ബാങ്ക് ജീവനക്കാർക്ക് കോളടിച്ചു, ശമ്പളം, അവധി, ആനുകൂല്യങ്ങള് എല്ലാം കൂടും
Mail This Article
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെയും (ഐബിഎ) ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനുകളുടെയും വർക്ക്‌മെൻ എംപ്ലോയീസ് യൂണിയനുകളുടെയും നെഗോഷിയേറ്റിങ് കമ്മിറ്റി ശമ്പള പരിഷ്‌കരണത്തിൽ 17 ശതമാനം വർധനയ്ക്കുള്ള കരാറിൽ ഒപ്പുവച്ചു. 2024 സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ തന്നെ ഇത് പ്രാബല്യത്തിൽ വരും. ഓഫീസർമാരുടെയും തൊഴിലാളികളുടെയും വേതനപരിഷ്‌കരണത്തിൻ്റെ പേരിൽ പൊതുമേഖലാ ബാങ്കുകൾ 8,424 കോടി രൂപ ഓഫീസർമാരുടെ വേതന പരിഷ്കരണത്തിനും, 4,165 കോടി രൂപ മറ്റ് തൊഴിലാളികളുടെ വേതന പരിഷ്കരണത്തിനുമായി മാറ്റി വെച്ചിട്ടുണ്ട്.
എല്ലാ ശനിയാഴ്ചകളിലും അവധി
2022 നവംബർ 1 മുതൽ അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിൽ വരുന്ന സംയുക്ത കുറിപ്പിൽ, നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം എല്ലാ ശനിയാഴ്ചകളും പൊതു അവധി ദിവസങ്ങളായി പ്രഖ്യാപിക്കുന്നതിന് IBAയും അസോസിയേഷനുകളും ധാരണയിലെത്തിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നും റിസർവ് ബാങ്കിൽ നിന്നും ആവശ്യമായ അനുമതികൾക്ക് ശേഷം പ്രവൃത്തി സമയങ്ങളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കുറിപ്പിൽ പറയുന്നു. ക്യാൻസർ, സെറിബ്രൽ സ്‌ട്രോക്ക്, പക്ഷാഘാതം, അവയവം മാറ്റിവയ്ക്കൽ, കരൾ രോഗം, വൃക്ക തകരാർ തുടങ്ങിയ വലിയ അസുഖങ്ങൾ ജീവനക്കാർക്കുണ്ടായാൽ പ്രിവിലേജ് ലീവ് സ്വമേധയാ എൻക്യാഷ് ചെയ്യുന്നതിനായി വ്യവസ്ഥ ചെയ്യുന്ന ഒരു സ്റ്റാഫ് ക്ഷേമ പദ്ധതി വികസിപ്പിച്ചെടുക്കുന്നതിനുള്ള സംവിധാനവും കൊണ്ടുവരും.
ഈ സ്പെഷ്യൽ ലീവ് അത്തരം അസുഖങ്ങൾ ബാധിച്ച ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും. കുടുംബാംഗങ്ങളുടെ (പങ്കാളി, മക്കൾ, മാതാപിതാക്കൾ, പങ്കാളിയുടെ മാതാപിതാക്കൾ) വിയോഗത്തിൽ ജീവനക്കാർക്ക് മരണാനന്തര അവധി അനുവദിക്കുമെന്ന് തൊഴിലാളി യൂണിയനുകളുടെ സംയുക്ത കുറിപ്പിൽ പറയുന്നു.
12 പൊതുമേഖലാ ബാങ്കുകൾക്ക് പുറമെ 10 സ്വകാര്യമേഖലാ ബാങ്കുകളിലും വേതന പരിഷ്‌ക്കരണം നടപ്പിലാക്കും. ഫെഡറൽ ബാങ്ക്, കർണാടക ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിബിഐ ബാങ്ക് (സ്കെയിൽ III വരെ), സൗത്ത് ഇന്ത്യൻ ബാങ്ക് (സ്കെയിൽ IV വരെ), ജമ്മു & കശ്മീർ ബാങ്ക് ഉദ്യോഗസ്ഥർക്ക് (IBA സ്കെയിലിലുള്ളവർ) സെറ്റിൽമെൻ്റ് ബാധകമാണ്. കരൂർ വൈശ്യ ബാങ്ക്, ആർബിഎൽ ബാങ്ക്, നൈനിറ്റാൾ ബാങ്ക്, ധനലക്ഷ്മി ബാങ്ക്,സിറ്റിബാങ്ക് എൻഎ, എച്ച്എസ്ബിസി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നീ ബാങ്കുകൾക്കും വേതന സെറ്റിൽമെന്റ് ബാധകമായിരിക്കും.