റിസർവ് ബാങ്കിന്റെ കൈയിൽ 5 ലക്ഷം കോടിയുടെ സ്വർണം; വിദേശ നാണ്യശേഖരം റെക്കോർഡിൽ
Mail This Article
ഇന്ത്യയുടെ വിദേശ നാണ്യശേഖരം (Forex Reserves) ഓഗസ്റ്റ് രണ്ടിന് സമാപിച്ച ആഴ്ചയിൽ 753 കോടി ഡോളർ ഉയർന്ന് എക്കാലത്തെയും ഉയരമായ 67,491 കോടി ഡോളറിൽ എത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ 18ലെ 67,085 കോടി ഡോളറിന്റെ റെക്കോർഡ് മറികടന്നു. വിദേശ കറൻസി ആസ്തി (FCA) 516 കോടി ഡോളർ വർധിച്ച് 59,203 കോടി ഡോളറിൽ എത്തിയതാണ് നേട്ടമായത്.
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തിൽ ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട്, യൂറോ തുടങ്ങിയവയുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം വിദേശ നാണ്യശേഖരത്തിൽ പ്രതിഫലിക്കും.
2024 കലണ്ടർ വർഷം ഇതുവരെ വിദേശ നാണ്യശേഖരം 5,172 കോടി ഡോളറിന്റെ വർധനയാണ് കുറിച്ചത്. നടപ്പു സാമ്പത്തിക വർഷം (2024-25) ഇതുവരെയുള്ള വർധന 2,934 കോടി ഡോളർ. കരുതൽ സ്വർണശേഖരം ഓഗസ്റ്റ് രണ്ടിന് സമാപിച്ച ആഴ്ചയിൽ 240 കോടി ഡോളർ ഉയർന്ന് 6,009 കോടി ഡോളറായി. ഏകദേശം 5 ലക്ഷം കോടി രൂപയ്ക്ക് തുല്യമാണിത്.