വായ്പ എടുക്കുന്നവർക്ക് ഏപ്രിൽ ഒന്നു മുതൽ പിഴപ്പലിശയില്ല
Mail This Article
പുതുവർഷത്തിൽ ബാങ്കിടപാടുകാർക്ക് ആശ്വാസം തരുന്ന പുതിയ മാറ്റം വരുന്നു. വായ്‌പ നൽകുമ്പോൾ അതിന്റെ തിരിച്ചടവ് നിബന്ധനകൾ ബാങ്കുകൾ നിർദേശിക്കുക പതിവാണ്. ഇങ്ങനെ നിർദേശിക്കുന്ന നിബന്ധനകൾ പാലിക്കാതെ വരികയോ പാലിക്കാൻ കാലതാമസം വരികയോ ചെയ്‌താൽ പിഴപ്പലിശ ഈടാക്കുന്ന രീതിയുണ്ട്. ഈ വിധം അധികം ഈടാക്കുന്ന പിഴപ്പലിശ രണ്ടു ശതമാനം മുതൽ നാല് ശതമാനം വരെ കാണാറുണ്ട്. ഇത് സാധാരണ നിശ്ചയിട്ടുള്ള പലിശക്ക് മേലെയാണ്. മാത്രമല്ല, പിഴപ്പലിശയ്ക്കും സാധാരണ പലിശയിന്മേൽ എന്ന പോലെ കൂട്ടുപലിശയും ബാധകമാണ്. ഇത് ഇടപാടുകാർക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നതായി ശ്രദ്ധയിൽ പെടുകയും ഇക്കാര്യത്തിൽ യുക്തിസഹമായ ഒരു മാറ്റം വേണമെന്ന് ബോധ്യമാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, 2023 ഓഗസ്റ്റിൽ റിസർവ് ബാങ്ക് പുതിയ നിർദേശങ്ങൾ ഇക്കാര്യത്തിൽ ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും നൽകുകയുണ്ടായി. അതനുസരിച്ച് വായ്പയുടെ നിബന്ധനകൾ പാലിക്കാതെ വന്നാൽ, ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും പിഴപ്പലിശയല്ല, പിഴ തുകയേ ഈടാക്കുവാൻ പാടുള്ളൂ. ഇതിന് പലിശ ഈടാക്കാനും പാടില്ല. പുതുക്കിയ നിർദേശങ്ങൾ അനുസരിച്ച് വേണം ഇക്കാര്യത്തിൽ ബാങ്കുകൾ 2024 ഏപ്രിൽ ഒന്നുമുതൽ ചാർജ് ഈടാക്കുവാൻ എന്ന് നിർദേശിച്ചിരിക്കുന്നു. നേരത്തെ ഇത് ജനുവരി ഒന്നു മുതൽ എന്നായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാൽ കൂടുതൽ വ്യക്തതയും പുതിയ നിർദേശങ്ങൾ നടപ്പിലാക്കുവാൻ കൂടുതൽ സമയവും വേണമെന്നുമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ച് ഏപ്രിൽ ഒന്ന് മുതൽ നൽകുന്ന പുതിയ വായ്പകൾക്കാണ് പുതുക്കിയ നിർദേശങ്ങൾ ബാധകമാക്കിയിരിക്കുന്നത്. നിലവിലുള്ള വായ്പകളിൽ പുതിയ നിർദേശങ്ങൾ പാലിക്കുവാനുള്ള സമയം 2024 ജൂൺ 30 വരെയാണ്.
ബാങ്കുകൾ എങ്ങനെ കാണുന്നു?
ബാങ്കിടപാടുകാരെ സംബന്ധിച്ച് ആശ്വാസകരമാണ് പുതിയ നിർദേശങ്ങൾ. എന്നാൽ ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് അത്ര സന്തോഷകരമല്ല. വായ്പ എടുത്ത ഇടപാടുകാര്‍ നിബന്ധനകൾ പാലിക്കുവാൻ പിഴപ്പലിശ തന്നെയാണ് കൂടുതൽ ഫലപ്രദം എന്നാണ് ബാങ്കുകളുടെ പക്ഷം. പിഴപ്പലിശ ബാങ്കുകൾക്ക മറ്റൊരു വരുമാന സ്രോതസ്സും കൂടെയായിരുന്നു എന്നതും വാസ്തവമാണ്. വായ്പയുടെ കാര്യത്തിൽ ആവശ്യമായ അച്ചടക്കം വേണമെന്നതും, അങ്ങനെ ഇല്ലാതിരുന്നാൽ അതിന് പിഴ ഈടാക്കാമെന്നും സമ്മതിക്കുമ്പോൾ തന്നെ, ഇടപാടുകാർ വായ്പയുടെ നിബന്ധനകൾ പാലിക്കാതിരിക്കുന്നത് ഒരു വരുമാനമാർഗ്ഗമായി കാണേണ്ടതില്ല എന്നാണ് കേന്ദ്ര ബാങ്ക് പുതിയ തീരുമാനം മൂലം വ്യക്തമാക്കിയിരിക്കുന്നത്.
പിഴത്തുക എല്ലാ ബാങ്കിലും ഒരുപോലെ ആകുമോ?
പുതിയ നിർദേശങ്ങൾ അനുസരിച്ച് പിഴത്തുക വായ്പയുടെ സ്വഭാവും പാലിക്കാത്ത നിബന്ധനകളുടെ ഗൗരവത്തിനും അനുസൃതമായിരിക്കണം. ഓരോ ബാങ്കിനും ഡയറക്ടർ ബോർഡിന്റെ അനുമതിയോടെ പിഴ തുക എത്രയെന്ന് നിശ്ചയിക്കാവുന്നതാണ്. പിഴ തുക ന്യായമായിരിക്കണമെന്നു മാത്രമാണ് റിസർവ് ബാങ്ക് നിഷ്കർച്ചിട്ടുള്ളത്. അതിനാൽ ബാങ്കുകൾ തോറും ഇക്കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
ക്രെഡിറ്റ് കാർഡുകൾക്ക് പുതിയ നിർദേശങ്ങൾ ബാധകമല്ല.
ലേഖകൻ ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ്. kallarakkalbabu@gmail.com