ഇപ്പോൾ നേട്ടം തരും ലഘുസമ്പാദ്യ പദ്ധതികൾ
Mail This Article
ബാങ്കിലെ സ്ഥിര നിക്ഷേപത്തിൽനിന്നുള്ള വരുമാനം കുറയുകയാണ്. കൈവിരലിലെണ്ണാവുന്ന സ്മോൾ ഫിനാൻസ് ബാങ്കുകളൊഴികെ രാജ്യത്തെ എല്ലാ ബാങ്കുകളും സ്ഥിരനിക്ഷേപത്തിന്റെ പലിശ കുറയ്ക്കുകയാണ്. രാജ്യത്തെ എറ്റവും വലിയ ബാങ്കായ എസ്ബിഐ ഓഗസ്റ്റിനു ശേഷം രണ്ടു തവണയാണ് നിക്ഷേപ പലിശ നിരക്ക് കുറച്ചത്. മുൻനിര ബാങ്കുകളിലൊന്നുപോലും ഏതെങ്കിലും കാലയളവിലുള്ള സ്ഥിര നിക്ഷേപത്തിന് ഏഴു ശതമാനം പോലും പലിശ നൽകുന്നില്ല.
ഇനിയും പലിശ താഴാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞു നിൽക്കുന്നതും ജിഡിപി വളർച്ച 20 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിലയിൽ ( 5 %) നിൽക്കുന്നതും മൂലം റീപോ നിരക്ക് വെട്ടിക്കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറായേക്കുമെന്നാണ് കരുതുന്നത്. അതു സംഭവിച്ചാൽ ഡിപ്പോസിറ്റ് പലിശ ബാങ്കുകൾ വീണ്ടും വെട്ടിക്കുറയ്ക്കും. 2019–ൽ ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് റീപോ നിരക്കിൽ 1.10 ശതമാനം കുറവാണ് വരുത്തിയത്.
ലഘു സമ്പാദ്യപദ്ധതികൾ ആശ്രയം
പലിശ നിരക്കു കുറയുന്ന സാഹചര്യത്തിൽ ഉയർന്ന പലിശ നൽകുന്ന ലഘു സമ്പാദ്യ പദ്ധതികളിൽ തങ്ങളുടെ ഡിപ്പോസിറ്റ് ലോക്ക് ചെയ്യാം. ഈ പദ്ധതികളെല്ലാം തന്നെ ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ ഉയർന്ന പലിശ നൽകുന്നുണ്ട്.ഇതിന്റെ പലിശ ഓരോ ക്വാർട്ടറിലും ധനകാര്യമന്ത്രാലയം പ്രഖ്യാപിക്കുകയാണ് പതിവ്. ലഘുസാമ്പാദ്യ പദ്ധതികളിലെ ഉയർന്ന പലിശ നിരക്ക് ഇപ്പോൾ മുതലാക്കാം. അടുത്ത ക്വാർട്ടറിൽ പലിശ കുറയ്ക്കുന്നതിനു മുമ്പ് അതിൽ ഡിപ്പോസിറ്റ് നടത്താം.
രണ്ടു കോടി രൂപയ്ക്കു താഴെയുള്ള ഒരു വർഷത്തെ ഡിപ്പോസിറ്റിന് എസ്ബിഐ 6.5 ശതമാനം പലിശ നൽകുമ്പോൾ പോസ്റ്റോഫീസിലത് 6.9 ശതമാനമാണ്. അഞ്ചുവര്‍ഷ ഡിപ്പോസിറ്റിന് എസ്ബിഐ നൽകുന്നത് 6.25 ശതമാനമാണ്. പോസ്റ്റോഫീസ് നിക്ഷേപത്തിന് 7.7 ശതമാനം പലിശ കിട്ടും. ( പട്ടിക കാണുക).
അഞ്ചുവർഷത്തെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (7.9 ശതമാനം), അഞ്ചുവർഷത്തെ റിക്കറിംഗ് ഡിപ്പോസിറ്റ് (7.2 ശതമാനം), അഞ്ചുവർഷത്തെ മംത് ലി ഇൻകം സ്കീം ( 7.6 ശതമാനം) തുടങ്ങിയവയൊക്കെ ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ ഉയർന്ന പലിശ നൽകുന്നുണ്ടിപ്പോൾ.ലഘുസമ്പാദ്യപതികളിലെ ഉയർന്ന പലിശയുള്ള ഉപകരണങ്ങളിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരമാണിതെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇവയിൽ നിക്ഷേപിക്കാം
ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ ഓരോ ക്വാർട്ടറിലും ഗവൺമെന്റ് പുതുക്കി നശ്ചയിച്ചു പോരുകയാണ്. അതിനാൽ ഗവൺമെന്റ് തീരുമാനമനുസരിച്ച് ഓരോ ക്വാർട്ടറിലും പലിശ നിരക്കിൽ മാറ്റം വരുകയും അതു നിക്ഷേപത്തിനു ബാധകമാവുകയും ചെയ്യും.
ഇവിടെ നിക്ഷേപകർ ചെയ്യേണ്ടത് സ്ഥിര നിരക്ക് നൽകുന്ന ദീർഘകാല പദ്ധതികൾ ഡിപ്പോസിറ്റിനായി തെരഞ്ഞെടുക്കുകയെന്നതാണ്. ഒരിക്കൽ ഇവയിൽ ഡിപ്പോസിറ്റ് നടത്തിയാൽ അതിന്റെ മച്യൂരിറ്റി കാലയളവു മുഴുവൻ ആ പലിശ നിരക്കു തന്നെ ലഭിക്കും.
ചില സ്ഥിര നിരക്ക് പദ്ധതികൾ ചുവടെ:
∙പഞ്ചവർഷ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ( പലിശ നിരക്ക് 7.9 ശതമാനം).
∙പഞ്ചവർഷ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (8.6 %)
∙കിസാൻ വികാസ് പത്ര (7.6 %)
∙അഞ്ചുവർഷത്തെ റിക്കറിംഗ് ഡിപ്പോസിറ്റ് (7.2 %)
∙പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി (7.6%)
∙പോസ്റ്റോഫീസ് ടൈം ഡിപ്പോസിറ്റും റെക്കറിംഗ് ഡിപ്പോസിറ്റും ( പലിശ നിരക്ക് 6.9–7.7 %)
പബ്ലിക് പ്രൊവിഡണ്ട് ഫണ്ടിന് ( പിപിഎഫ്) 7.9 ശതമാനം പലിശ ലഭിക്കുമെങ്കിലും 15 വർഷക്കാലത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. പലിശ ഓരോ ക്വാർട്ടറിലും ഗവൺമെന്റ് പ്രഖ്യാപനം അനുസരിച്ച് മാറിക്കൊണ്ടിരിക്കും. സുകന്യ സമൃദ്ധി പദ്ധതിയിൽ 8.4 ശതമാനം പലിശ കിട്ടും. ക്വാർട്ടർ അടിസ്ഥാനത്തിൽ ഇതിന്റെ പലിശയിലും മാറ്റമുണ്ടാകും.
ടൈം ഡിപ്പോസിറ്റ് നിരക്ക് താരതമ്യം
കാലയളവ് എസ്ബിഐ പോസ്റ്റോഫീസ്
1 വർഷം 6.50 % 6.9 %
2 വർഷം 6.25 % 6.9 %
3 വർഷം 6.25 % 6.9 %
5 വർഷം 6.25 % 7.7 %
സേവിംഗ്സ് 3.50 % 4.0 %