ADVERTISEMENT

സ്ഥിരനിക്ഷേപവും (എഫ്ഡി) ചിട്ടിയും ഭൂമിയും സ്വർണവും പോലുള്ള പരമ്പരാഗത നിക്ഷേപങ്ങല്ല, മറിച്ച് മലയാളികൾ ഇപ്പോൾ സമ്പാദ്യം വളർത്താൻ വൻതോതിൽ നിക്ഷേപം നടത്തുന്നത് മ്യൂച്വൽഫണ്ടുകളിലെന്ന് കണക്കുകൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി വമ്പൻ വളർച്ചയിലാണ് മലയാളികളുടെ മ്യൂച്വൽഫണ്ട് നിക്ഷേപം.

അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) കണക്കുപ്രകാരം മ്യൂച്വൽഫണ്ട് സ്കീമുകളിൽ കേരളത്തിൽ നിന്നുള്ള മൊത്തം നിക്ഷേപം (എയുഎം) കഴിഞ്ഞമാസം (ഓഗസ്റ്റ്) 81,812.62 കോടി രൂപയിലെത്തി. ഇത് സർവകാല റെക്കോർഡാണ്. കേരളത്തിൽ നിന്നുള്ള ആകെ നിക്ഷേപമൂല്യം 80,000 കോടി രൂപ ഭേദിച്ചതും ആദ്യം. ജൂലൈയിൽ ഇത് 78,411.01 കോടി രൂപയായിരുന്നു.

കഴിഞ്ഞ 10 വർഷത്തിനിടെയാണ് മ്യൂച്വൽഫണ്ടുകളിൽ കേരളത്തിൽ നിന്നുള്ള നിക്ഷേപം വൻതോതിൽ കൂടിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡാനന്തരം നിക്ഷേപ വളർച്ച കൂടുതൽ ശക്തവുമായി. 2023 ഓഗസ്റ്റിൽ 56,050 കോടി രൂപയായിരുന്നു കേരളത്തിൽ നിന്നുള്ള മൊത്തം നിക്ഷേപം. 2020 ഓഗസ്റ്റിൽ ഇത് 31,628 കോടി രൂപയും 2015 ഓഗസ്റ്റിൽ 11,642 കോടി രൂപയുമായിരുന്നു.

Image : iStock/solidcolours and iStock/Ekaterina Grebeshkova
Image : iStock/solidcolours and iStock/Ekaterina Grebeshkova

എന്തുകൊണ്ട് ഈ മ്യൂച്വൽഫണ്ട് പ്രിയം?
 

ഇന്ത്യൻ ഓഹരി വിപണിയുടെ സമീപകാലത്തെ റെക്കോർഡ് മുന്നേറ്റം നിരവധി പേരെ, പ്രത്യേകിച്ച് യുവാക്കളെ ഓഹരി നിക്ഷേപത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്. ഇതിൽ തന്നെ നിരവധി പേർ തിരഞ്ഞെടുത്തത് മ്യൂച്വൽഫണ്ടുകളെയാണ്. സ്വർണം, എഫ്ഡി തുടങ്ങിയവയെ അപേക്ഷിച്ച് റിസ്ക് കൂടുതലാണെങ്കിലും താരതമ്യേന മികച്ച റിട്ടേൺ കിട്ടുന്നു എന്നതും മ്യൂച്വൽഫണ്ടുകളെ ആകർഷകമാക്കി. 

മാത്രമല്ല, മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി) സംബന്ധിച്ച അവബോധം വർധിച്ചതും മൊബൈൽ ആപ്പുകൾ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം നടത്താമെന്നതും സ്വീകാര്യത കൂട്ടി. 100 രൂപ മുതൽ ആഴ്ചയിലോ മാസമോ ത്രൈമാസമോ ആയി നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ പ്രത്യേകത.

മലയാളിക്ക് ഏറ്റവും ഇഷ്ടം ഓഹരി
 

ഓഹരി അധിഷ്ഠിത (ഇക്വിറ്റി) മ്യൂച്വൽഫണ്ട് പദ്ധതികളിലാണ് കേരളീയർ കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളതെന്ന് ആംഫി ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റിലെ കണക്കനുസരിച്ചുള്ള 81,812 കോടി രൂപയിൽ 61,292 കോടി രൂപയും ഇക്വിറ്റി സ്കീമുകളിലാണ്. ജൂലൈയിലെ 59,504 കോടി രൂപയിൽ നിന്നാണ് വളർച്ച. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ നിക്ഷേപം ജൂലൈയിലെ 4,859 കോടി രൂപയിൽ നിന്നുയർന്ന് 5,573 കോടി രൂപയായി. 

mutual-fund-2-

കടപ്പത്ര അധിഷ്ഠിതമായ മറ്റ് സ്കീമുകളിലെ നിക്ഷേപം 5,850 കോടി രൂപയിൽ നിന്ന് 6,557 കോടി രൂപയിലെത്തി. ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് സ്കീമുകളിലെ നിക്ഷേപം 6,613 കോടി രൂപയിൽ നിന്ന് 6,723 കോടി രൂപയായും മെച്ചപ്പെട്ടു. ഗോൾഡ് ഇടിഎഫുകളിലും കേരളീയർ മികച്ച നിക്ഷേപം കഴിഞ്ഞമാസം നടത്തി. ജൂണിൽ 175.24 കോടി രൂപയും ജൂലൈയിൽ 177.06 കോടി രൂപയുമായിരുന്ന ഗോൾഡ് ഇടിഎഫ് നിക്ഷേപം ഓഗസ്റ്റിൽ 204 കോടി രൂപയിലേക്കാണ് ഉയർന്നത്.

English Summary:

Malayalis Embrace Mutual Funds: Investments Soar to ₹81,800 Crore. Moving away from traditional investment avenues like Fixed Deposits (FD), Chits, Land, and Gold, Malayalis are now increasingly investing in mutual funds to grow their wealth, as evidenced by recent data.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com