ഹിൻഡൻബർഗ് ആഘാതം: ഓഹരികൾക്ക് നഷ്ടത്തുടക്കം; അദാനി ഓഹരികൾ 7% ഇടിഞ്ഞു, നഷ്ടം 53,000 കോടി
Mail This Article
ഹിൻഡൻബർഗും സെബിയും തമ്മിലെ ആരോപണ-പ്രത്യാരോപണ പോര് മുറുകുന്നതിനിടെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ. ഹിൻഡൻബർഗിന്റെ മുഖ്യ ഉന്നമായ അദാനി ഗ്രൂപ്പിന്റെ ഓഹരികളെല്ലാം ചുവന്നു. ഒരുവേള 7 ശതമാനത്തോളം നഷ്ടത്തിലേക്ക് വീണ അദാനി ഓഹരികൾ നിലവിൽ നഷ്ടം നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശങ്ക ശക്തം.
സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ഹിൻഡൻബർഗിന്റെ ആരോപണങ്ങളിൽ പരാമർശമുള്ള ഐഐഎഫ്എൽ സെക്യൂരിറ്റീസിന്റെ ഓഹരി വിലയും 2% നഷ്ടത്തിലാണുള്ളത്. ഐഐഎഫ്എല്‍ ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ 360 വൺ ഹാം ഓഹരി ആദ്യം നേട്ടത്തിൽ തുടങ്ങിയെങ്കിലും ഇപ്പോൾ നഷ്ടത്തിലായി.
സെൻസെക്സ് 228 പോയിന്റും നിഫ്റ്റി 85 പോയിന്റും താഴ്ന്നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് പിന്നീട് 400 ശതമാനത്തോളം താഴേക്ക് പോയെങ്കിലും നഷ്ടം 261 പോയിന്റിലേക്ക് നിജപ്പെടുത്തിയിട്ടുണ്ട്; പക്ഷേ, വിൽപനസമ്മർദ്ദം ശക്തമാണ്. 24,320ൽ ആരംഭിച്ച നിഫ്റ്റി നിലവിലുള്ളത് 133 പോയിന്റ് നഷ്ടത്തോടെ 24,234ൽ.
അദാനിക്ക് 'ചുവപ്പൻ' തുടക്കം
ഹിൻഡൻബർഗിന്റെ പുതിയ ആരോപണങ്ങൾ ഓഹരി വിപണിയിൽ ആശങ്കവിതച്ചേക്കുമെന്ന സൂചനകൾ ശരിവച്ച്, അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലായി. വ്യാപാരം ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ 5.42% ഇടിഞ്ഞാണ് അദാനി ടോട്ടൽ ഗ്യാസിന്റെ വ്യാപാരം. അദാനി പവർ 4.44%, അദാനി വിൽമർ 3.82%, അദാനി ഗ്രീൻ എനർജി 3.53%, അദാനി എനർജി സൊല്യൂഷൻസ് 3.58%, അദാനി എന്റർപ്രൈസസ് 3.04% എന്നിങ്ങനെ ഇടിഞ്ഞു. അദാനി പോർട്സ് 2.11% നഷ്ടത്തിലാണുള്ളത്. എസിസി, അംബുജ സിമന്റ്, എൻഡിടിവി എന്നിവയും നേരിയ നഷ്ടത്തിൽ വ്യാപാരം ചെയ്യുന്നു.
ഗ്രൂപ്പിലെ 10 ഓഹരികളും 7% വരെ ഇടിഞ്ഞതോടെ ഇന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 53,000 കോടിയോളം രൂപ കുറഞ്ഞു. 16.7 ലക്ഷം കോടി രൂപയിലേക്കാണ് സംയോജിത വിപണിമൂല്യം കുറഞ്ഞത്. അദാനി ഗ്രീൻ എനർജി സൊല്യൂഷൻസാണ് 7% വരെ ഇടിഞ്ഞ് വ്യാപാരം തുടങ്ങിയത്.
കൂടുതൽ ഓഹരികളും നഷ്ടത്തിൽ
നിഫ്റ്റി50ൽ 14 ഓഹരികൾ മാത്രമാണ് വ്യാപാരം ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ നേട്ടത്തിലുള്ളത്; 36 ഓഹരികളും നഷ്ടത്തിൽ. ഗ്രാസിം ഇൻഡസ്ട്രീസ്, സിപ്ല, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റാ മോട്ടോഴ്സ് എന്നിവയാണ് 0.6 മുതൽ 1.45% വരെ ഉയർന്ന് നേട്ടത്തിൽ മുന്നിലുള്ളത്.
3.73% ഇടിഞ്ഞ അദാനി എന്റർപ്രൈസസാണ് നഷ്ടത്തിൽ ഒന്നാമത്. രണ്ടാംസ്ഥാനത്ത് 2.59% താഴ്ന്ന് അദാനി പോർട്സും. എൻടിപിസി, എസ്ബിഐ ലൈഫ്, ടാറ്റാ കൺസ്യൂമർ എന്നിവ 1.15% മുതൽ 1.68% വരെ നഷ്ടവുമായി തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
വിശാല വിപണിയിൽ നിഫ്റ്റി ഫാർമയും (+0.17%), റിയൽറ്റിയും (+0.50%) ഒഴികെ എല്ലാ ഓഹരി വിഭാഗങ്ങളും നഷ്ടത്തിലേറി. സെൻസെക്സിൽ 3,401 ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 1,419 എണ്ണം നേട്ടത്തിലും 1,858 എണ്ണം നഷ്ടത്തിലുമാണ്. 124 ഓഹരികളുടെ വില മാറിയിട്ടില്ല. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, സൺ ഫാർമ, മാരുതി സുസുക്കി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ആക്സിസ് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിലുള്ളത്. 3.22% താഴ്ന്ന് അദാനി പോർട്സാണ് നഷ്ടത്തിൽ മുന്നിൽ.