ADVERTISEMENT

യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് തൊടുത്തുവിട്ട തുടർ ആരോപണങ്ങളിന്മേൽ പ്രതികരണവുമായി അദാനി ഗ്രൂപ്പും ബ്ലാക്ക്സ്റ്റോണും. അദാനി ഗ്രൂപ്പ് ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കിയ വിദേശത്തെ കടലാസ് കമ്പനികളിൽ സെബി മേധാവി മാധബി പുരി ബുചിനും ഭർത്താവ് ധവാൽ ബുചിനും നിക്ഷേപപങ്കാളിത്തമുണ്ടെന്നായിരുന്നു ഹിൻഡൻബർഗ് ഇന്നലെ ആരോപിച്ചത്.

എന്നാൽ, ആരോപണത്തിൽ ഉന്നയിക്കപ്പെട്ട വ്യക്തികളുമായി ഒരു ബിനിനസ് താൽപര്യവും അദാനി ഗ്രൂപ്പിനില്ലെന്നും പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. പൂർണമായും നിയമവിധേയമായാണ് അദാനി ഗ്രൂപ്പിന്റെ പ്രവർത്തനം. ഗ്രൂപ്പ് കമ്പനികളിലെ വിദേശ നിക്ഷേപങ്ങളും തികച്ചും സുതാര്യമാണ്. 

PTI05_27_2022_000108B

പൊതുമണ്ഡലത്തിൽ ലഭ്യമായ വിവരങ്ങൾ വളച്ചൊടിച്ചുള്ളതും നിഗൂഢവും ലാഭേച്ഛയോട് കൂടിയതുമായ ആരോപണങ്ങളാണിത്. അന്വേഷണങ്ങളിലൂടെ കഴമ്പില്ലെന്ന് കണ്ട് നേരത്തേ തന്നെ വ്യക്തമായതും സുപ്രീംകോടതി പോലും തള്ളിയ ആരോപണങ്ങളാണിവയെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചതിന് നിയമനടപടി നേരിടുന്ന ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ കോടതിയലക്ഷ്യമാണെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.

ബുചിന്റെ ചുമതല ഉപദേശം മാത്രം
 

ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ തള്ളി റിയൽ എസ്റ്റേറ്റ് നിക്ഷേപസ്ഥാപനമായ ബ്ലാക്ക്സ്റ്റോണും രംഗത്തെത്തി. സെബി മേധാവി മാധബി പുരി ബുചിന്റെ ഭർത്താവ് ധവാൽ ബുച് 2019 മുതൽ ബ്ലാക്ക്സ്റ്റോണിന്റെ മുതിർന്ന ഉപദേശകനാണ്. സെബി സമീപകാലത്ത്, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾക്ക് (റീറ്റ്സ്) അനുകൂലമായി തീരുമാനങ്ങളെടുത്തതിൽ ഭിന്നതാൽപര്യമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.

മാധബി പുരി ബച്ച്
മാധബി പുരി ബച്ച്

എന്നാൽ, ബുചിനും കമ്പനിയുടെ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്കും തമ്മിൽ ഒരു ബന്ധവുമില്ലെന്നും മാധബി സെബി മേധാവിയാകുന്നതിന് ഏറെക്കാലം മുമ്പേ തന്നെ ധവാലിനെ സീനിയർ ഉപദേഷ്ടാവായി നിയമിച്ചതാണെന്നും ബ്ലാക്ക്സ്റ്റോൺ പ്രതികരിച്ചു. 

കമ്പനിയുടെ പ്രവർത്തനങ്ങളിലോ നിയമപരമായ കാര്യങ്ങളിലോ റീറ്റ്സിലോ ധവാൽ ഇടപെട്ടിട്ടില്ല. 

ഏഷ്യയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളെ ഉപദേശിക്കുന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. നിരവധി അഭിമുഖങ്ങൾക്ക് ശേഷവും യൂണിലിവറിലെ മുൻ ചീഫ് പ്രൊക്യുർമെന്റ് ഓഫീസർ എന്ന നിലയിൽ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും പരിഗണിച്ചാണ് സീനിയർ ഉപദേഷ്ടാവ് ആയി നിയമിച്ചതെന്നും ബ്ലാക്ക്സ്റ്റോൺ വ്യക്തമാക്കി.

sebi

ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാട്ടി മാധബിയും ധവാലും രംഗത്തെത്തിയിട്ടുണ്ട്. ജീവിതവും കണക്കുപുസ്തകങ്ങളും സുതാര്യമാണെന്നും പൊതുമധ്യത്തിൽ അവ വെളിപ്പെടുത്താൻ മടിയില്ലെന്നും അവർ പ്രതികരിച്ചു.

English Summary:

Adani Group and Blackstone Respond to 'Misleading Allegations' from Hindenburg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com