ADVERTISEMENT

യുപിഐ ആപ്പുകളിലൂടെ ദിവസവും എത്ര ഇടപാടുകള്‍ നടത്താനാവും? എത്ര പണമാണ് ദിവസവും കൈമാറാനാവുക? ഇതിന് എല്ലാ യുപിഐ ആപ്പുകളും പരിധി നിശ്ചയിച്ചിട്ടുണ്ട്. യുപിഐ ആപ്പിലൂടെ ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റ് യുപിഐ ആപ്പുകളിലേക്കോ പണം കൈമാറുന്നതിനാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇടപാടുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കിലും ഒരു ദിവസം ഏതു യുപിഐ ആപ്പിലൂടെയും ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക കൈമാറാനാവില്ല. നിലവില്‍ പണമിടപാടുകള്‍ക്ക് ചാര്‍ജുകളൊന്നും നല്‍കേണ്ടതില്ല.

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഒരു ദിവസം യുപിഐ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് നിയന്ത്രണമുണ്ട്. ഓരോ പേയ്‌മെന്റ് ആപ്പിന്റെയും ദൈനംദിന ഇടപാടുകളുടെ പരിധി പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും 1 ലക്ഷത്തില്‍ കൂടുതല്‍ കൈമാറണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങേണ്ടി വരും. എന്നാല്‍ ഈ പരിധിയില്‍ നിന്നു കൊണ്ടു തന്നെ, ഒറ്റത്തവണയായി യുപിഐ ആപ്പിലൂടെ എത്ര പണം കൈമാറാന്‍ കഴിയുമെന്നത് ബാങ്കിനെയും ആപ്പിനെയും ആശ്രയിച്ചിരിക്കും.   

പേടിഎം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പേടിഎമ്മിലൂടെ ഒരു ദിവസം പരമാവധി 1 ലക്ഷം രൂപ വരെ കൈമാറാന്‍ കഴിയും. എന്നാല്‍ ഇടപാടുകളുടെ എണ്ണത്തില്‍ യാതൊരു നിയന്ത്രണവും പേടിഎം ഏര്‍പ്പെടുത്തിയിട്ടില്ല.

ഗൂഗിള്‍ പേ

ഗൂഗിള്‍ പേയിലൂടെ ഒരു ദിവസം പരമാവധി 10 ഇടപാടുകള്‍ മാത്രമേ നടത്താനാവൂ. അതനുസരിച്ച്, 10 ഇടപാടുകളിലൂടെ പരമാവധി 1 ലക്ഷം രൂപ വരെ ദിവസം കൈമാറാനുമാവും.

google-pay-and-phone-pe

ഫോണ്‍പേ

ഫോണ്‍പേയിലും ഒരു ദിവസം പരമാവധി 1 ലക്ഷം രൂപയേ കൈമാറാന്‍ കഴിയൂ. എന്നാല്‍ ഓരോ ദിവസവും നടത്താവുന്ന ഇടപാടുകളുടെ എണ്ണം പരമാവധി 10 മുതല്‍ 20 വരെയായി നിശ്ചയിച്ചിരിക്കുന്നു. 

ആമസോണ്‍ പേ

ആമസോണ്‍ പേയിലൂടെയും ഒരു ദിവസം കൈമാറുന്ന പണത്തിന്റെ പരിധി 1 ലക്ഷം രൂപ തന്നെയാണ്. എന്നാല്‍ ദിവസം 20 ഇടപാടുകള്‍ നടത്താനാവും. പുതുതായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ആദ്യ 24 മണിക്കൂറിനുള്ളില്‍ അയ്യായിരം രൂപ മാത്രമേ അയക്കാന്‍ കഴിയൂ,

ബാങ്കുകളുടെ പരിധി

ഇടപാടുകള്‍ക്ക് യുപിഐ ആപ്പുകള്‍ നിശ്ചയിച്ചിരിക്കുന്ന പരിധിക്ക് പുറമേ, ചില ബാങ്കുകളും ഓരോ ഇടപാടുകള്‍ക്കും ഒരു മിനിമം തുക നിശ്ചയിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ യുപിഐ ഇടപാടിലൂടെ കൈമാറേണ്ട മിനിമം തുക 10 രൂപയായി നിശ്ചയിച്ചിരിക്കുന്നു. ബാങ്ക് അധികൃതരുമായോ യുപിഐ പേയ്‌മെന്റ് ആപ്പ് അധികൃതരുമായോ ബന്ധപ്പെട്ടാല്‍ ഓരോ ദിവസവും കൈമാറേണ്ട തുകയുടെ പരിധി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞേക്കാം.

English Summary:

Know more about UPI Transaction Limits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com