നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിക്കുന്നില്ലേ? കാരണം ഇതാവാം
Mail This Article
ഇന്നലെ വരെ ഇടപാടു നടത്തിയ ബാങ്ക് അക്കൗണ്ട് പെട്ടെന്ന് പ്രവര്‍ത്തിക്കുന്നില്ല. അതും കൂടുതൽ ഇടപാട് നടത്തുന്ന വേള കൂടി ആണെങ്കിലോ. കാരണം എന്താണെന്ന് അറിയാതെ ടെന്‍ഷന്‍ അടിക്കേണ്ടി വരും അല്ലേ?
എന്നാൽ കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകളാണ് ഇത്തരത്തില്‍ സ്റ്റോപ് ചെയ്യുന്നത്. ബാങ്ക് ഉപഭോക്താവിന് മെയില്‍ വഴിയും മെസേജ് വഴിയും കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള സന്ദേശം അയയ്ക്കുന്നുണ്ട്. എന്നാല്‍ ഇത് കാണാതെ പോകുന്ന ഉപഭോക്താക്കളാണ് പ്രതിസന്ധിയിലാകുന്നത്. ഇവിടെ അക്കൗണ്ട് തൽക്കാലത്തേക്ക് സ്റ്റോപ്പ് ചെയ്യാറാണുള്ളത്. അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാന്‍ കഴിയും എന്നാല്‍ എടിഎം,യുപിഐ തുടങ്ങിയവ വഴിയൊന്നും പണം അയയ്ക്കാന്‍ കഴിയില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ കാരണം കെവൈസി അപ്ഡേറ്റ് ചെയ്യാന്‍ സമയമായാല്‍ കൃത്യമായി ചെയ്യേണ്ടതാണ്.
കെവൈസി അപ്ഡേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം
∙ബ്രാഞ്ചില്‍ നേരിട്ട് ആധാര്‍, പാന്‍ എന്നിവയുടെ കോപ്പിയുമായി ചെല്ലുക
∙ബാങ്കില്‍ നിന്ന് പ്രത്യേക ഫോം ലഭിക്കും. അതില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുക.(ഫോം ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്)
∙ചില ബാങ്കുകളില്‍ ഫോട്ടോ നല്‍കേണ്ടതുണ്ട്. കയ്യിൽ പാസ്പോര്‍ട്ട് സൈസ് ഫോട്ട് കരുതണം
∙അപേക്ഷ നല്‍കിയ ദിവസം നിശ്ചിത മണിക്കൂറിനുള്ളില്‍ അക്കൗണ്ട് പഴയപടിയാകും.(ബാങ്ക് പ്രവര്‍ത്തന സമയം തുടങ്ങുന്ന സമയം തന്നെ അപേക്ഷ നല്‍കാന്‍ ശ്രമിക്കണം.)
∙ഇനി സ്വന്തം ബ്രാഞ്ചില്‍ നേരിട്ട് ചെല്ലാന്‍ കഴിയില്ലെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് ഡോക്യുമെന്റുകള്‍ മെയില്‍ വഴി ഹോം ബ്രാഞ്ചില്‍ അയച്ചു കൊടുക്കാം. ഇടപാടുകള്‍ നടന്നു കൊണ്ടിരിക്കുന്ന അക്കൗണ്ടുകളാണെങ്കിലേ ഈ വഴി സ്വീകരിക്കാവൂ.
∙ഉപഭോക്താക്കാളെ ബ്രാഞ്ചില്‍ ചെല്ലാന്‍ നിര്‍ബന്ധിക്കരുതെന്ന് ആര്‍ബിഐ നിര്‍ദ്ദേശമുള്ളതിനാല്‍ ഇ-മെയില്‍, റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, എടിഎം അല്ലെങ്കില്‍ ബാങ്കിങ്, മൊബൈല്‍ ആപ്പ് വഴി സ്വയം സമര്‍പ്പിക്കാവുന്നതാണ്.
∙തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍, വോട്ടര്‍ ഐ ഡി തുടങ്ങിയവ ഉപയോഗിക്കാം.
∙ ചിലപ്പോള്‍ ബാങ്കില്‍ പോകാതെ അപ്ഡേറ്റ് ചെയ്യാന്‍ ചില ലിങ്കുകള്‍ മെസേജായി വരാം. ഇത് ഒരു കാരണവശാലും ഓപ്പണ്‍ ചെയ്തു വിവരങ്ങള്‍ നല്‍കരുത്. ഓണ്‍ലൈന്‍ തട്ടിപ്പ് ഇത്തരം മേഖലയില്‍ നടക്കുന്നുണ്ട്.
∙ബാങ്ക് ഓണ്‍ലൈനായി അക്കൗണ്ട് നമ്പര്‍, പിന്‍ തുടങ്ങിയവ ചോദിക്കില്ല.