അടൂരിൽ നിന്നൊരു ‘രാജ്യാന്തര’ ബനാന ചിപ്സ്
Mail This Article
ആലപ്പുഴ∙ ‘ഏത്തയ്ക്ക ഉപ്പേരിക്ക് (കായ വറുത്തത്) ആവശ്യക്കാരേറെയാണ്, എന്നാൽ എപ്പോഴും നിലവാരമുള്ള ഉപ്പേരി വിൽക്കുന്ന ഒരു ബ്രാൻഡിന്റെ അഭാവമുണ്ട്’– മാനസിന്റെ ഈ തിരിച്ചറിവാണു ബിയോണ്ട് സ്നാക്ക് എന്ന കോടികൾ വിറ്റുവരവുള്ള സംരംഭമായി മാറിയത്. വിവിധ ബ്രാൻഡുകൾ ഉരുളക്കിഴങ്ങ് ചിപ്സുമായി കൈവശം വച്ചിരുന്ന ആഗോള വിപണിയിലേക്കാണു മലയാളിയുടെ ബനാന ചിപ്സ് പിടിച്ചുകയറിയത്.
ആലപ്പുഴ ചെന്നിത്തല സ്വദേശി മാനസ് മധുവാണു ബിയോണ്ട് സ്നാക്കിന്റെ സ്ഥാപകൻ. എംബിഎ ബിരുദധാരിയായ മാനസ് ജോലി ഉപേക്ഷിച്ചാണ് ഭക്ഷ്യരംഗത്തെ സംരംഭകനായത്. ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളുമായി വിപണിയിൽ എത്തിയെങ്കിലും പരാജയപ്പെട്ടു. പക്ഷേ, അതിൽ നിന്നു പാഠം ഉൾക്കൊണ്ട് പുറത്തിറക്കിയ വിവിധ രുചിയുള്ള ബനാന ചിപ്സ് ആഗോള വിപണിയിൽ ഹിറ്റായി.
ജ്യോതി രാജ്ഗുരു, ഗൗതം രഘുരാമൻ എന്നിവർ സഹസ്ഥാപകർ. 2020ൽ പ്രവർത്തനം തുടങ്ങിയ കമ്പനിക്കു തുടക്കത്തിൽ എയ്ഞ്ചൽ ഫണ്ടിങ് ലഭിച്ചിരുന്നു. കാർഷിക, ഭക്ഷ്യ രംഗത്തെ കമ്പനികളിൽ നിക്ഷേപം നടത്തുന്ന നാബ്‌വെഞ്ച്വേഴ്സ് കഴിഞ്ഞ വർഷം 28 കോടിയുടെ ഫണ്ടിങ് നടത്തി.
കൃത്രിമ നിറങ്ങളോ, രുചികളോ ചേർക്കാതെ തന്നെ അരഡസനോളം രുചികളിൽ ബനാന ചിപ്സ് വിപണിയിലുണ്ടെന്നു മാനസ് പറയുന്നു.
ദേശി മസാല, സ്വീറ്റ് ചില്ലി, പെറി പെറി, സോൾട്ട് ആൻഡ് ബ്ലാക്ക് പെപ്പർ, ബനാന വേവ്സ് (ലെയ്സ് മോഡൽ) എന്നിങ്ങനെ. ആമസോൺ, ഫ്ലിപ്കാർട്, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ വാണിജ്യ സൈറ്റുകളിലും ലഭ്യം. യുഎസ്, യുകെ, ന്യൂസീലൻഡ്, കാനഡ, യുഎഇ, ഓസ്ട്രേലിയ, ഖത്തർ, കുവൈത്ത്, സ്വീഡൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കു കയറ്റുമതി നടത്തുന്നുണ്ടെന്നും മാനസ് പറയുന്നു.
അടൂരിലെ ഫാക്ടറിയിൽ ദിവസം 15 ടണ്ണിലധികം നേന്ത്രക്കായ സംസ്കരിച്ചാണ് ചിപ്സാക്കുന്നത്. വർഷം വിറ്റുവരവ് 17 കോടിയോളം.