മലയാളി പൊളിയല്ലേ! മ്യൂച്വൽഫണ്ടിൽ വച്ചടി കയറ്റം, ആസ്തി 85,000 കോടിയിലേക്ക്
Mail This Article
ദേശീയതലത്തിൽ മ്യൂച്വൽഫണ്ടുകളിലേക്കുള്ള നിക്ഷേപമൊഴുക്ക് സെപ്റ്റംബറിൽ കുത്തനെ ഇടിഞ്ഞിട്ടും ട്രെൻഡിനെതിരെ നീന്തി മലയാളികളുടെ മുന്നേറ്റം. ദേശീയതലത്തിൽ മ്യൂച്വൽഫണ്ട് സ്കീമുകളിൽ നിന്ന് കഴിഞ്ഞമാസം 71,114 കോടി രൂപ പിൻവലിക്കപ്പെട്ടു. ഓഗസ്റ്റിൽ 1.1 ലക്ഷം കോടി രൂപയുടെ നിക്ഷേപം നേടിയശേഷമാണ് സെപ്റ്റംബറിലെ തിരിച്ചടി. എന്നാൽ, മ്യൂച്വൽഫണ്ട് സ്കീമുകളിലെ മലയാളികളുടെ നിക്ഷേപം കഴിഞ്ഞമാസം 2,930.64 കോടി രൂപയുടെ വർധന രേഖപ്പെടുത്തി.
മ്യൂച്വൽഫണ്ടിലെ ലിക്വിഡ്/ഡെറ്റ് (കടപ്പത്രം) ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും കഴിഞ്ഞമാസം മലയാളികളുടെ നിക്ഷേപം വർധിച്ചു. കേരളത്തിൽ നിന്നുള്ള മൊത്തം നിക്ഷേപമൂല്യം (എയുഎം) 84,743.26 കോടി രൂപയെന്ന എക്കാലത്തെയും ഉയരത്തിലുമെത്തിയെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈയിൽ 78,411 കോടി രൂപയും ഓഗസ്റ്റിൽ 81,812 കോടി രൂപയുമായിരുന്നു ഇത്. ദേശീയതലത്തിലും കഴിഞ്ഞമാസം ലിക്വിഡ്/ഡെറ്റ് ഫണ്ടുകളിൽ നിന്നാണ് നിക്ഷേപം കൊഴിഞ്ഞത്.
റെക്കോർഡ് തകർത്ത് മലയാളി
ഓരോ മാസവും മ്യൂച്വൽഫണ്ടിലെ മലയാളികളുടെ മൊത്ത നിക്ഷേപം റെക്കോർഡ് തകർത്ത് കൂടുകയാണ്. 10 വർഷം മുമ്പ് കേരളത്തിൽ നിന്നുള്ള ആകെ എയുഎം 8,400 കോടി രൂപയായിരുന്നു. 2019ൽ ഇത് 25,000 കോടി രൂപ കടന്നു. 2024 ജനുവരിയിൽ എയുഎം 61,000 കോടി രൂപ ഭേദിച്ചു. കോവിഡിന് ശേഷമാണ് നിക്ഷേപത്തിലെ കുതിച്ചുകയറ്റം. കഴിഞ്ഞവർഷം സെപ്റ്റംബറിലെ എയുഎം 56,131 കോടി രൂപയായിരുന്നു. അതായത്, ഒരു വർഷത്തിനിടെ വളർച്ച 28,612 കോടി രൂപ.
ഇഷ്ടം കൂടുതൽ ഓഹരി
മ്യൂച്വൽഫണ്ടിലെ ഓഹരി (ഇക്വിറ്റി) അധിഷ്ഠിത ഫണ്ടുകളോടാണ് മലയാളികൾക്ക് കൂടുതൽ ഇഷ്ടം. സെപ്റ്റംബറിലെ കണക്കുപ്രകാരമുള്ള മൊത്തം നിക്ഷേപത്തിൽ 64,443.25 കോടി രൂപയും ഇക്വിറ്റി സ്കീമുകളിലാണ്. ഓഗസ്റ്റിൽ ഇത് 61,292 കോടി രൂപയായിരുന്നു. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ നിക്ഷേപം ഓഗസ്റ്റിലെ 5,573.08 കോടി രൂപയിൽ നിന്ന് 5,000.07 കോടി രൂപയായി കുറഞ്ഞു. കടപ്പത്രാധിഷ്ഠിതമായ മറ്റ് നിക്ഷേപങ്ങളിലെ (Othet Debt Oriented) നിക്ഷേപവും 6,556.96 കോടി രൂപയിൽ നിന്ന് 6,501.13 കോടി രൂപയിലേക്ക് നേരിയതോതിൽ താഴ്ന്നു.
എന്നാൽ, വിദേശ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ് നിക്ഷേപം 376.83 കോടി രൂപയിൽ നിന്ന് 381.55 കോടി രൂപയായി. ഗോൾഡ് ഇടിഎഫ് നിക്ഷേപം 204.20 കോടി രൂപയിൽ നിന്ന് 213.75 കോടി രൂപയിലെത്തി. മറ്റ് ഇടിഎഫ് നിക്ഷേപങ്ങൾ 1,086.01 കോടി രൂപയിൽ നിന്നുയർന്ന് 1,094.48 കോടി രൂപയായി.
എസ്ഐപി പണമൊഴുക്ക് 25,000 കോടിയിലേക്ക്
മ്യൂച്വൽഫണ്ട് പദ്ധതികളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വഴിയുള്ള പ്രതിമാസ നിക്ഷേപം ദേശീയതലത്തിൽ 25,000 കോടി രൂപയിലേക്ക് അടുക്കുന്നു. 24,508 കോടി രൂപയാണ് കഴിഞ്ഞമാസം ഒഴുകിയെത്തിയത്. ഇത് സർവകാല റെക്കോർഡാണ്. തുടർച്ചയായ 15-ാം മാസമാണ് റെക്കോർഡ് പുതുക്കുന്നതും. ഈ ട്രെൻഡ് തുടർന്നാൽ, ഈ മാസം എസ്ഐപി പണമൊഴുക്ക് 25,000 കോടി രൂപ ഭേദിച്ചേക്കും.
എന്തുകൊണ്ട് മലയാളിപ്പണം കൂടുന്നു?
ഭൂമി, സ്വർണം. എഫ്ഡി, ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികളും പ്രത്യേകിച്ച് യുവാക്കൾ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് കളംമാറ്റിത്തുടങ്ങിയിട്ടുണ്ട്. എസ്ഐപി സംബന്ധിച്ച അവബോധം വർധിച്ചതും റിസ്കിന് വിധേയമാണെങ്കിലും ഓഹരികളും മ്യൂച്വൽഫണ്ടുകളും താരതമ്യേനെ മെച്ചപ്പെട്ട നേട്ടം (റിട്ടേൺ) നൽകുന്നതുമാണ് ഇതിന് പിന്നിൽ. മൊബൈൽ ആപ്പുകൾ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം നടത്താമെന്നതും സ്വീകാര്യത ഉയർത്തുന്നു.