എത്ര ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിലെന്താ, വിവരങ്ങൾ ഒറ്റയടിയ്ക്ക് അറിയാം
Mail This Article
ഇപ്പോൾ നിക്ഷേപകരിൽ പലരും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരാണ്. എന്നാൽ, വിവിധ അക്കൗണ്ടുകൾക്ക് വേണ്ടി ഒന്നിലധികം മൊബൈൽ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉപയോക്താക്കള്‍ നേരിടുന്ന ഈ പ്രശ്‌നത്തിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആക്സിസ് ബാങ്ക്. ഇതിനായി ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ 'വണ്‍ വ്യൂ' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു.
ഇതിലൂടെ ഉപയോക്താവിന് അവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ തന്നെ അറിയാം. വണ്‍ വ്യൂ ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകള്‍ ആക്സിസ് ബാങ്കിന്റെ ആപ്പുമായി ബന്ധിപ്പിക്കാം.
അക്കൗണ്ട് അഗ്രിഗേറ്റര്‍
ഒരു ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ഇതര ബാങ്കിന്റെ അക്കൗണ്ട് വിശദാംശങ്ങള്‍ കാണാന്‍ ഇതുവരെ സാധ്യമല്ലായിരുന്നു. എന്നാൽ, പുതിയ ഫീച്ചർ അവതരിപ്പിച്ചതിലൂടെ ആക്സിസ് ബാങ്കിന്റെ ആപ്പില്‍ മറ്റ് ബാങ്കുകളുടെ ബാലൻസ് ഉൾപ്പടെയുള്ള വിവരങ്ങൾ ഉപഭോക്താക്കള്‍ക്ക് കാണാനാകും. അക്കൗണ്ട് അഗ്രിഗേറ്റര്‍ സാങ്കേതികവിദ്യയാണ് ഈ ഫീച്ചറിന് പിന്നിലുള്ളതെന്നും അതിനാൽ തങ്ങളുടെ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും ആക്സിസ് ബാങ്ക് അവകാശപ്പെടുന്നു.
ആക്‌സിസ് ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നും വൺ വ്യൂ ഫീച്ചർ ആക്സസ് ചെയ്യാം. ഈ ഫീച്ചറിലൂടെ ആക്‌സിസ് ബാങ്കിന്റെ മാത്രമല്ല ഉപയോക്താവിന്റെ മറ്റ് എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും ബാലന്‍സ് അറിയാം. ബാലന്‍സ് അറിയുന്നതിനൊപ്പം ഉപയോക്താവിന് ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇമെയില്‍ ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും സൗകര്യമുണ്ട്. ആവശ്യമെങ്കിൽ ആക്സിസ് ഇതര ബാങ്കുകളുടെ ഒരു അക്കൗണ്ട് മാത്രമായോ എല്ലാ അക്കൗണ്ടുകളും ഒരുമിച്ചോ ഇതില്‍ നിന്ന് വേര്‍പെടുത്താനും സാധിക്കും.
English Summary : Axis Bank Introduced one View Facility for customers