ADVERTISEMENT

നിങ്ങളുടെ വായ്പാ അക്കൗണ്ടിൽ 25 ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കാനുണ്ടോ? എങ്കിൽ ഇനി കൃത്യമായി മാസഗഡു അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ  വായ്പാ തട്ടിപ്പു നടത്തുന്ന ആൾ എന്ന മുദ്ര നിങ്ങൾക്കു ചാർത്തി കിട്ടാം. എന്നു  മാത്രമല്ല  ഫോട്ടോ അടക്കം വിവരങ്ങൾ പ്രസിദ്ധീകരിക്കപ്പെടാം. ഭാവിയിൽ വായ്പ കിട്ടാതേയും വരാം. 

ഉയർന്ന തുകയ്ക്കുള്ള വായ്പകളിൽ  തിരിച്ചടവ് മുടങ്ങുന്നത് മനപൂർവമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കാനും ശക്തമായ  നടപടികൾ സ്വീകരിക്കാനും റിസർവ് ബാങ്ക്  ഓഫ് ഇന്ത്യ വിവിധ ധനകാര്യ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ്. 25 ലക്ഷം രൂപയ്ക്ക് മേൽ തിരിച്ചടവ് തുകയുള്ള വായ്പാ അക്കൗണ്ടുകൾ  കിട്ടാക്കടമായിട്ടുണ്ടോ എന്നു പരിശോധിക്കാനാണ് ആർബിഐ മാസ്റ്റർ സർക്കുലറിൽ പറയുന്നത്. അത്തരത്തിൽ എൻപിഎ ആയ അക്കൗണ്ടുകൾ വിലയിരുത്താനും പരിശോധിക്കാനും  ആവശ്യമായ  നയങ്ങളും സംവിധാനങ്ങളും ഒരുക്കണമെന്നു  ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.  

90 ദിവസം അതായത് മൂന്നു മാസം  പലിശയോ മുതലോ അടച്ചിട്ടില്ലെങ്കിൽ ആ വായ്പാ അക്കൗണ്ട്  വായ്പാ ദാതാവിനെ സംബന്ധിച്ച് നോൺ പെർഫോമിങ് അസറ്റ് അഥവാ നിഷ്ക്രിയ ആസ്തി (എൻപിഎ)ആകും. 25 ലക്ഷത്തിലധികം രൂപയുള്ള  വായ്പാ അക്കൗണ്ടുകൾ കിട്ടാക്കടം (എൻപിഎ) ആയാലാണ് പരിശോധനാ പട്ടികയിലേക്ക് മാറ്റുക. ആദ്യ ഘട്ട പരിശോധനയിൽ മനപൂർവം തിരിച്ചടയ്ക്കാത്തതാണെന്നു കണ്ടെത്തിയാൽ അടുത്ത ഘട്ട വിലയിരുത്തൽ നടത്തുകയും നിഷ് പക്ഷ അംഗങ്ങളുള്ള ബോർഡ് വിശദ പരിശോധന ആറു മസത്തിനകം പൂർത്തിയാക്കുകയും വേണം.   മനപൂർവമാണ് തിരിച്ചയ്ക്കാതിരിക്കുന്നത് എന്നു കണ്ടെത്തിയാൽ വായ്പ എടുത്ത വ്യക്തിയെ തട്ടിപ്പ് ഗണത്തിൽ ഉൾപ്പെടുത്തണം. 

ഒക്ടോബർ 28ന് പ്രാബല്യത്തിൽ

 ആർബിഐ മാർഗ രേഖ പ്രകാരം  ഇത്തരത്തിലുള്ള  വ്യക്തികളുടെ  ഫോട്ടോ അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കും.  മാത്രമല്ല ഇവർക്ക്  ഒരു കാരണവശാലും  ഒരു ധനകാര്യ സ്ഥാപനവും വായ്പ നൽകരുത് എന്നു മാർഗരേഖ പറയുന്നു. ഇനി വായ്പ തിരിച്ചടവ് നടത്തി പട്ടികയിൽ നിന്ന് ഒഴിവായാൽ തന്നെ ഒരു വർഷത്തിനു ശേഷമേ അടുത്ത വായ്പ നൽകാവൂ എന്നും നിർദേശമുണ്ട്. കഴിഞ്ഞ വർഷം തയ്യാറാക്കിയ കരടു മാർഗ രേഖയിൽ അഭിപ്രായം തേടിയ ശേഷം   ആണ് ഇപ്പോൾ അത് അന്തിമമാക്കിയിരിക്കുന്നത്. ഒക്ടോബർ 28ന് പ്രാബല്യത്തിൽ വരുന്ന മാർഗ രേഖ ബാങ്കുകൾക്കെന്ന പോലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകമാണ്.

വൻതുക പല സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരുടെ എണ്ണം കുറെ വർഷങ്ങളായി വർധിക്കുകയാണ്. മാത്രമല്ല അതേ തുടർന്ന് രാജ്യം തന്നെ വിട്ടു പോയിവിദേശത്ത് സുഖ ജീവിതം നയിക്കുന്നവരെ പിടികൂടാനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ്  വായ്പാ തട്ടിപ്പുകാരെ  സമൂഹമധ്യത്തിൽ തുറന്നു കാട്ടുക, മനപൂർവം തിരിച്ചടയ്ക്കാത്തവർക്ക്  അടുത്ത വായ്പ ലഭിക്കുന്നത് ഒഴിവാക്കുക എന്നീ  നല്ല ലക്ഷ്യങ്ങളോടെ ആണ്  ആർബിഐയുടെ നടപടികൾ. എന്നാൽ  25 ലക്ഷം രൂപ എന്ന പരിധി ഇവിടെ സാധാരണക്കാർക്ക് വലിയ പ്രശ്നമാകും. കാരണം  ഒരു സാദാ വീടു വയ്ക്കാനും  ചെറിയൊരു സംരംഭം തുടങ്ങാനും ഒക്കെ ഇന്ന്  കുറഞ്ഞത് 20–25 ലക്ഷം രൂപ വായ്പ എടുക്കാതെ തരമില്ല. മനപൂർവം അല്ലെങ്കിലും  മൂന്നു മാസം ഒക്കെ തിരിച്ചടവ്  മുടക്കാൻ പലപ്പോഴും ഇത്തരക്കാർ നിർബന്ധിതരാകും. മാത്രമല്ല  വായ്പാ ഉപഭോക്താവിന്റെ  തിരിച്ചടവ് ശേഷി വിലയിരുത്തിയാണ് ബാങ്കുകൾ വായ്പ നൽകുന്നത്. അതിനാൽ അത് കൃത്യമായി തിരിച്ചടച്ചില്ലെങ്കി്ൽ മനപൂർവമായ വീഴ്ചയായി വിലയിരുത്താനുള്ള സാധ്യത കൂടുതലുമാണ്. പട്ടികയിൽ ഉൾപ്പെട്ടാൽ പിന്നെ മറ്റൊരു വായ്പ കിട്ടില്ല എന്നതും രക്ഷപെടാനുള്ള സാധ്യത ഇല്ലാതാക്കും. ഫലത്തിൽ കോടിക്കണക്കിന് വായ്പകൾ എടുത്ത് തട്ടിപ്പു നടത്തുന്നവർക്കെതിരെ  കൊണ്ടു വരുന്ന നടപടികൾ  ഒട്ടേറെ സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കാം. 25 ലക്ഷം  രൂപ  ഔട്ട് സ്റ്റാൻഡിങ് എന്ന  പരിധി  ഉയർത്തുകയാണ് ഇവിടെ പരിഗണിക്കാവുന്ന കാര്യം. അതിനു ആർബിഐ തയ്യാറാകുമോ എന്നതു കണ്ടറിയണം. 

എന്തായാലും 25 ലക്ഷത്തിനടുത്ത് വായ്പാ തുക ഉള്ളവർ ഇനി മാസഗഡു കൃത്യമായി അടയ്ക്കാനും   അക്കൗണ്ട് എൻപിഎ ആകുന്നത് ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.  ഇല്ലെങ്കിൽ വായ്പാ തട്ടിപ്പുകാരനായി നിങ്ങളെ സമൂഹം മുദ്രകുത്തും.  വായ്പകളും കിട്ടാതാകും.  

English Summary:

RBI's New Guidelines for Loan Defaulting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com