ADVERTISEMENT

ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം (എൽ‌ആർ‌എസ് ) എന്നത് നിക്ഷേപത്തിനും ചെലവുകൾക്കുമായി മറ്റൊരു രാജ്യത്തേക്ക് ഒരു സാമ്പത്തിക വർഷത്തിൽ ഒരു നിശ്ചിത തുക അയക്കാൻ ഇന്ത്യക്കാരെ അനുവദിക്കുന്ന ഒരു പദ്ധതിയാണ്. നിലവിലുള്ള നിയന്ത്രണങ്ങൾ അനുസരിച്ച്, താമസക്കാരായ വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ $250,000 വരെ അയക്കാം. യാത്രകൾ (സ്വകാര്യമായോ ബിസിനസ്സിനോ), ചികിത്സ, പഠനം, സമ്മാനങ്ങളും സംഭാവനകളും, അടുത്ത ബന്ധുക്കളുടെ ചെലവുകൾ എന്നിവക്കായി ഈ പണം ഉപയോഗിക്കാം.

വിദേശ നിക്ഷേപത്തിന് ഉപയോഗിക്കാമോ?

അയച്ച തുക ഷെയറുകളിലും കടപ്പത്ര ഉപകരണങ്ങളിലും നിക്ഷേപിക്കുകയും വിദേശ വിപണിയിൽ സ്ഥാവര സ്വത്തുക്കൾ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്യാം. സ്കീമിന് കീഴിൽ അനുവദനീയമായ ഇടപാടുകൾ നടത്തുന്നതിന് വ്യക്തികൾക്ക് ഇന്ത്യക്ക് പുറത്തുള്ള ബാങ്കുകളിൽ വിദേശ കറൻസി അക്കൗണ്ടുകൾ തുറക്കാനും പരിപാലിക്കാനും കൈവശം വയ്ക്കാനും കഴിയും.

നിയന്ത്രങ്ങൾ എന്തിനൊക്കെ?

വിദേശ നാണയം വാങ്ങുന്നതും വിൽക്കുന്നതും, ലോട്ടറി ടിക്കറ്റുകൾ, സ്വീപ്പ് ഓഹരികൾ, നിരോധിത മാഗസിനുകൾ തുടങ്ങിയവ വാങ്ങുന്നതും അല്ലെങ്കിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (കറന്റ് അക്കൗണ്ട് ട്രാൻസാക്ഷൻസ്) റൂൾസ്, 2000-ന്റെ ഷെഡ്യൂൾ II പ്രകാരം നിയന്ത്രിച്ചിരിക്കുന്ന ഏതെങ്കിലും ഇനങ്ങളും ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം വഴി വാങ്ങുന്നത് അനുവദിക്കില്ല. റിസർവ് ബാങ്കിന്റെ  മുൻ‌കൂർ അനുമതിയില്ലാതെ വിദേശത്തേക്ക് പണം കൈമാറാം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. അങ്ങനെ കൈമാറിയ പണം വിദേശത്ത് 180 ദിവസത്തിനുള്ളിൽ  ഉപയോഗിച്ചിട്ടില്ലെങ്കിൽ തിരിച്ചുപിടിക്കും എന്ന്  സെൻട്രൽ ബാങ്ക് നിർദേശിച്ചിട്ടുണ്ട്. അതിന്റെ അവസാന തിയതി കഴിഞ്ഞ മാസമായിരുന്നു. 2004 ൽ ആയിരുന്നു ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം ഇന്ത്യയിൽ നടപ്പിലാക്കിയത്. 

rbi-1

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

∙വിദേശത്ത് നിക്ഷേപിക്കുന്നതിനോ ചെലവഴിക്കുന്നതിനോ ഒരു രാജ്യാന്തര ഇടപാട് നടത്തുന്നതിന് മുമ്പ്  ഇന്ത്യൻ രൂപ യു.എസ് ഡോളറിലേക്ക് മാറ്റണം. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിൽ  അത്തരം ഇടപാടുകളെ നിയന്ത്രിക്കുന്ന നിയമങ്ങൾ ഉൾക്കൊള്ളുന്നു.

∙രാജ്യാന്തര യാത്രകൾക്കും മറ്റുമായി ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം ഉപയോഗിക്കുന്നതിനു മുൻപ് ഫോറിൻ എക്സ് ചേഞ്ച് ബ്യൂറോയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയായി മനസ്സിലാക്കണം. 

∙വിദേശത്ത് നിക്ഷേപിച്ചു ലഭിക്കുന്ന ലാഭം ആ രാജ്യത്തു തന്നെ നിക്ഷേപിക്കാനോ, ചെലവാക്കാനോ ഉള്ള അനുമതിയും ഈ  പദ്ധതിയിൽ ഉണ്ട്. 

∙ഇന്ത്യയിൽ താമസിക്കുന്ന എല്ലാ പൗരന്മാർക്കും ഈ സൗകര്യം ഉപയോഗിക്കാനുള്ള അവകാശം ഉണ്ട്. 

∙കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കോ, ചാരിറ്റബിൾ ട്രസ്റ്റുകൾക്കോ ഈ സൗകര്യം ഉപയോഗിക്കാനാകില്ല. 

∙വിദേശത്ത് വീട് വാങ്ങുന്നതിനും ഇതിലൂടെ പണം കൈമാറ്റം ചെയ്യാം. 

2004 ൽ ഈ പദ്ധതി നടപ്പിലാക്കുന്നത് വരെ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പണമയക്കുന്നതു ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ചും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദേശത്ത് പോകുന്ന മക്കളുടെ കാര്യത്തിൽ ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ പദ്ധതി വഴി പണം പുറത്തേക്ക് കടത്തുന്നത് മറ്റു കാര്യങ്ങൾക്കായാണോ എന്ന സംശയം ഉണ്ടായതിനാലാണ് ഈ പദ്ധതിക്കും റിസർവ് ബാങ്ക് സമയ പരിധി നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. 

English Summary : Know More About  RBI LRS

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com