വല്ലാത്ത അഭിനിവേശം, ഡിജിറ്റല്‍ വായ്പ ജീവിതശൈലിയാക്കുന്നു യുവതലമുറ!
Mail This Article
ഓണ്‍ലൈന്‍ വായ്പാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജന്മാരുടെ കടക്കെണിയില്‍ വീണ് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. കൊച്ചി കടമക്കുടിയിലും വയനാട്ടിലുമെല്ലാം ഇത്തരം കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത് ഓണ്‍ലൈന്‍ വായ്പകളെ വീണ്ടും ചര്‍ച്ചകളിലെത്തിച്ചിരിക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ വായ്പാ മേഖലയോട് വലിയ അഭിനിവേശം കാണിക്കുന്ന പുതുപ്രവണതയുടെ ബാക്കിപത്രമായി വേണം വ്യാജന്മാരുടെ വലവിരിക്കലിനെയും കാണാന്‍. കിട്ടുന്ന വരുമാനത്തിന്റെ പകുതിയിലധികവും വായ്പാ തിരിച്ചടവിന് പോകുന്നുവെങ്കില്‍ വായ്പ എടുക്കാന്‍ തുനിയരുതെന്ന അടിസ്ഥാനപാഠം പോലും മറന്നാണ് പലരും ചതിക്കുഴികളില്‍ പെടുന്നത്.
യുവതലമുറയുടെ വായ്പാ ശീലങ്ങള്‍
ഡിജിറ്റല്‍ വായ്പകളുടെ ഏറ്റവും വലിയ ഉപഭോക്തൃനിര 40 വയസിന് താഴെയുള്ളവരാണെന്നാണ് അടുത്തിടെ ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റ് (ഫെയ്സ്) എന്ന സംഘടന നടത്തിയ പഠനത്തില്‍ പറയുന്നത്. വിതരണം ചെയ്യപ്പെട്ട ഡിജിറ്റല്‍ വായ്പകളില്‍ 80 ശതമാനവും എടുത്തിരിക്കുന്നത് 40 വയസിന് താഴെയുള്ളവരാണ്.
ഓണ്‍ലൈന്‍ വായ്പകള്‍ ഏറ്റവും കൂടുതലെടുത്തിട്ടുള്ളത് 31നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. രണ്ടാം സ്ഥാനത്ത് 26-20 വയസിനിടയില്‍ വരുന്നവരാണ്. അതേസമയം വായ്പ എടുക്കുന്ന 25 വയസിന് താഴെ പ്രായമുള്ളവരുടെ വിഹിതം 16 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഈ വിഭാഗത്തിലാണ് ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച രേഖപ്പെടുത്തുന്നത്.
നല്‍കിയത് 7.1 കോടി വായ്പകള്‍
നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വായ്പാ കമ്പനികള്‍ ഇതുവരെ നല്‍കിയത് 7.1 കോടി വായ്പകളാണ്. ഏകദേശം 92,267 കോടി രൂപയുടെ ഡിജിറ്റല്‍ വായ്പയാണ് 2022-23 സാമ്പത്തിക വര്‍ഷം നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ഫോണിലൂടെ എളുപ്പത്തില്‍ വായ്പയ്ക്ക് അപേക്ഷ നല്‍കാമെന്നതാണ് ഇത്തരം വായ്പകളെ അതിവേഗം ജനകീയമാക്കുന്നത്. ആദ്യമായി വായ്പ എടുക്കാനെത്തുന്നവര്‍ക്കും അത്ര നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തവര്‍ക്ക് പോലും പെട്ടെന്ന് വായ്പകള്‍ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ വായ്പാ ദാതാക്കള്‍ തയാറാകുന്നുണ്ട്.
ഹ്രസ്വകാല വായ്പകള്‍ക്ക് പ്രിയമേറുന്നു
ഹ്രസ്വകാല വായ്പകളെടുക്കുന്നവരുടെ എണ്ണത്തില്‍ മികച്ച വര്‍ധനയുണ്ടാകുന്നുണ്ട്. ആറ് മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കേണ്ടതാണ് ഇത്തരം വായ്പകള്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്യപ്പെട്ട വായ്പകളുടെ 88 ശതമാനവും ഇത്തരം ഹ്രസ്വകാല വായ്പകളായിരുന്നു. 5000 രൂപയില്‍ താഴെയുള്ള വായ്പകളാണ് 68 ശതമാനവുമെന്നത് ശ്രദ്ധേയമാണ്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്നും ഡിജിറ്റല്‍ ഷോറൂമുകളില്‍ നിന്നും കണ്‍സ്യൂമര്‍ ഗുഡ്സ് വാങ്ങുന്നതിനായി ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്ന പ്രവണതയും ശക്തമായി വരികയാണ്. ഇത്തരം കണ്‍സ്യൂമര്‍ വായ്പകളില്‍ 40 ശതമാനവും വിതരണം ചെയ്തിരിക്കുന്നത് 10,000-50,000 രൂപ വിഭാഗത്തിലാണ്.
എന്തുകൊണ്ട് കൂടുതല്‍ വായ്പകള്‍
കിട്ടുന്ന ശമ്പളം കൊണ്ട് പ്രതിമാസ ചെലവുകള്‍ സാധ്യമാകാത്ത സാഹചര്യത്തിലാണ് പലരും ഹ്രസ്വകാല വായ്പകളെ ആശ്രയിക്കുന്നത്. പെട്ടെന്ന് ജോലി നഷ്ടമായവരും വീട്ടിലേക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റും പെട്ടെന്ന് തുക കണ്ടെത്താനാകാത്തവരുമെല്ലാം തവണകളായുള്ള ഹ്രസ്വ വായ്പകളെയാണ് ഇപ്പോള്‍ കൂടുതലായും ആശ്രയിക്കുന്നത്. ഫാമിലി വെക്കേഷനു വേണ്ടി വായ്പ എടുക്കുന്ന പ്രവണതയും ആരോഗ്യ ചെലവുകള്‍ക്കായി വായ്പയെ ആശ്രയിക്കുന്ന ശൈലിയും ഇപ്പോള്‍ കണ്ടുവരുന്നതായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
ഇക്കാര്യങ്ങള്‍ ചെയ്യരുത്
∙ഓണ്‍ലൈന്‍ വായ്പ എടുക്കുന്നതിന് മുമ്പ് ആപ്പിന്റെ വിശ്വാസ്യത കൃത്യമായി പരിശോധിക്കണം.
∙മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കയക്കുന്ന ചരിത്രമുള്ള കമ്പനികളുടെ കെണി എല്ലായിടത്തും ഒളിഞ്ഞിരിപ്പുണ്ട്.
∙അത്തരം കമ്പനികളുടെ ആപ്പിലോ ലിങ്കിലോ ക്ലിക്ക് ചെയ്യുക പോലുമരുത്.
∙വിശ്വാസ്യതയുള്ള കമ്പനികളില്‍ നിന്നാണെങ്കില്‍ പോലും ഒട്ടനവധി വായ്പകള്‍ ഒരേസമയം എടുക്കാതിരിക്കുക.
English Summary : Youngsters are Going Badly for Digital Loans