ADVERTISEMENT

അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴുന്നു. ഇന്ന് രാവിലെത്തെ വ്യാപാരത്തിൽ രൂപ 40 പൈസ ഇടിഞ്ഞു 82 .28 ൽ എത്തിയെങ്കിൽ ഉച്ചയോടെ 82.37 ലേയ്ക്ക് വീണ്ടും താണു. 80 രൂപക്ക് മുകളിലേയ്ക്ക് ഇന്ത്യൻ രൂപ ഇടിയില്ലെന്ന പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം.

 

രൂപ, ഡോളർ (ഫയൽ ചിത്രം)
രൂപ, ഡോളർ (ഫയൽ ചിത്രം)

നിലവിലെ കണക്കുകൾ പ്രകാരം യു എസ് ഡോളർ സൂചിക (ഡോളർ ഇൻഡക്സ്) 20 വർഷത്തിലെ ഉയർന്ന നിരക്കിലാണ് ഡോളറിനെതിരെ രൂപയുടെ മാത്രമല്ല മറ്റ് പ്രധാന കറൻസികളുടെയും മൂല്യം കുത്തനെ ഇടിയുകയാണ് . യൂറോ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന വിലനിലവാരത്തിലെത്തി. 

 

സാധാരണ ഗതിയിൽ ഡിമാൻഡ്, സപ്ലൈ ഘടകങ്ങൾക്കനുസരിച്ചാണ് കറൻസി വിലകളിൽ മാറ്റമുണ്ടാകുന്നത്. പക്ഷേ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റ് ഘടകങ്ങളും കറൻസി വിലകളെ സ്വാധീനിക്കുന്നു. യുദ്ധം തുടരുന്നതും ആഗോള മാന്ദ്യവും മറ്റ് രാജ്യാന്തര സംഭവ വികാസങ്ങളും ഡോളറിനെ അതിശക്ത കറൻസിയായി മാറ്റുന്നു.

 

ഇന്ത്യയിലാകട്ടെ എണ്ണയുടേയും മറ്റ് സാധനങ്ങളുടെ ഇറക്കുമതിയും രൂപയെ സമ്മർദ്ദത്തിലാക്കുന്നു. വിദേശ സ്ഥാപക നിക്ഷേപകർ ഓഹരി വിപണിയിൽ വില്പനക്കാരാകുന്നതും പ്രശ്‍നം വഷളാക്കുന്നുണ്ട്. യുദ്ധം തുടരുന്നതും, ഒപെക് രാജ്യങ്ങളുടെ എണ്ണ വിലയിലും , ഉൽപ്പാദനത്തിലും എടുക്കുന്ന തീരുമാനങ്ങളും രൂപയെ വരും ദിവസങ്ങളിലും സ്വാധീനിക്കും.

 

അമേരിക്കയുടെ ഫെഡറൽ റിസർവ് മറ്റ് സെൻട്രൽ ബാങ്കുകളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ പലിശ ഉയർത്തുന്നത് ഡോളറിനെ ശക്തമാക്കുന്നു

വിദേശ നാണ്യ വിപണി 

 

വിദേശ വിപണിയിൽ ഡോളറാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. രാജ്യങ്ങളുടെ ഫോറെക്സ് വ്യാപാരത്തിന്റെ 90 ശതമാനവും ഡോളറിലാണ്.ലോകം മാന്ദ്യഭയത്തിലേക്ക് നീങ്ങുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഡോളറിൽ നിക്ഷേപം കുമിഞ്ഞുകൂടുന്നതും ഡോളറിനെ ശക്തിപ്പെടുത്തുന്നു. ക്രിപ്റ്റോ ഉദയം ചെയ്തപ്പോൾ ഡോളറിൻറെ ശക്തി ക്ഷയിക്കുമെന്ന് പറഞ്ഞവരെ ഇപ്പോൾ മഷിയിട്ടു നോക്കിയിയിട്ടുപോലും കാണാനില്ല. 

കരുതൽ ധന ശേഖരം 

 

indian-rupee-graph
source :ministry of information and broadcasting, govt.of India(July 2022)

രാജ്യങ്ങളുടെ കടത്തിൽ 40% ഡോളറിലാണ്. പല ലോക സർക്കാരുകളും തങ്ങളുടെ കരുതൽ ധന ശേഖരം ഡോളറിലാക്കിയിരിക്കുകയും ചെയ്യുന്നു. കൂടാതെ പല രാജ്യാന്തര കരാറുകളുടെയും ഇടനിലക്കാരൻ ഡോളറാണ്.2 019 ലെ കണക്കുകൾ പ്രകാരം സെൻട്രൽ ബാങ്കുകളുടെ കരുതൽ ധനശേഖരത്തിൽ 60 ശതമാനം വരെ ഡോളറാണ്.

 

പലിശ നിരക്ക്

 

അമേരിക്കയുടെ ഫെഡറൽ റിസർവ് മറ്റ് സെൻട്രൽ ബാങ്കുകളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ പലിശഉയർത്തുന്നതും ഡോളറിനെ ശക്തമാക്കുന്നു. 

 

സമ്പദ് വ്യവസ്ഥയുടെ ശക്തി

 

1944 ലെ ബ്രിട്ടൻ വുഡ് ഉടമ്പടി മുതൽ പടയോട്ടം തുടങ്ങിയ ഡോളറിനെ അത്ര പെട്ടെന്ന് ആർക്കും കീഴ്പ്പെടുത്താനാകില്ല. മറ്റ് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച്, അമേരിക്കയ്ക്കുള്ള ശക്തിയും, ഡോളറിനെ പിന്താങ്ങുന്നുണ്ട്. യുഎസ് ഡോളർ ലോകത്തിന്റെ കരുതൽ കറൻസിയായതിന്റെ കാരണം വ്യാപാര നിലവാരം മാത്രമല്ല. മറിച്ച് അമേരിക്കൻ ഓഹരി വിപണികളുടെ സുതാര്യതയും അതിന്റെധനനയത്തിന്റെ സ്ഥിരതയും കൂടിയാണ്.

ഡോളർ ശക്തി പ്രാപിക്കുമ്പോൾ മറ്റേത് രാജ്യങ്ങളെക്കാൾ കൂടുതൽ അമേരിക്കൻ ഉപഭോക്താക്കൾക്ക് ഇറക്കുമതി കൂടുതൽ സൗകര്യപ്രദമാകുന്നുണ്ട്. 

 

English Summary: Rupee hits fresh record low, crosses 82 mark vs US dollar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com