വായ്പാ പലിശയിൽ വൻ മാറ്റവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്; നിങ്ങളുടെ ഇഎംഐയിൽ മാറ്റം ഇങ്ങനെ
Mail This Article
വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിൽ (എംസിഎൽആർ/MCLR) വൻ മാറ്റവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank/SIB). പുതുക്കിയ നിരക്കുകൾ നാളെ (ഓഗസ്റ്റ് 20) പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ 9.75 ശതമാനമായിരുന്ന ഒറ്റനാൾ (ഓവർനൈറ്റ്/overnight) കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 7.90 ശതമാനമായാണ് ബാങ്ക് കുത്തനെ കുറച്ചത്. ഒരുമാസ കാലാവധിയുള്ളവയുടേത് 9.75 ശതമാനത്തിൽ നിന്ന് 8.55 ശതമാനത്തിലേക്കും താഴ്ത്തി. ഈ വായ്പകളെ ആശ്രയിക്കുന്നവർക്ക് വൻ ആശ്വാസമാണിത്.
മറ്റ് കാലാവധികളുടെ നിരക്ക്
മൂന്നുമാസ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 9.80ൽ നിന്ന് 9.85 ശതമാനമായി കൂട്ടുകയാണ് ചെയ്തത്. ആറുമാസം കാലാവധിയുള്ളവയുടേത് 9.85 ശതമാനത്തിൽ നിന്ന് 9.90 ശതമാനത്തിലേക്കും ഒരുവർഷ കാലാവധിയുള്ളവയുടേത് 9.95ൽ നിന്ന് 10 ശതമാനത്തിലേക്കും കൂട്ടി. എംസിഎൽആർ അധിഷ്ഠിതമായ വായ്പകളുടെ പലിശനിരക്കിലാണ് ഈ പരിഷ്കാരങ്ങൾ പ്രകാരം നാളെമുതൽ മാറ്റമുണ്ടാവുക. അതായത് സ്വർണപ്പണയം, ഓവർഡ്രാഫ്റ്റ്, ജിഎസ്ടി ബിസിനസ് വായ്പ എന്നിങ്ങനെ സൗത്ത് ഇന്ത്യൻ ബാങ്കിലെ നിങ്ങളുടെ എംസിഎൽആർ ബാധകമായ വായ്പകളുടെ തിരിച്ചടവ് തുകയിൽ (ഇഎംഐ) മാറ്റം വരും.
എന്താണ് എംസിഎൽആർ?
ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിർണയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിൽ ഒന്നാണ് എംസിഎൽആർ. ഇതിലും കുറഞ്ഞ നിരക്കിൽ വായ്പകൾ വിതരണം ചെയ്യാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല. 2016ലാണ് റിസർവ് ബാങ്ക് റീപ്പോ നിരക്കിൽ അധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്.
റീപ്പോ മാറുന്നതിന് ആനുപാതികമായി എംസിഎൽആറും മാറും. ബാങ്കിന്റെ പ്രവർത്തനച്ചെലവ്, വായ്പയുടെ കാലാവധി, കരുതൽ ധന അനുപാതം (സിആർആർ) തുടങ്ങിയവ കൂടി വിലയിരുത്തിയാണ് എംസിഎൽആർ നിശ്ചയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമായിരിക്കും.