ബാങ്ക് ഓഫ് ബറോഡ തരും, ഈ നിക്ഷേപങ്ങൾക്ക് ഉയര്‍ന്ന നേട്ടം
Mail This Article
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മൂന്ന് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നേട്ടം ലഭിക്കുക. ബാങ്കിന്റെ 117-ാം സ്ഥാപക ദിനം പ്രമാണിച്ചാണ് ഈ പുതിയ പദ്ധതികൾ അവതരിപ്പിച്ചത്. പ്രത്യേക ടേം ഡിപ്പോസിറ്റ് സ്‌കീം ആയ ബോബ് മണ്‍സൂണ്‍ ധമാക്ക ഡിപ്പോസിറ്റ് സ്‌കീമും പുതിയ സിസ്റ്റമാറ്റിക്ക് ഡിപ്പോസിറ്റ് പ്ലാനുകളുമാണ് ബാങ്ക് ഇത്തരത്തിൽ ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നേട്ടം നല്‍കുന്ന പദ്ധതികളാണിവ. രണ്ട് സ്‌കീമുകളും ഓണ്‍ലൈനായും ബാങ്കില്‍ വന്ന് നേരിട്ടും തുറക്കാവുന്നതാണ്.
ബോബ് മണ്‍സൂണ്‍ ധമാക്ക ഡിപ്പോസിറ്റ് സ്‌കീം
ബോബ് മണ്‍സൂണ്‍ ധമാക്ക ഡിപ്പോസിറ്റ് സ്‌കീം രണ്ട് കാലാവധികളില്‍ ലഭ്യമാണ്.
399 ദിവസത്തേക്ക് പ്രതിവര്‍ഷം 7.25 ശതമാനവും, 333 ദിവസത്തേക്ക് 7.15 ശതമാനവുമാണ് പലിശ നിരക്ക്. ഈ സ്‌കീം 3 കോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ നിക്ഷേപങ്ങള്‍ക്കാണ് ബാധകമായിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 0.50% അധിക പലിശനിരക്ക് ലഭിക്കും. 399 ദിവസത്തേക്ക് 7.75 ശതമാനവും 333 ദിവസത്തേക്ക് 7.65 ശതമാനവും പലിശ ലഭിക്കും. കൂടാതെ, നോണ്‍-കോളബിള്‍ ഡിപ്പോസിറ്റുകള്‍ക്ക് 0.15% അധിക പലിശയും ലഭിക്കും (മിനിമം 1 കോടി മുതല്‍ 3 കോടി രൂപയില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ബാധകം). ബോബ് മണ്‍സൂണ്‍ ധമാക്ക ഡിപ്പോസിറ്റ് സ്‌കീം 399 ദിവസത്തേക്ക് പ്രതിവര്‍ഷം പരമാവധി 7.90% പലിശ വാഗ്ദാനം ചെയ്യുന്നു.
പുതിയ സിസ്റ്റമാറ്റിക്ക് ഡിപ്പോസിറ്റ് പ്ലാനുകള്‍
ബോബ് ലാക്ക്പതി, ബോബ് മില്യണയര്‍, ബോബ് കോര്‍പതി എന്നിങ്ങളെ മൂന്ന് നിക്ഷേപ പദ്ധതികളാണുള്ളത്.
ലാക്ക്പതിയിലൂടെ നിക്ഷേപിക്കുന്ന നിക്ഷേപകര്‍ക്ക് ഒരു ലക്ഷത്തില്‍ കൂടുതല്‍ പണം സമ്പാദിക്കാനാകുന്നു. മില്യണയര്‍ ആണെങ്കിൽ പത്ത് ലക്ഷത്തിലധികവും കോര്‍പതി വഴി ഒരു കോടിയില്‍ അധികവും സമ്പാദിക്കാനാകുന്നു. ഈ പ്ലാനുകളുടെ പലിശ നിരക്കുകള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്ലാന്‍, കാലാവധി തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. സാധാരണ പൗരന്മാരേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നു. പതിവ് സ്‌കീമിന് പുറമേ, ആളുകള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് ചില അധിക പ്രത്യേകതകള്‍ ഉള്ള പദ്ധതികളും ബാങ്ക് ഉള്‍പ്പെടുത്തിയട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ തവണകള്‍, കാലാവധി, ആകര്‍ഷകമായ പലിശ നിരക്ക്, ലോണ്‍, ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങള്‍ എന്നിവ പുതിയ ഡിപ്പോസിറ്റ് പ്ലാനില്‍ ഉള്‍പ്പെട്ടിരിക്കുന്നു.