ADVERTISEMENT

കുട്ടിക്കാലം മുതൽ നിറങ്ങളോടും വരകളോടും തുണികളോടും വലിയ ഇഷ്ടമായിരുന്നു. കൈയിൽ കിട്ടുന്ന തുണികളിൽ നിറങ്ങളുടെ വിസ്മയം തീർക്കുന്നത് ഒരു ഹോബിയായി മാറി. നിറങ്ങളോട് കൂട്ടുകൂടി മനസ്സിൽ ഒരു ആഗ്രഹം മൊട്ടിട്ടു, വലുതാകുമ്പോൾ ഒരു ഫാഷൻ ഡിസൈനർ ആകണമെന്ന്. അങ്ങനെയാണ് ഉപരിപഠനത്തിന് ഫാഷൻ ഡിസൈനിങ് തിരഞ്ഞെടുക്കുന്നത്. ചിലവേറിയ കോഴ്സാണ്. പഠിച്ചിറങ്ങിയാൽ ജോലി കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. എങ്കിലും തീരുമാനത്തിൽ ഉറച്ചുനിന്നു. സ്വപ്നം സഫലമാക്കാനുള്ള യാത്രയിൽ കട്ട സപ്പോർട്ടുമായി അച്ഛൻ നിന്നത് ആത്മവിശ്വാസം കൂട്ടി. വാശിയായിരുന്നു - ജയിക്കണം ഉയരങ്ങൾ കീഴടക്കണം. പിന്നിട്ട വഴികളിലെ കഠിന യാതനകളെ കുറിച്ച് പ്രശസ്ത ഓൺലൈൻകിഡ്സ് വെയർ ബ്രാൻഡായ ലി ആൻഡ് ലി യുടെ ഉടമ ലിസ്മി ലിന്റോ പങ്കുവയ്ക്കുകയായിരുന്നു.

ഇന്ന് രണ്ട് കോടിയിലേറെ വിറ്റുവരവുമായി രാജ്യാന്തര പ്രശസ്തമായ ഒരു ഫാഷൻ ബ്രാൻഡായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലി ആൻഡ് ലി വളർന്നു കഴിഞ്ഞു. മലയാളികൾക്ക് അത്ര പരിചയമില്ലെങ്കിലും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും കാനഡ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങളിലെല്ലാം പരിചിതമായ ബ്രാന്‍ഡാണിന്ന് ലി ആൻഡ് ലി.

liandli3

വിവാഹ ശേഷമാണ് സ്വന്തമായൊരു ബിസിനസ് എന്ന ആശയം ഉടലെടുക്കുന്നത്. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനുവേണ്ടിയാണ് ഓൺലൈൻ ബിസിനസ് മതി എന്ന് തീരുമാനിച്ചത്. ഭർത്താവ് ലിന്റോയിലെ ലിയും ലിസ്മിയിലെ ലിയും ചേർത്ത് ലി ആൻഡ് ലി എന്ന പേരിൽ സ്വന്തമായി ഇ കോമേഴ്സ് വെബ്സൈറ്റ് തുടങ്ങി. ഭർത്താവ് ലിന്റോ മൈക്കിളിന്റെ ജോലി കാഞ്ചീപുരത്തായിരുന്നു. അതുകൊണ്ട് കാഞ്ചീപുരത്തായിരുന്നു തുടക്കം. ഒരു തയ്യല്‍ക്കാരനെ വച്ച് വീട്ടിൽ ഇരുന്നു കൊണ്ടായിരുന്നു നിർമാണവും വിൽപനയും. ആദ്യ വർഷം ഒരു രൂപ പോലും ലാഭം കിട്ടിയില്ല. ഭർത്താവിന്റെ ശമ്പളം മുഴുവനും ബിസിനസിൽ ഇറക്കും. ചെന്നൈയിൽ പോയി വേണം തുണിയും അനുബന്ധ സാമഗ്രികളും വാങ്ങുവാൻ. രണ്ടുമൂന്നു മാസത്തേക്ക് ഉള്ളത് ഒരുമിച്ച് വാങ്ങും. ഉണ്ടാക്കുന്നതെല്ലാം കിട്ടിയ വിലയ്ക്ക് വിൽക്കും. ഡെഡ് സ്റ്റോക്ക് വരാതെ പ്രത്യേകം ശ്രദ്ധിക്കും. പലപ്പോഴും നഷ്ടത്തിൽ വിൽക്കേണ്ടിവന്നു. മാസം 10000 രൂപ പോലും വിറ്റുവരവ് കിട്ടാൻ കഷ്ടപ്പെട്ടു.

പാഷനിൽ ഉറച്ചുനിന്നു, പ്രതിസന്ധികൾ പറപറന്നു

മുമ്പോട്ട് ഒരു സ്റ്റെപ്പ് പോലും വയ്ക്കാൻ പറ്റാതെ പതറി നിന്നപ്പോഴെല്ലാം ആത്മവിശ്വാസം പകർന്ന് ലിന്റോ കൂടെ നിന്നത് അനുഗ്രഹമായി. അക്കാലത്ത്  കുട്ടികൾക്ക് മാത്രമായി പ്രത്യേക ബ്രാൻഡുകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുട്ടികളെ ഫോക്കസ് ചെയ്ത് കൊണ്ടുള്ള ഒരു ഫാഷൻ ബ്രാൻഡ് ഹിറ്റാക്കി എടുക്കുക എന്നത് വലിയ ടാസ്ക് തന്നെയായിരുന്നു എന്ന് ലിസ്മി പറയുന്നു. ആളുകളെ വിശ്വാസത്തിലെടുക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റിയതും ചൈൽഡ് സെലിബ്രിറ്റികളെ വച്ച് ഫോട്ടോഷൂട്ട് തുടങ്ങിയതും പുതിയ ട്രെൻഡ് ഉണ്ടാക്കി. എഞ്ചീനിയർ ആയിരുന്ന ലിന്റോ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ലി ആൻഡ് ലിയിൽ വന്നതാണ് ബിസിനസിന്റെ തലവര മാറ്റിയത് എന്ന് ലിസ്മി. ഇ കൊമേഴ്സ് സൈറ്റിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഉണ്ടാക്കിയതാണ് ഇന്നത്തെ വിജയത്തിനു പിന്നിൽ.

liandli5

ഡിസൈനിങിലെ ജയം

ഡിസൈനിങിൽ തന്റേതായ ശൈലി ആവിഷ്കരിച്ചു കൊണ്ടാണ് ലിസ്മി അൽഭുതം സൃഷ്ടിക്കുന്നത്. കസ്റ്റമറുടെ അഭിരുചിക്കു പുറമെ അവരുടെ സംസ്കാരവും സ്ഥലവും ഒക്കെ പഠിച്ചിട്ടാകും ഒരു ഡിസൈന് രൂപകൽപന നൽകുക. ബിസിനസ് തുടങ്ങി 10 വർഷം പിന്നിടുമ്പോൾ രണ്ട് യൂണിറ്റുകളും നാൽപതിലധികം ജോലിക്കാരുമായി പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. ചെന്നൈയിൽ ഒരു മെഗാ സ്റ്റോർ ആലോചനയിലുണ്ട്.

വിങ്ങലായി വയനാട് ദുരന്തം

തകർത്ത വയനാടിന് തന്നാലാകുന്ന സഹായം നൽകാൻ ഇൻസ്റ്റാഗ്രാം വഴി ഒരു കാംപെയിൻ ലി ആൻഡ് ലി തുടങ്ങിയത് രാജ്യത്തിനകത്തും പുറത്തും ഉള്ള കസ്റ്റമേഴ്സിൽ നിന്നും മികച്ച പ്രതികരണമാണ്  നൽകി കൊണ്ടിരിക്കുന്നത് എന്ന് ലിസ്മി പറയുന്നു.

English Summary:

Success Story of Li and Li, The Kids Fashion Brand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com