എൽ ജി ബി റ്റി ക്യു(LGBTQ) ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾക്ക് നിയന്ത്രണങ്ങളില്ലെന്ന് ധനമന്ത്രാലയം
Mail This Article
ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ബാങ്കിങ് മേഖലയിലും ശ്രമം. LGBTQ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾക്ക് ഇപ്പോൾ ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്നും അവരുടെ പങ്കാളികളെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഗുണഭോക്താക്കളായി നാമനിർദ്ദേശം ചെയ്യാമെന്നും കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചു. ക്വിയർ ബന്ധങ്ങളിലുള്ള വ്യക്തികൾക്ക് ഇപ്പോൾ എളുപ്പത്തിൽ ജോയിന്റ്ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്നും അക്കൗണ്ട് ഉടമ മരിച്ചാൽ അക്കൗണ്ടിലെ ബാലൻസ് ലഭിക്കുന്നതിന് അവരുടെ പങ്കാളികളെ നാമനിർദ്ദേശം ചെയ്യാമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഈ നീക്കം എൽജിബിടിക്യു കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾക്ക് മറ്റുള്ളവരെപ്പോലെതന്നെ സാമ്പത്തിക അവകാശങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നു.
സുപ്രീം കോടതി ഉത്തരവ്
2023 ഒക്ടോബർ 17-ന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം വന്നത്. എൽജിബിടിക്യു കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെ മികച്ച രീതിയിൽ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള മാറ്റങ്ങൾക്ക് കോടതിയുടെ തീരുമാനം കാരണമാകും. 2015-ൽ, എല്ലാ ഫോമുകളിലും ആപ്ലിക്കേഷനുകളിലും 'മൂന്നാം ലിംഗം' ഓപ്ഷൻ ഉൾപ്പെടുത്താൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാനും എളുപ്പമാക്കി. ഈ നീക്കമാണ് ആദ്യമായി ബാങ്കിങ് മേഖലയിൽ ആദ്യമായി ഇവർക്കായി മാറ്റങ്ങൾ കൊണ്ടുവന്നത്.
LGBTQ അവകാശങ്ങൾക്കായുള്ള മറ്റ് പരിഗണനകൾ
സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ച സുപ്രീം കോടതി, എൽജിബിടിക്യു സമൂഹത്തിന് മറ്റ് നിരവധി അവകാശങ്ങൾ ശുപാർശ ചെയ്തു. റേഷൻ കാർഡുകൾ പോലുള്ള ആവശ്യങ്ങൾക്കായി ക്വിയർ പങ്കാളികളെ ഒരേ കുടുംബത്തിൻ്റെ ഭാഗമായി പരിഗണിക്കുക, ജയിലിൽ അവരുടെ പങ്കാളികളെ സന്ദർശിക്കാൻ അനുവദിക്കുക, പിന്തുടർച്ചാവകാശം, പരിപാലനം, സാമ്പത്തിക ആനുകൂല്യങ്ങൾ, തൊഴിൽ അവകാശങ്ങൾ തുടങ്ങിയ നിയമപരമായ അവകാശങ്ങൾ വിപുലീകരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.