ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയും വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് വർധിപ്പിച്ചു. ഇതോടെ ഇവയുടെ പ്രതിമാസ തിരിച്ചടവ് (EMI) ബാധ്യത കൂടും. പുതുക്കിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വന്നു.

വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റാണ് (MCLR) എസ്ബിഐ വർധിപ്പിച്ചത്. 0.10 ശതമാനം വരെയാണ് വർധന. എംസിഎൽആർ അധിഷ്ഠിതമായ വായ്പകളുടെ പലിശ ഇതുപ്രകാരം ഉയരും. കഴിഞ്ഞ ജൂണിലും എസ്ബിഐ എംസിഎൽആറിൽ 0.10 ശതമാനം വരെ വർധന വരുത്തിയിരുന്നു. എച്ച്ഡിഎഫ്‍സി ബാങ്ക് ഉൾപ്പെടെ നിരവധി സ്വകാര്യ, പൊതുബാങ്കുകളും അടുത്തിടെ എംസിഎൽആർ കൂട്ടിയിരുന്നു.

പുതുക്കിയ നിരക്കുകൾ

 

ഒറ്റനാൾ (Overnight) കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.1 ശതമാനത്തിൽ തുടരും. ഒരുമാസ കാലാവധിയുള്ളവയുടേത് 0.05 ശതമാനം ഉയർത്തി 8.35 ശതമാനമാക്കി.

മൂന്ന് മുതൽ രണ്ടുവർഷം വരെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ വർധന 0.10 ശതമാനം. മൂന്നുമാസത്തേതിന് 8.40 ശതമാനം, ആറുമാസത്തേതിന് 8.75 ശതമാനം, ഒരുവർഷത്തേതിന് 8.85 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. രണ്ടുവർഷത്തേതിന് 8.95 ശതമാനം.

Home-Loan-EMI

മൂന്നുവർഷം തിരിച്ചടവ് കാലാവധിയുള്ള വായ്പകളുടെ എംസിഎൽആറിൽ വർധന 0.05 ശതമാനം. ഇതോടെ പുതുക്കിയ നിരക്ക് 9 ശതമാനമായി.

എന്താണ് എംസിഎൽആർ?
 

ബാങ്കുകളുടെ വായ്പാ പലിശനിരക്ക് നിർണയിക്കാനുള്ള അടിസ്ഥാന നിരക്കുകളിലൊന്നാണിത്. 2016ലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിലധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്. റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എംസിഎൽആറിലും ബാങ്കുകൾ മാറ്റം വരുത്തണം. ബാങ്കിന്‍റെ പ്രവർത്തനച്ചെലവ്, വായ്പയുടെ കാലാവധി, കരുതൽ ധന അനുപാതം (സിആർആർ) തുടങ്ങിയവ കൂടി വിലയിരുത്തിയാണ് എംസിഎൽആർ നിർണയം. ഇത് ഓരോ ബാങ്കിനും വ്യത്യാസപ്പെട്ടിരിക്കും. ഇതിലും കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് അനുവാദമില്ല.

എങ്ങനെ ബാധിക്കും?
 

ഉദാഹരണത്തിന് നിങ്ങൾക്ക് എംസിഎൽആറിൽ അധിഷ്ഠിതമായ 50 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്നും പലിശനിരക്ക് 8.75 ശതമാനമാണെന്നും കരുതുക. പുതുക്കിയ എംസിഎൽആർ പ്രാബല്യത്തിലാകുന്നതോടെ പലിശനിരക്ക് 8.85 ശതമാനമാകും. ഫലത്തിൽ പ്രതിമാസ തിരിച്ചടവ് ഗഡു (EMI) ഉയരും. ഇഎംഐ അടയ്ക്കാൻ കൂടുതൽ തുക നിങ്ങൾ വരുമാനത്തിൽ നിന്ന് നീക്കിവയ്ക്കണം.

English Summary:

SBI Loan Interest Rate Hikes: What Borrowers Need to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com