ADVERTISEMENT

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകളും സ്ഥാപനങ്ങളും വ്യക്തികളും ആണ് ഇപ്പോൾ ഈ സംവിധാനത്തിൽ ഉള്ളത്.  CBDC റീറ്റെയ്ൽ (CBDC-R) കൂടുതൽ  ആളുകളിലേക്ക്‌ എത്തിക്കുവാൻ ബാങ്കുകൾ അല്ലാത്ത പേയ്മെന്റ്  സംവിധാനങ്ങള്‍ക്കും CBDC wallet ഓഫർ ചെയ്യുവാൻ റിസർവ് ബാങ്ക് ആലോചിക്കുന്നു. ഇത് CBDC യുടെ കാര്യക്ഷമത പരിശോധിക്കുവാനും ശക്തിപ്പെടുത്തുവാനും ഉപകരിക്കുമെന്നാണ് ആർബിഐ അറിയിക്കുന്നത്. മാത്രമല്ല, ഒന്നിലധികം ചാനലുകളിൽ ഡിജിറ്റൽ റുപ്പിയുടെ ഉപയോഗം പരിശോധിക്കുവാനും അത് വഴി ഡിജിറ്റൽ റുപ്പി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനും കഴിയും.  

ബാങ്കുകൾ വഴി മാത്രം ഡിജിറ്റൽ റുപ്പി ഉപയോഗിക്കുമ്പോൾ അതിന്റെ ഉപയോഗം പ്രതീക്ഷിക്കുന്നത്ര കൂടുന്നില്ല.  അതിനാലാണ് ബാങ്കുകൾ അല്ലാത്ത പേയ്മെന്റ് ഓപ്പറേറ്റർമാരെയും ഡിജിറ്റൽ റുപ്പി സംവിധാനത്തിൽ കൊണ്ടു വരുന്നത്.  ഈ തീരുമാനം വഴി PhonePe, Google Pay, Paytm എന്നിങ്ങനെയുള്ളവരെ കൂടെ ഡിജിറ്റൽ റുപ്പിയുടെ കുടക്കീഴിൽ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്.  

എന്താണ് ഡിജിറ്റൽ കറൻസി?

പണം കൈമാറ്റരംഗത്തു അഭിമാനർഹമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള ഡിജിറ്റൽ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ തീർച്ചയായും മികച്ചതാണ്. വലിയ ചെലവില്ലാതെ, ഏവർക്കും ചെയ്യാവുന്ന തരത്തിലാണ് അത് രൂപകൽപന ചെയ്തിട്ടുള്ളത്. എളുപ്പമാണ്, കാര്യക്ഷമമാണ്,  സുരക്ഷിതമാണ്, എല്ലാസമയത്തും ലഭ്യമാണ് എന്നിങ്ങനെ പല നേട്ടങ്ങളുണ്ട്. ഈ രംഗത്തേക്ക് ഏറ്റവും പുതിയതായി റിസർവ് ബാങ്ക് കൊണ്ടുവരുന്ന ഇലക്ട്രോണിക് രൂപത്തിലുള്ള, അല്ലെങ്കിൽ, ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC - ഡിജിറ്റൽ റുപ്പീ - e₹). ഇത് സാധാരണ കടലാസ് കറൻസി പോലെ വിനിമയം ചെയ്യാം. പണമിടപാടുകൾ നടത്താം. സൂക്ഷിച്ചുവെക്കാം.  

ഡിജിറ്റൽ കറൻസി കൊണ്ട് എന്ത് ഗുണം?

കറൻസി പ്രിന്റ് ചെയ്തു വിതരണം ചെയ്യുന്നതിന്റെ ചെലവും ബദ്ധപ്പാടും കുറക്കാം എന്നതാണ് ഡിജിറ്റൽ കറൻസിയുടെ ഒരു ഗുണം.  കറൻസി രഹിത ലോക സംവിധാനത്തിലേക്കുള്ള യാത്ര സുഗമമാക്കും. രാജ്യാന്തര വ്യാപാരത്തിലടക്കം പണം കൈമാറ്റരീതികളിൽ പുതുമ കൊണ്ടുവരാന്‍ ഡിജിറ്റൽ കറൻസിക്ക് കഴിയും.  ക്രിപ്റ്റോ പോലുള്ള സ്വകാര്യ സാങ്കല്പിക കറൻസികൾ നൽകുന്ന സൗകര്യങ്ങൾ, അവ കൊണ്ടുവരുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും അവയ്ക്കുള്ള അപകടസാധ്യതകളും ഒഴിവാക്കി കൊണ്ട് തന്നെ നൽകുവാൻ ഡിജിറ്റൽ കറൻസിക്ക് സാധിക്കും.  ഓൺലൈനിൽ മാത്രമല്ല ഓഫ്‌ലൈനിലും  ഉപയോഗിക്കാം എന്നതുകൊണ്ട്  മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത പ്രദേശങ്ങളിലെ ആളുകൾക്കും ഡിജിറ്റൽ കറൻസി സുഗമമായി കൈകാര്യം ചെയ്യാം.  ഇന്ത്യൻ സാഹചര്യത്തിൽ ഇത് ഏറെ പ്രസക്തമാണ്.

ഡിജിറ്റൽ റുപ്പിയിലുള്ള ഇടപാടുകൾ 2023 ഡിസംബറിൽ 10 ലക്ഷം  കഴിഞ്ഞു.  

English Summary:

CDBC Extending Presence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com