'സ്ലീപ്പിങ് പാർട്ണർ' പരിപാടി വേണോ? അറിഞ്ഞിരിക്കാം പങ്കാളിത്തങ്ങളിലെ ചതിക്കുഴികൾ
Mail This Article
പണത്തിനു പഞ്ഞമില്ലാത്ത പ്രമുഖ മലയാളി വ്യവസായിയോട് ഓഹരിയെടുക്കണമെന്ന അഭ്യർഥനയുമായി നിരവധി സംരംഭകർ സമീപിക്കും. മിക്കവാറും ഓഹരി വെറുതേ എന്നായിരിക്കും വാഗ്ദാനം. അദ്ദേഹം ഇതെല്ലാം ഒഴിവാക്കുകയാണു പതിവ്. എങ്ങും കൈ കൊടുക്കില്ല.
പണം വാങ്ങി ഓഹരി കൊടുക്കാമെന്ന വാഗ്ദാനത്തിനു പിന്നിൽ അവർ അതുവരെ മുടക്കിയ കാശു മുഴുവൻ തിരിച്ചുപിടിക്കാനുള്ള ശ്രമമാവാം. വെറുതെ കൊടുക്കാമെന്ന വാഗ്ദാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ–ഭരണ സ്വാധീനം മുതലാക്കാനാവാം. ‘ഇതുപോലെത്ര കണ്ടവനാ ഞാൻ,’ എന്നതു ഭാവിക്കാതെതന്നെ നല്ലവാക്കു പറഞ്ഞ് അദ്ദേഹം ഒഴിവാക്കും. തനിക്കു നേരിട്ടു നിയന്ത്രണമില്ലാത്ത ബിസിനസുകളിൽ ഇടപെടാറില്ല എന്നും പറയാറുണ്ട്.
അതൊരു വലിയ പാഠമാണ്. ഇത്തരം പങ്കാളിത്ത ഏർപ്പാടുകളിൽ ചതിക്കുഴികൾ അനേകമുണ്ട്. മറ്റ് ആൾക്കാരുടെ നിയന്ത്രണത്തിലുള്ള ബിസിനസിൽ പണം മുടക്കിയാൽ ചിലപ്പോൾ ചീത്തപ്പേരും നഷ്ടവുമാവും ഫലം. സ്ലീപ്പിങ് പാർട്ണർ പരിപാടി അത്ര നല്ലതല്ല എന്നു ചുരുക്കം.
ഒരു ഉദ്യോഗസ്ഥ പ്രമുഖന്റെ പക്കലുള്ളത് 20 ഏക്കർ സ്ഥലമാണ്, അതും മൂന്നുവശവും കായലാൽ ചുറ്റപ്പെട്ടു കിടക്കുന്നത്. ബഹുരാഷ്ട്ര ഹോട്ടൽ–റിസോർട്ട് ബ്രാൻഡുകൾ അടക്കം അവിടെ ജെ.വി. നടപ്പാക്കാമെന്ന വാഗ്ദാനവുമായിവന്നു! ജോയിന്റ് വെഞ്ച്വർ അഥവാ സംയുക്ത സംരംഭമാണ് ജെ.വി. സ്ഥലം നമ്മുടേത്, റിസോർട്ട് നിർമാണവും നടത്തിപ്പും അവർ. സ്ഥലവില അനുസരിച്ച് ആദ്യം 50% ഓഹരി ഉണ്ടെന്നു കരുതുക. റിസോർട്ടിൽ അവർ വർഷം തോറും പണം മുടക്കുന്നതനുസരിച്ച് നിങ്ങളുടെ ഓഹരി കുറഞ്ഞുവരും. സ്ഥലം തിരിച്ചെടുക്കാനും കഴിയില്ല.
ബിൽഡർമാരുമായി ചേർന്നുള്ള സ്ഥലം ഉടമയുടെ ജെ.വി. അതിലും റിസ്കാണ്. സ്ഥലവിലയ്ക്കനുസരിച്ചുള്ള അത്രയും ബിൽറ്റ് അപ് സ്ക്വയർഫീറ്റ് തരാമെന്നാവും വാഗ്ദാനം. അതനുസരിച്ചു പണിതുകഴിയുമ്പോൾ സ്ഥലം ഉടമയ്ക്ക് 6 ഫ്ലാറ്റ് കിട്ടണം. പക്ഷേ, എന്നു പണി തീരും? വർഷങ്ങളോളം മുടങ്ങിക്കിടന്ന പദ്ധതികളുണ്ട്. സ്ഥലവും പോയി, കാശുമില്ലാത്ത അവസ്ഥ. ഇപ്പോൾ മിക്കവാറും പേർ സ്ഥലവിലയുടെ 50% എങ്കിലും കാശായി വാങ്ങിയിട്ടേ കൊടുക്കാറുള്ളൂ. അത്രയെങ്കിലുമാവട്ടെ.
നിങ്ങളെ പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നു, നിങ്ങൾക്ക് നിക്ഷേപം നടത്താൻ സുവർണാവസരം! – ഇങ്ങനെ നിക്ഷേപകന് ഉപകാരം ചെയ്യാനെന്ന വ്യാജേനയാണ് പല പങ്കാളിത്ത വാഗ്ദാനങ്ങളുടെയും വരവ്!