി കെയർ. അഞ്ച് വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള റീട്ടെയിൽ ടേം നിക്ഷേപങ്ങളുടെ കാര്യത്തിൽ, മുതിർന്ന പൗരന്മാർക്ക് 0.80 ശതമാനം വരെ കൂടുതൽ പലിശ ലഭിക്കും. 2020 മെയ് മാസത്തിലാണ് എസ്ബിഐ വീ കെയർ എഫ്ഡി സ്കീം ആരംഭിച്ചത്. ടേം ഡെപ്പോസിറ്റിന് അധിക പലിശ വാഗ്ദാനം ചെയ്ത് മുതിർന്ന പൗരന്മാരുടെ വരുമാനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ പദ്ധതി ആരംഭിച്ചത്.
എസ്ബിഐ വീ കെയർ സ്കീമിന് കീഴിൽ ലഭിക്കുന്ന അധിക പലിശയുടെ ആനുകൂല്യം പുതിയ അക്കൗണ്ടുകൾ തുറക്കുമ്പോഴും നിക്ഷേപം പുതുക്കുമ്പോഴും ലഭിക്കും. എന്നാൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾ നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ അധിക പലിശയുടെ ആനുകൂല്യം നഷ്ടമാകും. കോവിഡ് പശ്ചാത്തലത്തിൽ ഈ സ്കീമിന്റെ ഭാഗമാകാൻ നിക്ഷേപകർക്ക് ബാങ്ക് നിരവധി തവണ സമയം നീട്ടി നൽകിയിരുന്നു.
English Summary : SBI V Care Joining Period Extended