പലിശ കൂടി, ഇളവുകളില്ലാതാകും: ഈ വായ്പയെടുത്തവർ വെട്ടിലാകുമോ?
Mail This Article
വാഹന വായ്പ, ഭവനവായ്പ, ഗൃഹോപകരണ വായ്പ, സ്വർണപ്പണയ വായ്പ തുടങ്ങിയ വായ്പകളിൽ ഏറ്റവും നല്ല വായ്പ ഏതാണ്? ഏതാനും മാസം മുമ്പുവരെ ഈ ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് ആ വായ്പയുടെ തിളക്കം നഷ്ടപ്പെട്ട് ബാധ്യതയായി മാറുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ആ നല്ല വായ്പ ഏത്?
ഭവന വായ്പയെപ്പോലെ മെച്ചപ്പെട്ട മറ്റൊരു വായ്പ ഇല്ലെന്നു തന്നെ പറയാം. ഇതിന്റെ കാരണം പലതാണ്. അത്യാവശ്യത്തിന് ഉപകരിക്കുന്ന വായ്പ എന്നതിൽ കവിഞ്ഞ് ഒട്ടേറെ ഗുണങ്ങൾ ഭവന വായ്പയ്ക്കുണ്ട്.
∙പലിശ നിരക്കു കുറഞ്ഞ ദീർഘകാല വായ്പ
∙വായ്പാ തിരിച്ചടവിൽ മുതലിനും പലിശയ്ക്കും ആദായ നികുതി ഇളവ്.
∙ഭാവിലെ ആസ്തി സമ്പാദനത്തിനുള്ള വായ്പ.
കുടുംബ വരുമാനത്തിന്റെ ഒരു ഭാഗം ദീർഘകാലം വായ്പാ തിരിച്ചടവിനു വേണ്ടി നീക്കി വച്ചാലും കടക്കെണിയിലാണെന്ന മാനസിക വിഷമം കാര്യമായി ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല.
പലിശ നിരക്ക് കുത്തനെ കൂടി
ആർ ബി ഐ റീപ്പോ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് വായ്പാ നിരക്ക് കുത്തനെ കൂടി. 2022 ൽ ആർബിഐ പല തവണയായി 2.5% മാണ് റീപ്പോ നിരക്കിൽ വർദ്ധനവു വരുത്തിയത്. 7.5 ശതമാനമുണ്ടായിരുന്ന ഭവന വായ്പ 9.5 - 10 ശതമാനത്തിലേക്ക് കുതിച്ചു. കേരളം ആസ്ഥാനമായ ഒരു ബാങ്ക് 10.40% ശതമാനം പലിശയാണ് ഭവന വായ്പയ്ക്ക് നിലവിൽ ഈടാക്കിക്കൊണ്ടിരിക്കുന്നത്! അവശ്യ വസ്തുക്കളുടെയും മറ്റു സേവനങ്ങളുടെയും വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ സാധാരണക്കാർക്ക് വായ്പാ പലിശയിലുണ്ടായ വർദ്ധനവ് വൻ തിരിച്ചടിയായി.
പുതിയ സ്കീമിൽ ആദായ നികുതിയിളവുമില്ല
ആദായ നികുതി പുതിയ സ്കീം (ന്യൂ റജിം) പ്രകാരം ഭവന വായ്പാ തിരിച്ചടവിന് ഇളവുകളൊന്നുമില്ല. നേരത്തെ ഭവന വായ്പയുടെ പലിശ 2 ലക്ഷം രൂപ വരെ വരുമാനത്തിൽ നിന്ന് നേരിട്ട് കുറയ്ക്കാമായിരുന്നു. മുതലിലേക്കുള്ള തിരിച്ചടവിന് 80C അനുസരിച്ചുള്ള കിഴിവും ലഭിച്ചിരുന്നു. ആദായ നികുതിയുടെ പുതിയ സ്കീം സ്വീകരിക്കുന്നവർക്ക് ഭവന വായ്പ പ്രയോജനപ്പെടുത്താനാവില്ല. ഭവന വായ്പയുടെ തിളക്കം കെടുത്തുന്ന പ്രധാന വസ്തുത ഇതു തന്നെ.
എടുത്ത വായ്പ പെട്ടെന്ന് അടച്ചു തീർക്കുക
∙ഭവന വായ്പ എടുത്തവർ അത് കഴിയുന്നതും വേഗം അടച്ചു തീർക്കാൻ ശ്രമിക്കുക. സ്ഥിരനിക്ഷേപം, റിക്കറിങ് നിക്ഷേപം തുടങ്ങിയവയുണ്ടെങ്കിൽ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ആ സംഖ്യ വായ്പ തിരിച്ചടയ്ക്കാൻ ഉപയോഗിക്കുക. അത്തരം നിക്ഷേപങ്ങളിൽ നിന്ന് വായ്പ എടുത്താൽപ്പോലും അതിനു നൽകേണ്ടിവരുന്ന പലിശ ഭവന വായ്പാ പലിശയേക്കാൾ ചിലപ്പോൾ കുറവായിരിക്കും.
∙സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നഷ്ടമില്ലാതെ അവസാനിപ്പിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്തുക. കൈയിലുള്ള സ്വർണം പണയപ്പെടുത്തിയാൽ കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുമെങ്കിൽ ഇത്തരം സാധ്യതകൾ ഉപയോഗിച്ച് ബാധ്യത കുറച്ചു കൊണ്ടു വരിക. കഴിയുമെങ്കിൽ ഇഎംഐ തുകയേക്കാൾ അല്പം കൂടുൽ സംഖ്യ വായ്പാ തിരിച്ചടവിന് നൽകുക.
∙കുറഞ്ഞ നിരക്കിൽ ഭവന വായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലേക്ക് നിലവിലെ വായ്പ ട്രാൻസ്ഫർ ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്. നിലവിലുള്ള വായ്പ എത്രയും വേഗം അടച്ചു തീർക്കാൻ ശ്രമിക്കുക. അത്യാവശ്യമുണ്ടെങ്കിൽ മാത്രം വായ്പയെക്കുറിച്ച് ചിന്തിക്കുക. വിവിധ ബാങ്കുകളുടെ / സ്ഥാപനങ്ങളുടെ പലിശ നിരക്കുകളും മറ്റു ചെലവുകളും താരതമ്യം ചെയ്ത് തീരുമാനമെടുക്കുക.
English Summary : Home Loan May Lost Its Attraction