യുപിഐ വഴി പണം നിക്ഷേപിക്കാനും സാധിക്കുമോ? എടിഎം കാർഡുകൾ അപ്രസക്തമാകുമോ?
Mail This Article
യുപിഐ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്ന സംവിധാനം ഉടൻ പ്രാവർത്തികമാക്കുമെന്നു റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. യുപിഐ വഴി എടിഎമ്മുകളിൽ നിന്നു കാർഡ് ഉപയോഗിക്കാതെ പണം പിൻവലിക്കൽ നടത്തുന്ന കാര്യത്തെ കുറിച്ച് പഠനം നടത്തിയപ്പോഴാണ് ഇങ്ങനെ ഒരു ആശയം ഉരുത്തിരിഞ്ഞു വന്നത്. ഇത്തരമൊരു സംവിധാനം നിലവിൽ വന്നാൽ എടിഎം കാർഡുകൾ അപ്രസക്തമാകുമെന്നു സൂചനകളുണ്ട്.
ഭാവിയിലും ഇപ്പോഴുള്ളത് പോലെ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്തുമ്പോൾ എടിഎം കാർഡിന് പുറകിലുള്ള നമ്പറുകൾ (CVV) തുടർന്നും ഉപയോഗിക്കേണ്ടി വരാം. പൂർണമായും എടിഎം കാർഡുകളുടെ ആവശ്യം ഇല്ലാതാക്കിയാൽ അത് ബാങ്കുകളുടെ ലാഭത്തെ ബാധിക്കും.
യുപിഐ വഴി എങ്ങനെ പണം നിക്ഷേപിക്കും?
യുപിഐ ആപ് ഉപയോഗിച്ച് എടിഎമ്മുകളിലെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ (സിഡിഎം) പണം നിക്ഷേപിക്കാൻ കഴിയുന്ന സംവിധാനമായിരിക്കും നടപ്പിലാക്കുക.
∙ ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ (CDM), ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് പകരം "UPI ക്യാഷ് ഡെപ്പോസിറ്റ്" എന്ന ഓപ്ഷൻ ഉണ്ടാകും.
∙ സിഡിഎം സ്ക്രീനിൽ ഒരു ക്യൂആർ കോഡ് പ്രദർശിപ്പിക്കും. ആ ക്യൂആർ കോഡ് സ്കാൻ ചെയ്യുക.
∙ ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ യുപിഐ ആപ് ആണ് ഉപയോഗിക്കുക.
∙ എത്ര രൂപയാണ് നിക്ഷേപിക്കുന്നത് എന്ന് തീരുമാനിക്കുക. നിക്ഷേപ തുക യുപിഐ ആപ് കാണിക്കും. നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പണവുമായി ഇത് പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഒത്തുനോക്കുക.
∙ യുപിഐ-ലിങ്ക്ഡ് അക്കൗണ്ടുകളിൽ നിന്ന് പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക. തുടർന്ന്, യുപിഐ പിൻ ഉപയോഗിച്ച് ഇടപാട് പൂർത്തിയാക്കുക.