ക്രെഡിറ്റ് കാർഡ് ഫീസിൽ മാറ്റം വരുത്തി എച്ച്ഡിഎഫ്സി ബാങ്ക്; പുതിയ നിരക്ക് ഓഗസ്റ്റ് മുതൽ
Mail This Article
പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസുകൾ ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിൽ വരുംവിധം പരിഷ്കരിച്ചു. വിവിധ ബിൽ പേയ്മെന്റുകൾ (യൂട്ടിലിറ്റി പേയ്മെന്റ്സ്) ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുമ്പോൾ 50,000 രൂപവരെയുള്ള ഇടപാടിന് ഫീസില്ല. തുക 50,000 രൂപ കടന്നാൽ ഓരോ ഇടപാടിനും ഒരു ശതമാനമാണ് ഇനി ഫീസ്. പരമാവധി ഫീസ് 3,000 രൂപ. ഇൻഷുറൻസ് അനുബന്ധ ഇടപാടിന് പുതുക്കിയ ഫീസ് ബാധകമല്ല.
എണ്ണയടിക്കാൻ ചെലവേറും
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇന്ധനം വാങ്ങുമ്പോൾ തുക 15,000 രൂപയ്ക്ക് മുകളിലാണെങ്കിൽ ഒരു ശതമാനം ഫീസ് നൽകണം. പരമാവധി ഫീസ് ഓരോ ഇടപാടിനും 3,000 രൂപ. മൂന്നാംകക്ഷി ആപ്ലിക്കേഷനുകൾ (തേർഡ്-പാർട്ടി അപ്പ്) ഉപയോഗിച്ച് വിദ്യാഭ്യാസ പേയ്മെന്റുകൾ നടത്തിയാലും ഒരു ശതമാനം ഫീസുണ്ട്.
പേയ്ടിഎം, ക്രെഡ് തുടങ്ങിയവ ഉപയോഗിച്ച് വിദ്യാഭ്യാസ പേയ്മെന്റുകൾ നടത്തുമ്പോഴാണ് ഈ ഫീസ് ബാധകം. പരമാവധി ഫീസ് ഓരോ ഇടപാടിനും 3,000 രൂപ. വിദേശ പഠനത്തിനുള്ള ഫീസ് അതത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വെബ്സൈറ്റ് വഴിയോ പിഒഎസ് മെഷീൻ വഴിയോ അടയ്ക്കുമ്പോൾ ഫീസില്ല.
വാടക കൂടും!
തേർഡ്-പാർട്ടി ആപ്പുകൾ (ഉദാഹരണത്തിന് ക്രെഡ്, പേയ്ടിഎം, മോബിക്വിക്ക്) എന്നിവ ഉപയോഗിച്ച് വാടക അടയ്ച്ചാൽ ഒരു ശതമാനമാണ് ഫീസ്. ഇവിടെയും പരമാവധി ഈടാക്കുക ഓരോ ഇടപാടിനും 3,000 രൂപ. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വിദേശ പേയ്മെന്റ് ഇടപാടുകൾക്കും ഇനി ചെലവേറും. ഓരോ ക്രോസ്-കറൻസി (കറൻസികൾ തമ്മിലുള്ള) ഇടപാടിനും ഫീസ് 3.5 ശതമാനം വീതം.
ലേറ്റായാലും ഫീസ്
ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ വൈകിയാണ് നടത്തുന്നതെങ്കിൽ അത് ഇനി വലിയ ഭാരമായി മാറും. ബാധ്യതയ്ക്ക് (ഔട്ട്സ്റ്റാൻഡിങ് തുക) അനുസൃതമായി 100 മുതല്‍ 300 രൂപവരെയായിരിക്കും ഇനി ഫീസ്. ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ നിങ്ങൾ ആർജ്ജിച്ച റിവാർഡ് പോയിന്റ്സ് ക്ലെയിം ചെയ്യാനോ (സ്റ്റേറ്റ്മെന്റ് ക്രെഡിറ്റ്) ക്യാഷ്ബാക്ക് നേടാനോ ഇനി 50 രൂപ കൊടുക്കണം.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിലൂടെ, ബാങ്കിന് വീട്ടാനുള്ള തുകയ്ക്ക് (ഔട്ട്സ്റ്റാൻഡിങ് ബാലൻസ്) 3.75 ശതമാനമാണ് ഇനി പലിശ. ക്രെഡിറ്റ് കാർഡ് ഇടപാട് നടന്ന ദിവസം മുതൽ തുക അടച്ചുതീർക്കും വരെയുള്ള ദിവസം വരെ കണക്കാക്കിയാണ് പലിശ ഈടാക്കുക.
ഇഎംഐക്ക് പ്രോസസിങ് ഫീസ്
ക്രെഡിറ്റ് കാർഡ് ഇടപാട് ഇഎംഐ ആയി മാറ്റുന്നതിന് 299 രൂപ പ്രോസസിങ് ഫീസ് ഈടാക്കും.