റെക്കോർഡ് കൈവിടാതെ സ്വർണം; പണിക്കൂലി ഉൾപ്പെടെ ഇന്ന് വില ഇങ്ങനെ
Mail This Article
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. എക്കാലത്തെയും ഉയരമായ, ഗ്രാമിന് 7,120 രൂപയിലും പവന് 56,960 രൂപയിലുമാണ് ഇന്നും വ്യാപാരം. 18 കാരറ്റ് സ്വർണവിലയും (ഗ്രാമിന് 5,885 രൂപ) വെള്ളി വിലയും (ഗ്രാമിന് 98 രൂപ) മാറ്റമില്ലാതെ തുടരുന്നു. 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപയും അതിന്റെ 18% ജിഎസ്ടിയും), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും കണക്കാക്കിയാൽ 61,656 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടൂ.
ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,707 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികൾ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20 ശതമാനത്തിന് മുകളിലുമാകാം.
സ്വർണത്തിൽ സമ്മർദ്ദം; കരുത്താർജ്ജിച്ച് ഡോളർ
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ പണപ്പെരുപ്പത്തിലുണ്ടായ കുറവ്, തൊഴിലില്ലായ്മ നിരക്കിലെ വർധന, ഇവ കണക്കിലെടുത്ത് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ നടപടി, ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം, ഇന്ത്യയിലും ചൈനയിലും ആഭരണ ഡിമാൻഡിലുണ്ടായ വർധന, കരുതൽ സ്വർണ ശേഖരത്തിലേക്ക് സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടിയ റിസർവ് ബാങ്ക് അടക്കം ലോകത്തെ പ്രധാന കേന്ദ്രബാങ്കുകളുടെ നടപടി എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര ആഭ്യന്തര സ്വർണ വിലകളെ റെക്കോർഡിലേക്ക് നയിച്ചത്. ഇന്ത്യയിൽ രൂപയുടെ മൂല്യത്തകർച്ചമൂലം ഇറക്കുമതി ചെലവ് വർധിച്ചതും തിരിച്ചടിയായി.
എന്നാൽ, നിലവിൽ ട്രെൻഡ് മാറി. അടുത്ത യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് നിരീക്ഷകർക്കിടയിൽ ഭിന്നാഭിപ്രായം ഉയർന്നു തുടങ്ങി. കഴിഞ്ഞ യോഗത്തിൽ പലിശ 0.50% വെട്ടിക്കുറച്ചിരുന്നു. അടുത്തയോഗത്തിൽ പരമാവധി 0.25% പലിശയിളവാണ് നിലവിൽ 89% പേർ പ്രതീക്ഷിക്കുന്നത്. 11% പേരുടെ പ്രതീക്ഷ പലിശ കുറയ്ക്കാനേ സാധ്യതയില്ല എന്നാണ്. ചില യുഎസ് ഫെഡ് അംഗങ്ങളുടെ പ്രസ്താവനങ്ങൾ ഈയാഴ്ച പ്രതീക്ഷിക്കുന്നുണ്ട്. പലിശയുടെ ദിശ എങ്ങോട്ടേക്കെന്ന് അതിൽ നിന്ന് വ്യക്തമാകും.
ഈ പശ്ചാത്തലത്തിൽ, സ്വർണവില സമ്മർദ്ദം നേരിടുന്നുണ്ട്. മാത്രമല്ല, പലിശ വൻതോതിൽ കുറയാനുള്ള സാധ്യത മങ്ങിയതോടെ യുഎസ് സർക്കാരിന്റെ 10-വർഷ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) 4.105 ശതമാനമെന്ന മെച്ചപ്പെട്ട നിലയിലെത്തി. യൂറോ, യെൻ തുടങ്ങിയ ആറ് മുൻനിര കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡെക്സ് 103.02 എന്ന ശക്തമായ നിലയിലുമെത്തി. ഇതും സ്വർണവിലയുടെ കുതിപ്പിന് വിലങ്ങിടുന്നുണ്ട്.
കേരളത്തിൽ വില എങ്ങോട്ട്?
രാജ്യാന്തര വില ഔൺസിന് 2,643 ഡോളർ വരെ താഴ്ന്നെങ്കിലും ഇപ്പോൾ വ്യാപാരം നടക്കുന്നത് 2,659 ഡോളറിൽ. ഇത് 2,670 ഡോളർ എന്ന പ്രതിരോധനിരക്ക് മറികടന്നാൽ കേരളത്തിലും വില റെക്കോർഡിലേക്ക് നീങ്ങുമെന്ന് നിരീക്ഷകർ പറയുന്നു. 57,000 രൂപയെന്ന നാഴികക്കല്ലിലേക്ക് വെറും 40 രൂപയുടെ അകലത്തിലാണ് ഇപ്പോൾ പവൻ വില.