പൊതുമേഖലാ ബാങ്കുകളുടെ ലാഭമുയരുന്നു, കടം കുറയുന്നു
Mail This Article
ഉയർന്ന പലിശ വരുമാനം, കുറഞ്ഞ വായ്പാ ചെലവുകൾ, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവയുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകൾ ഡിസംബർ പാദത്തിൽ ലാഭം നേടി. 12 ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്‌ബി) സംയോജിത ലാഭം 2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 3.84 ശതമാനം ഉയർന്ന് 30,297 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 29,175 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ, പിഎസ്ബികൾ 98,358 കോടി രൂപ ലാഭം നേടി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 40.17 ശതമാനം ആണ് കൂടിയിരിക്കുന്നത്. ലാഭവളർച്ചയുടെ കാര്യത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് മികച്ച പ്രകടനം കാഴ്ചവച്ചു . കഴിഞ്ഞ 15 പാദങ്ങളിലെ ഏറ്റവും ഉയർന്ന ലാഭമാണ് പഞ്ചാബ് നാഷണൽ ബാങ്ക് നേടിയത്. ഉയർന്ന പലിശ വരുമാനവും മെച്ചപ്പെട്ട ആസ്തി നിലവാരവും ഒപ്പം കിട്ടാക്കടം കുറഞ്ഞതിൻ്റെയും ഫലമായി 1,870 കോടി രൂപയിലെത്തി 62 ശതമാനം അറ്റാദായ വളർച്ചയോടെ ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം സ്ഥാനം നേടി.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് ലാഭത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനം. മിക്ക വായ്പാ ദാതാക്കളും ഇരട്ട അക്ക വളർച്ച കൈവരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന ഒരു സമയത്ത് പൊതുമേഖലാ ബാങ്കുകൾ ലാഭ കണക്കിലേക്ക് വളരുകയാണ്. എന്നാൽ സ്റ്റേറ്റ് ബാങ്കിന്റെ ലാഭം ഈ പാദത്തിൽ കുറഞ്ഞു.