ADVERTISEMENT

മാര്‍ച്ച് 15 നുശേഷം പേയ്ടിഎം പേയ്‌മെന്റ് ബാങ്ക് തന്നെ ഇല്ലാതാകുമെന്ന് ഉറപ്പാക്കുന്നതാണ് ആര്‍ബിഐ കഴിഞ്ഞദിവസം പുറത്തിറക്കിയ എഫ്.എ.ക്യു.

പേയ് ടിഎമ്മിന്റെ ഏതാണ്ട് എല്ലാ ഇടപാടുകാരും ആശങ്കയോടെ ചോദിച്ചുകൊണ്ടിരിക്കുന്ന 30 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ആര്‍ബിഐ നല്‍കിയത്. ചോദ്യങ്ങള്‍ പേയ് ടിഎം ഉപയോക്താക്കളുടേതാണ് എങ്കിലും ആര്‍ബിഐ നല്‍കിയ ഉത്തരങ്ങളില്‍ ഇടപാടുകാർ ഉന്നയിക്കാത്ത  മറ്റ് പലതിനും കൂടി ഉത്തരമുണ്ട്.

തല്‍ക്കാലം പേയ്‌മെന്റ് ബാങ്കിനെ മാത്രമേ ആര്‍ബിഐ ലക്ഷ്യം വയ്ക്കുന്നുള്ളൂ എന്നും  എഫ് എ ക്യൂവില്‍ നിന്ന് വ്യക്തമാണ്. പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന്റെ വാലറ്റിന് ഇനി ആയുസില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച 15 നുശേഷം വാലറ്റ് ഉപയോഗിക്കണമെങ്കില്‍ അത് മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തായിരിക്കണം. അതായത് പേയ് ടിഎം വോലറ്റ് തുടര്‍ന്നും ഉപയോഗിക്കണമെന്ന് താല്‍പര്യമുള്ളവര്‍ മറ്റൊരു ബാങ്ക് അക്കൗണ്ട് ഇതിലേക്ക് ലിങ്ക് ചെയ്യണം. ഉപയോക്താക്കള്‍ സ്വന്തം നിലയ്ക്ക് അത് ചെയ്യുന്നതില്‍ പേയ് ടിഎമ്മിന് മെച്ചമില്ല. മെച്ചം കിട്ടാനുള്ള വഴി ഈ വോലറ്റ് ബിസിനസ് മറ്റാര്‍ക്കെങ്കിലും പേയ് ടിഎം വിറ്റൊഴിയുക എന്നതാണ്. ആര്‍ബിഐയും അതാഗ്രഹിക്കുന്നുണ്ടാകും.

paytm-ed-14

മര്‍ച്ചന്റ് പേയ്‌മെന്റ് സംവിധാനത്തിലെ ബാങ്ക് അക്കൗണ്ട് മറ്റേതെങ്കിലും ബാങ്കിലേക്ക് മാറ്റിയാല്‍ നിലവിലുള്ള പേയ്ടിഎം ക്യൂആര്‍ കോഡ്, സൗണ്ട് ബോക്‌സ്, പിഒഎസ് ടെര്‍മിനല്‍ എന്നിവ മാര്‍ച്ച് 15 നുശേഷവും തടസമില്ലാതെ ഉപയോഗിക്കാം എന്നും ആര്‍ബിഐ പറയുന്നു. ( കടയില്‍ നിന്ന് സാധനം വാങ്ങിയശേഷം പേയ്‌മെന്റ് നല്‍കാനായി ഫോണില്‍ സ്‌കാന്‍ ചെയ്യാനായി കാഷ് കൗണ്ടറില്‍ വച്ചിരിക്കുന്ന ബോര്‍ഡില്‍ ഉള്ളതാണ് ക്യൂ ആര്‍ കോഡ്, നമ്മള്‍ നല്‍കുന്ന പേയ്മന്റ് കച്ചവടക്കാരന്റെ അക്കൗണ്ടിലേക്ക് വന്നാല്‍ ആ വിവരം വിളിച്ചുപറയുന്നതാണ് സൗണ്ട് ബോക്സ്. കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്യാനുപയോഗിക്കുന്നതാണ് പിഒഎസ് (പോയ്ന്റ് ഓഫ് സെയില്‍ ) ടെര്‍മിനല്‍.

ഇതും സമാനതാല്‍പര്യമുള്ള ആരെങ്കിലും ഏറ്റെടുക്കുന്നതിനാണ് സാധ്യത. അത്തരം ഏറ്റെടുക്കല്‍ എളുപ്പമാക്കാനാണ് ആര്‍ബിഐ ഇക്കാര്യം ചോദ്യോത്തരങ്ങളില്‍ പറയാതെ പറഞ്ഞിരിക്കുന്നത്.

മർച്ചന്റ് പേയ്മെന്റ് സംവിധാനം നിബന്ധനയോടെയെങ്കിലും തുടരാൻ അനുവദിച്ചത് പേയ് ടി എമ്മിന്റെ വിൽപ്പന മൂല്യം നിലനിർത്തിയിരിക്കുന്നു.

പുതിയ ചോദ്യങ്ങൾ

ഒരു ചോദ്യത്തിന് ആർബിഐ നൽകിയ ഈ ഉത്തരം ഉദ്ധരിച്ചു കൊണ്ട് പേയ്ടിഎം മാനേജിങ് ഡയറക്ടർ വിജയ് ശർമ ഊഹാപോഹങ്ങൾക്ക് ഇതോടെ വിരാമമായി എന്നാണ് പറഞ്ഞത്. ആർബിഐ ഉത്തരം പേയ് ടി എമ്മിന് എത്ര ആശ്വാസമായി എന്ന് ഇതിൽ നിന്ന് വ്യക്തം

ചോദ്യം ഏതായാലും ഉത്തരങ്ങളില്‍ ആര്‍ബിഐ ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യം ഇതാണ്. അക്കൗണ്ടിലും വാലറ്റിലും ഉള്ള പണം എത്രയും വേഗം ഉപയോഗിച്ചു തീര്‍ക്കുക. അതിനുശേഷവും പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് നിലനില്‍ക്കും. പക്ഷേ പണം ഡിപ്പോസിറ്റ് ചെയ്യാന്‍ കഴിയില്ല. അത് മാര്‍ച്ച് 15 കൊണ്ട് കഴിയും. എന്നാല്‍ കാഷ് ബാക്ക്, പലിശ, റീ ഫണ്ട്, റിവാര്‍ഡ് തുടങ്ങിയവ ഈ അക്കൗണ്ടിലേക്ക് വരുന്നതിന് തടസമില്ല. പക്ഷേ അതെത്രകാലം വരെ എന്ന് ആര്‍ബിഐ പറയുന്നില്ല. പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കാനോ, ബാങ്ക് ക്ലോസ് ചെയ്യിക്കാനോ അല്ല മറിച്ച് മറ്റേതെങ്കിലും ബാങ്കിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് ആര്‍ബിഐ ഈ പഴുത് ഇട്ടിരിക്കുന്നത് എന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല.

ഒരു ഏറ്റെടുക്കല്‍ ഉണ്ടാകുകയാണ് എങ്കില്‍ അത് വളരെ സമയം അപഹരിക്കുന്ന നടപടിയാണ്. അത്രയും കാലം ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകള്‍ സജീവമായി നിലനിര്‍ത്താന്‍ പലിശയും റീഫണ്ടും ക്രഡിറ്റ്‌ചെയ്തുകൊണ്ടിരിക്കുന്നിടത്തോളം കാലം കഴിയും. അതല്ലെങ്കില്‍ ആളുകള്‍ ഈ ബാങ്ക് അക്കൗണ്ട് ഉപേക്ഷിച്ചുപോകുകയും ഏറ്റെടുക്കുന്ന ബാങ്കിന് അതുകൊണ്ട് പ്രയോജനം ഉണ്ടാകാതിരിക്കുകയും ചെയ്യും.

പേയ്ടിഎം. Photo: @Paytm / X
പേയ്ടിഎം. Photo: @Paytm / X

അക്കൗണ്ടിലെ പണം തീരുന്നതുവരെ ഉപയോഗിക്കാം എന്നു ആര്‍ബിഐ പറയുന്നത് കേട്ട് കസ്റ്റമേഴസ് ക്ഷമിച്ചിരിക്കില്ല. അവര്‍ മാര്‍ച്ച് 15 നു മുമ്പുതന്നെ തുകയെല്ലാം കൂട്ടത്തോടെ പിന്‍വലിക്കാന്‍ എത്തും. ഒരു ബാങ്ക് റണ്‍തന്നെയാകും ഉണ്ടാകുക. 35 കോടി മൊബൈല്‍ വോലറ്റ്  പേയ് ടിഎമ്മിന് ഉണ്ടെന്നാണ് കണക്ക്. പേയ് ടിഎം പേയ്‌മെന്റ് ബാങ്കിനൊപ്പം മൊബൈല്‍ വോലറ്റിനെയും ആര്‍ബിഐ ലക്ഷ്യം വയ്ക്കുന്നു എന്നാണ് കരുതിയിരുന്നതെങ്കിലും മൊബൈല്‍ വോലറ്റിനെ വെറുതെ വിടുമെന്നാണ് ചോദ്യോത്തരങ്ങളില്‍ നിന്ന്  വ്യക്തമാകുന്നത്. പക്ഷേ ഒരു നിബന്ധന ആര്‍ബിഐ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇത്തരത്തിലെ മൊബൈല്‍ വോലറ്റ് പേയ് ടിഎം ഇതര ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തത് ആയിരിക്കണം. ഇനിയുള്ള 20 ദിവസത്തിനുള്ളില്‍ വോലറ്റ് കാലിയാക്കാന്‍ ഇടപാടുകാര്‍ തിടുക്കം കാട്ടന്നത് വലിയ പ്രതിസന്ധിയാകും പേയ്ടിഎമ്മിനു മുന്നില്‍ ഉണ്ടാക്കുക.

ഏതായാലും 30 ചോദ്യങ്ങള്‍ക്ക് ആര്‍ബിഐ ഉത്തരങ്ങള്‍ നല്‍കിയത് ചോദ്യങ്ങള്‍ അവസാനിക്കുന്നതിലേക്കല്ല പുതിയ നിരവധി ചോദ്യങ്ങള്‍ ഉയരുന്നതിലാണ് കലാശിച്ചിരിക്കുന്നത്.

(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary:

RBI Tightens the Noose on Paytm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com