ADVERTISEMENT

ഡിജിറ്റൽ പണമിടപാടുകളിൽ ഇന്ത്യയെ രാജ്യാന്തര തലത്തിൽ തന്നെ മുൻനിരയിലെത്തിച്ച യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസുമായി (യുപിഐ) കൈകോർക്കാൻ യുഎസ് ബാങ്കുകളും. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ പങ്കെടുത്ത യുഎസിലെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ബോർഡ് ഓഫ് ഗവർണേഴ്സ് അംഗം ക്രിസ്റ്റഫർ വോളർ ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.

യുപിഐ പ്ലാറ്റ്ഫോം വികസിപ്പിച്ച നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷന്റെ (എൻപിസിഐ) ഓഫീസ് സന്ദർശിച്ച അദ്ദേഹം മണിക്കൂറുകൾ ചെലവിടുകയും യുപിഐയെ കുറിച്ച് വിശദമായി ചോദിച്ചറിയുകയും ചെയ്തിരുന്നു. 

Representative Image. Image Credit: AsiaVision/iStock.com
Representative Image. Image Credit: AsiaVision/iStock.com

പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയുള്ള ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ശ്രദ്ധേയമാണ്. ചെലവ് കുറഞ്ഞ സേവന സൗകര്യമാണെന്നതും നേട്ടമാണ്. സുരക്ഷാപ്രശ്നങ്ങളാൽ യുഎസിൽ അതിവേഗ പേയ്മെന്റ് സേവനങ്ങൾക്കും ബാങ്കുകളെ പരസ്പരം ബന്ധിപ്പിച്ചുള്ള സമഗ്ര ബാങ്കിങ് ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിനും പരിമിതികളുണ്ട്. എന്നാൽ, ഇന്ത്യയുടെ യുപിഐ ഇതിനൊരു പരിഹാരമാണെന്ന് കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു സംവിധാനത്തിൽ പ്രവർത്തിക്കാൻ യുഎസിലെ എല്ലാ ബാങ്കുകൾക്കും കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ, സ്വകാര്യ ബാങ്കുകൾക്ക് യുപിഐ പ്രയോജനപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യാന്തര പണമിടപാടുകളുടെ വേഗം കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക തീവ്രവാദം, പണം തട്ടിപ്പുകൾ എന്നിവ തടയാനും തട്ടിക്കപ്പെട്ട പണം ഉടനടി വീണ്ടെടുക്കാനും ഇത് സഹായിക്കും. രാജ്യാന്തര പണമിടപാടുകളെ ഒരു ആഭ്യന്തര പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുമ്പോൾ സുരക്ഷാപ്രശ്നം ഉയർന്നേക്കാം. ഇത് ബാങ്കുകൾക്ക് ബാധ്യതയുമായേക്കാം.

1418965382

പണമിടപാടുകളുടെ വേഗം കുറയ്ക്കുന്നതിലൂടെ ഇത് പരിഹരിക്കാനാകുമെന്ന് വോളർ പറഞ്ഞു. സാങ്കേതികമായി ബാങ്കുകളെ യുപിഐ പോലുള്ള സംവിധാനം വഴി ബന്ധിപ്പിക്കുന്നത് എളുപ്പമാണ്. എന്നാൽ, നിയമപരമായ ചട്ടക്കൂടുകൾ തയാറാക്കുകയാണ് വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൊബൈൽഫോണിലൂടെ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് തൽസമയം പണം കൈമാറാവുന്ന ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് 2016ൽ എൻപിസിഐ അവതരിപ്പിച്ച യുപിഐ. നോട്ട് റദ്ദാക്കലിന് ശേഷം യുപിഐക്ക് അനുദിനം വൻ സ്വീകാര്യതയാണ് ലഭിച്ചത്.

upi - 1

നിലവിൽ 600ലേറെ ബാങ്കുകൾ യുപിഐയുമായി സഹകരിക്കുന്നുണ്ട്. കഴിഞ്ഞമാസം മാത്രം 1,443.5 കോടി യുപിഐ ഇടപാടുകൾ നടന്നു. കൈമാറിയ തുകയാകട്ടെ 20.64 ലക്ഷം കോടി രൂപയും. രണ്ടും റെക്കോർഡാണ്. ഭൂട്ടാൻ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, സിംഗപ്പുർ, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലും നിലവിൽ യുപിഐ ഉപയോഗിക്കാം. കൂടുതൽ രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 

English Summary:

Christopher Waller of the US Federal Reserve praised UPI's efficiency and cost-effectiveness, suggesting its potential as a solution for similar systems in the US. While challenges remain, UPI's success in India highlights its potential for global impact on digital transactions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com