രൂപയുടെ മൂല്യമിടിയുമ്പോഴും പ്രവാസികൾക്ക് പ്രിയം വിദേശ നിക്ഷേപങ്ങളിൽ
Mail This Article
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയുമ്പോഴും രാജ്യത്തേയ്ക്ക് പണമയയ്ക്കുന്നതിൽ പ്രവാസികൾക്ക് വ്യഗ്രത കുറവെന്ന് സിഎസ്ബി ബാങ്കിന്‍റെ എസ്എംഇ, എന്‍ആര്‍ഐ ബാങ്കിങ് വിഭാഗം മേധാവി ശ്യാം മണി അഭിപ്രായപ്പെട്ടു.
പ്രവാസികൾക്ക് പ്രത്യേക നിരക്കുകള്‍
സിഎസ്ബി ബാങ്ക് ഉല്‍സവകാലത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രവാസി ഇടപാടുകാർക്കായുള്ള പ്രത്യേക നിരക്കുകള്‍ വിശദീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നടപ്പ് സാമ്പത്തിക വർഷം ഇതുവരെ ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 8–9 ശതമാനം ഇടിഞ്ഞിട്ടുണ്ട്. മൂല്യശോഷണത്തിന്റെ ഈ അവസരം മുതലെടുക്കുന്നതിനായി മുൻകാലങ്ങളിൽ വൻതോതിൽ തങ്ങൾ ജോലിചെയ്യുന്ന നാട്ടിൽ നിന്നുള്ള വിദേശനാണയം പ്രവാസികൾ ഇന്ത്യയിലേയ്ക്ക് അയയ്ക്കുമായിരുന്നു. എന്നാൽ ഈ സ്ഥിതി ഇപ്പോൾ മാറിയിട്ടുണ്ട്.
കൂടുതൽ വരുമാനം ലഭിക്കുന്ന മേഖലകള്‍
ഉദാഹരണത്തിന് ദുബായിൽ ബാങ്ക് പലിശ നിരക്ക് 0.7 മുതൽ ഒരു ശതമാനം വരെയായിരുന്നുവെങ്കിൽ ഇപ്പോഴത് ക്രമേണ 4– 4.5 ശതമാനം വരെയായി ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ലഭിക്കുന്ന നാല് ശതമാനം പ്രവാസ നിക്ഷേപ പലിശയേക്കാൾ കൂടുതലാണിത്. ഇക്കാരണത്താൽ തങ്ങൾ ജോലിചെയ്യുന്ന നാട്ടിൽ കൂടുതൽ വരുമാനം ലഭിക്കുന്ന മേഖലകളിൽ നിക്ഷേപിക്കാനാണ് ഇവർ താൽപ്പര്യപ്പെടുന്നത്. ഇതിന് പുറമേ ഇന്ത്യയിൽ രൂപ ഇനിയും ഇടിയുമെന്ന് കരുതി പലരും പണമയയ്ക്കുന്നത് നീട്ടിവെക്കുകയുമാണ്. മുമ്പുണ്ടായിട്ടില്ലാത്ത സ്ഥിതി വിശേഷമാണിത്.
കൂടുതൽ പ്രവാസി നിക്ഷേപം
ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനായി എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് 6.90 ശതമാനം വരെയും അമേരിക്കന്‍ ഡോളറിലെ എഫ്സിഎന്‍ആര്‍-ബി നിക്ഷേപങ്ങള്‍ക്ക് 3.90 ശതമാനം വരെയും പരിമിത കാലത്തേക്കായി സിഎസ്ബി ലഭ്യമാക്കുന്നത്. ഇന്ത്യയിലെ ഉൽസവാഘോഷങ്ങളുടെ ഭാഗമായ ഈ ഓഫർ ഒക്ടോബർ 30 വരെയാണെന്ന് ശ്യാം അറിയിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ആകെ പ്രവാസി നിക്ഷേപം 4525 കോടി രൂപയായിരുന്നു. തൊട്ടു മുൻവർഷം ഇതേ കാലയളവിൽ 4308 കോടി രൂപയായിരുന്ന സ്ഥാനത്താണിത്.
നിരവധി മൂല്യാധിഷ്ഠിത ആനുകൂല്യങ്ങളും ഡിജിറ്റൽ സേവനങ്ങളും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് ശ്യാം കൂട്ടിചേർത്തു. ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ മനസിലാക്കി വിവിധ പണംകൈമാറ്റ സ്ഥാപനങ്ങളുമായി സഹകരിക്കാനും എന്‍ആര്‍ഐ ബിസിനസിലെ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary : Know more about CSB's Special Rates for NRI Investments