ADVERTISEMENT

ഏതെങ്കിലും കാരണവശാൽ ബാങ്ക് പൊളിഞ്ഞാൽ അതിൽ പണം നിക്ഷേപിച്ചിട്ടുള്ള ഇടപാടുകാരന് പരമാവധി 5 ലക്ഷം രൂപയ്ക്ക് മാത്രം പരിരക്ഷ ലഭിക്കുന്ന രീതിയാണ് ബാങ്കിങ് രംഗത്ത് ഇപ്പോഴുള്ളത്. അതായത് 25 ലക്ഷം രൂപ നിക്ഷേപിച്ച ആൾക്കും, 5 ലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്ന ആൾക്കും ബാങ്ക് പൊളിഞ്ഞാൽ 5 ലക്ഷം മാത്രമേ തിരിച്ചു ലഭിക്കൂ. നിക്ഷേപത്തുക കൂടുന്നതിനനുസരിച്ച് ഇൻഷുറൻസ് വർധിക്കില്ല എന്നർത്ഥം. ഇതിനൊരു മാറ്റം വേണമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവു വ്യക്തമാക്കുന്നു. നിലവിൽ അഞ്ച് ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുള്ള നിക്ഷേപ ഇൻഷുറൻസ് കവറേജ് പരിധി വർധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

നിക്ഷേപ വളർച്ച, പണപ്പെരുപ്പം ഉയരുന്ന വരുമാനം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത് ഒരു തീരുമാനത്തിലെത്തണമെന്നാണ് അദ്ദേഹം പറയുന്നത്. ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) ആതിഥേയത്വം വഹിച്ച ഐഎഡിഐ ഏഷ്യ-പസഫിക് റീജിയണൽ കമ്മിറ്റി രാജ്യാന്തര കോൺഫറൻസിൽ ഉപഭോക്തൃ നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പര്യാപ്തമാണെന്ന് ഉറപ്പാക്കണമെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. ഇന്ത്യയുടെ ഇപ്പോഴത്തെ വളർച്ച ബാങ്ക് നിക്ഷേപങ്ങളുടെ വളർച്ചയ്ക്കും വഴിവയ്ക്കണമെങ്കിൽ കാലത്തിനനുസരിച്ചുള്ള മാറ്റം വേണമെന്നദ്ദേഹം വിശദീകരിച്ചു.

ബാങ്ക് നിക്ഷേപം വഴിമാറുന്നു

ഡിജിറ്റൽ നിക്ഷേപ സാധ്യതകൾ വർധിച്ചതിനാൽ ബാങ്ക് നിക്ഷേപങ്ങളിലേയ്ക്കുള്ള പണം മ്യൂച്ചൽ ഫണ്ടുകളിലേക്കും, ഓഹരികളിലേക്കും ഒഴുകുന്നതിനെക്കുറിച്ച് റിസർവ് ബാങ്ക് കുറച്ചു നാളുകളായി ആശങ്കപ്പെടുന്നുണ്ട്. സുരക്ഷയില്ലാത്ത ബാങ്ക് നിക്ഷേപങ്ങളിൽ 5 ലക്ഷം രൂപയിൽ കൂടുതൽ ഇടുന്നതിൽ അർത്ഥമില്ല എന്നാണ് നിക്ഷേപകരുടെ പക്ഷം. നിക്ഷേപ ഇൻഷുറൻസ് തുക 5 ലക്ഷത്തിൽ നിന്ന് വർധിപ്പിച്ചാൽ ബാങ്കുകളിലേക്ക് കൂടുതൽ നിക്ഷേപം ഒഴുകി എത്തുമെന്ന പ്രതീക്ഷയും ആർബിഐയുടെ ഈ മനം മാറ്റത്തിന് പിന്നിലുണ്ട്.

English Summary:

RBI May Increase Deposit Insurance limit to Attract More Bank Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com