വായ്പ എടുത്തും മുന്നേറാം, സാമ്പത്തിക സ്വാതന്ത്ര്യത്തിലേയ്ക്ക്
Mail This Article
സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ കൃത്യമായ സാമ്പത്തികലക്ഷ്യങ്ങളും അൽപം സ്മാര്‍ട്ട്നെസും ഉണ്ടെങ്കിൽ കഥമാറും. സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റി സുരക്ഷിതമായി ജീവിക്കുന്നതിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും കൈവരിക്കാനിതിലൂടെ സാധിക്കും
കൃത്യമായ പദ്ധതികള്‍ വേണം
വ്യക്തമായി തയ്യാറാക്കിയ പദ്ധതി, അച്ചടക്കം, ബുദ്ധിമുട്ടുകള്‍ തരണം ചെയ്തും അതില്‍ ഉറച്ചു നില്‍ക്കല്‍ എന്നിവ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള പാതയില്‍ അനിവാര്യമാണ്. ഈ പാതയിലെ വളരെ ശക്തമായൊരു ആയുധമാണ് വായ്പകള്‍. ഉത്തരവാദിത്തത്തോടും ബുദ്ധിയോടും കൂടി വായ്പകള്‍ കൈകാര്യം ചെയ്താല്‍ ലഭിക്കുന്ന അവസരങ്ങള്‍ വളരെ പ്രധാനപ്പെട്ടതായിരിക്കും. വെറും കടം വാങ്ങലല്ല ഇതിനായി നടത്തേണ്ടത്. വായ്പകള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതവും ശോഭനവുമായ ഭാവി സൃഷ്ടിക്കാനാവണം.
വിവിധ ഘട്ടങ്ങളില്‍ വായ്പകള്‍ പ്രയോജനപ്പെടുത്താം
നിങ്ങളുടെ ജീവിതത്തിന്‍റെ നിര്‍ണായകമായ പല നാഴികക്കല്ലുകളും പിന്നിടാന്‍ വായ്പകള്‍ പ്രയോജനപ്പെടുത്താം. വീട് വാങ്ങല്‍, വിദ്യാഭ്യാസത്തിനായി പണം സ്വരൂപിക്കല്‍, ബിസിനസ് ആരംഭിക്കല്‍ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തി നിങ്ങളുടെ സാമ്പത്തിക പശ്ചാത്തലം മെച്ചപ്പെടുത്താന്‍ ഇവ സഹായകമാകും. അതേ പോലെ പ്രധാനപ്പെട്ട വാങ്ങലുകള്‍ക്കായി വായ്പ പ്രയോജനപ്പെടുത്തുമ്പോള്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി കൂടുതല്‍ സൗകര്യം ലഭിക്കുകയും ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയും സുരക്ഷിതത്വവും നേടാനാവുകയും ചെയ്യും.
ക്രെഡിറ്റ് ഹിസ്റ്ററിക്കും പ്രാധാന്യമേറെ
ഇത്തരത്തിലുള്ള സാമ്പത്തിക അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശക്തമായൊരു വായ്പാ ചരിത്രവും അനിവാര്യമാണ്. ഉത്തരവാദിത്തത്തോടെ വായ്പകള്‍ പ്രയോജനപ്പെടുത്തുന്നത് ഇക്കാര്യത്തില്‍ സഹായകമാകും. വായ്പകളുടേയും ക്രെഡിറ്റ് കാര്‍ഡുകളുടേയും കാര്യത്തില്‍ മെച്ചപ്പെട്ട പലിശ നിരക്കുകളും വ്യവസ്ഥകളും ലഭിക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്യും.
ക്രെഡിറ്റ് സ്കോര്‍ വിലയിരുത്തണം
ക്രെഡിറ്റ് റിപ്പോര്‍ട്ടിന്‍റേയും സ്കോറിന്‍റേയും അടിസ്ഥാനത്തിലാണല്ലോ വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളുമെല്ലാം നല്‍കുന്നത്. ക്രെഡിറ്റ്റിപ്പോര്‍ട്ടും സ്കോറും ഇടക്കിടെ വിലയിരുത്തുന്നത് ഇക്കാര്യത്തില്‍ നിങ്ങളുടെ സ്ഥിതി എന്തെന്ന് അറിഞ്ഞു മുന്നോട്ടു പോകാന്‍ സഹായിക്കും.
നിങ്ങളുടെ എല്ലാ വായ്പാ ബാധ്യതകളും കൃത്യ സമയത്തു തിരിച്ചടക്കുക എന്നത് ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്. ഇഎംഐ, ക്രെഡിറ്റ്കാര്‍ഡ് ബില്ലടയ്ക്കല്‍ തുടങ്ങിയവയ്ക്ക് റിമൈന്‍ഡറുകള്‍ സെറ്റു ചെയ്യുകയോ ഓട്ടോമാറ്റിക് പേയ്മെന്‍റുകള്‍ തയ്യാറാക്കുകയോ ചെയ്യുന്നത് ഇവ കൃത്യമായി അടയ്ക്കാന്‍ സഹായിക്കും.
വായ്പകളുടെ ഉപയോഗം ബുദ്ധിപൂര്‍വമാകണം
∙നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം, കൃത്യമായ അവലോകനങ്ങള്‍ നടത്തിയ ശേഷം ആയിരിക്കണം വായ്പകള്‍ക്ക് അപേക്ഷിക്കേണ്ടത്.
∙നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ വായ്പാ പദ്ധതികള്‍ കണ്ടെത്തണം.
∙പലിശ നിരക്കുകള്‍, ഫീസുകള്‍, തിരിച്ചടവു വ്യവസ്ഥകള്‍ തുടങ്ങിയവ കൃത്യമായി വിലയിരുത്തുകയും വേണം.
∙ഇവയെല്ലാം വഴി കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനാവും.
∙സാമ്പത്തിക സ്വാതന്ത്ര്യമെന്നത് കൈവശം പണമുള്ള അവസ്ഥ മാത്രമല്ല.
∙നിങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ജീവിതം മികച്ചതാക്കാനുള്ള തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവസരം കൂടിയാണ്.
ലേഖകൻ ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ സീനിയര്‍ വൈസ് പ്രസിഡന്‍റാണ്