വീടു ജപ്തി ചെയ്യുന്നത് ഒഴിവാക്കാം
Mail This Article
ഗൃഹനാഥന്റെ ആകസ്മിക വേര്‍പാടിനെ തുടര്‍ന്നു കുടുംബം കടക്കെണിയിലായതിനേയും വീടു ജപ്തി ചെയ്യുന്നതിനേയും കുറിച്ചുള്ള വാര്‍ത്ത കേള്‍ക്കുന്നതു തന്നെ എത്രത്തോളം വേദനാജനകമാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാവില്ലേ? സാധിക്കും എന്നാണ് ഇത്തരം ജപ്തികളില്‍ ചിലതെങ്കിലും അവലോകനം ചെയ്യുമ്പോള്‍ നമുക്കു കാണാനാവുക.
വില്ലനാകുന്നത് ഭവന വായ്പ
ആകസ്മിക സംഭവങ്ങളും പിന്നാലെ സാമ്പത്തിക ഞെരുക്കവും ഉണ്ടാകുമ്പോള്‍ വലിയ പ്രശ്‌നമാകുന്നത് ഭവന വായ്പയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളാവും. മറ്റു പല കടങ്ങളും ഉണ്ടെങ്കിലും അവയെല്ലാം കൈകാര്യം ചെയ്തു മുന്നോട്ടു പോകുവാന്‍ പലപ്പോഴും കുടുംബത്തിനു കഴിയും. ബഹുഭൂരിഭാഗം പേരുടെ കാര്യത്തിലും ഭവന വായ്പകള്‍ ഒഴികെയുള്ള കടങ്ങളെല്ലാം അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും കൈകാര്യം ചെയ്യാനും അടച്ചു തീര്‍ക്കാനും കുടുംബാംഗങ്ങള്‍ക്കു കഴിയും. ഇതിനായി വീടോ സ്ഥലമോ ഒക്കെ വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്യാനുള്ള അവസരവും ലഭിക്കും. എന്നാല്‍ ഭവന വായ്പയുടെ കാര്യത്തില്‍ ഇങ്ങനെ വീടോ സ്ഥലമോ വില്‍ക്കുക പലപ്പോഴും പ്രായോഗികമാവില്ല. ഇനി വായ്പാ തിരിച്ചടവിനായി തിരക്കിട്ടു വില്‍ക്കാന്‍ ശ്രമിച്ചാല്‍ വന്‍ നഷ്ടവും വരും.
ആകസ്മിക വേര്‍പാടിന്റെ ഞെട്ടലില്‍ നിന്നു കുടുംബം കരകയറി വരുമ്പോഴേക്ക് മൂന്നോ നാലോ മാസത്തെ അടവു കുടിശികയാകുകയും എന്‍പിഎ എന്ന വില്ലന്‍ മുന്നിലെത്തുകയും ചെയ്യും. അതിനിടെ 25,000 രൂപ മാത്രം ഇഎംഐ ആണെങ്കില്‍ പോലും ഒരു ലക്ഷത്തിലേറെ ഉടന്‍ തിരിച്ചടക്കേണ്ടി വരും.
ഭവന വായ്പാ ഇന്‍ഷൂറന്‍സ് സഹായിയാകും
വീടോ സ്ഥലമോ പണയപ്പെടുത്തുമ്പോള്‍ വായ്പാ തുകയ്ക്ക് തുല്യമായ തുകയ്ക്ക് ടേം ഇന്‍ഷൂറന്‍സ് എടുപ്പിക്കുന്ന രീതി പണ്ടു മുതല്‍ ബാങ്കുകള്‍ പിന്തുടര്‍ന്നു വരുന്നുണ്ട്. ഇത്തരത്തില്‍ പോളിസി എടുക്കുവാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്രത്തോളം നിര്‍ബന്ധിക്കുന്നുവോ അത്രത്തോളം എതിര്‍പ്പ് ഉപഭോക്താക്കളില്‍ നിന്നും ഉണ്ടാകാറുമുണ്ട്. വായ്പാ തിരിച്ചടവിനു തന്നെ ബുദ്ധിമുട്ടാണ് അതിനിടയില്‍ ഇന്‍ഷൂറന്‍സിനു കൂടി പണം അടക്കണോ? ഇതു ബാങ്ക് ജീവനക്കാര്‍ക്കു കമ്മീഷന്‍ കിട്ടാനായുള്ള ഏര്‍പ്പാടല്ലേ? തുടങ്ങിയ പല ചോദ്യങ്ങളും ഉപഭോക്താക്കളില്‍ നിന്നുയരും. ഭവന വായ്പ എടുക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമല്ല എന്ന വ്യവസ്ഥ എടുത്തു കാട്ടി ഇന്‍ഷൂറന്‍സില്‍ നിന്നു മാറി നില്‍ക്കുന്നവരും കുറവല്ല.
എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ല, ആകസ്മിക സംഭവങ്ങള്‍ തങ്ങള്‍ക്കുണ്ടാകില്ല എന്ന ഉള്ളിന്റെ ഉള്ളിലെ ചിന്തയാണതിനു പിന്നിലെ യഥാര്‍ത്ഥ കാരണം. എന്നാല്‍ ഇത്തരം ആകസ്മിക വേര്‍പാടുകള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നതാണ് ഭവന വായ്പ എടുക്കുമ്പോഴുള്ള ഇന്‍ഷൂറന്‍സിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
ടേം ഇന്‍ഷൂറന്‍സും ഭവന വായ്പയ്ക്കായുള്ള പ്രത്യേക ഇന്‍ഷൂറന്‍സും
പതിനഞ്ചു മുതല്‍ 30 വര്‍ഷം വരെ നീളുന്നതാണല്ലോ സാധാരണ ഗതിയില്‍ ഭവന വായ്പയുടെ തിരിച്ചടവ്. ഇതിനിടയില്‍ ഭവന വായ്പ എടുത്ത വ്യക്തിയുടെ വേര്‍പാടുണ്ടായാല്‍ തുടര്‍ന്നുള്ള പ്രതിമാസ ഗഡുക്കള്‍ തിരിച്ചടക്കേണ്ട ബാധ്യത ഒഴിവാകും എന്നതാണ് ഭവന വായ്പയോടൊപ്പം ഇന്‍ഷൂറന്‍സും എടുക്കുന്നതു കൊണ്ടുള്ള നേട്ടം. ഇതിനായുള്ള പരിരക്ഷ രണ്ടു രീതിയില്‍ നേടാം. വായ്പാ തുകയ്ക്കു തുല്യമായ ടേം ഇന്‍ഷൂറന്‍സ് എടുക്കുകയാണ് ഒരു രീതി. ഇതില്‍ ലഭിക്കുന്ന ക്ലെയിം തുക വായ്പ തീര്‍ക്കാനായി ഉപയോഗിക്കാം.
ഭവന വായ്പാ സംരക്ഷണ പദ്ധതികള്‍
ചില കമ്പനികള്‍ ഭവന വായ്പകള്‍ക്കു പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുകയാണ് അടുത്ത മാര്‍ഗം. ഇവിടെ വായ്പാ കാലാവധിക്കു തുല്യമായ കാലത്തേക്ക് ഭവന വായ്പാ സംരക്ഷണ പദ്ധതികള്‍ പ്രാബല്യത്തിലുണ്ടാകും. ഇന്‍ഷൂറന്‍സ് കമ്പനി തന്നെ വായ്പ തീര്‍പ്പാക്കുകയും ചെയ്യും. സംയുക്തമായാണ് ഭവന വായ്പ എടുക്കുന്നതെങ്കില്‍ ഒരൊറ്റ പോളിസി വഴി വായ്പക്കാര്‍ക്കെല്ലാവര്‍ക്കും പരിരക്ഷ ലഭിക്കും എന്ന നേട്ടവും ഇതിനുണ്ടാകും. പല കമ്പനികളും അംഗ വൈകല്യം, മാരക രോഗങ്ങള്‍ തുടങ്ങിയവ മൂലം വായ്പാ തിരിച്ചടവു തുടരാനാകാത്ത സാഹചര്യത്തിലും ക്ലെയിം നല്‍കുന്ന രീതി അവതരിപ്പിച്ചിട്ടുണ്ട്. ഇതിനായി അധിക പ്രീമിയം നല്‍കേണ്ടി വരും എന്നു മാത്രം.
പരിരക്ഷാ തുക കുറയ്ക്കാം
സാധാരണ ടേം ഇന്‍ഷൂറന്‍സ് എടുക്കാതെ ഭവന വായ്പക്കായുള്ള പ്രത്യേക പരിരക്ഷയാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്. ഒരൊറ്റ തവണയായി മുഴുവന്‍ പ്രീമിയവും അടക്കുകയോ ഭവന വായ്പാ തുകയില്‍ ഈ പ്രീമിയം കൂടി ഉള്‍പ്പെടുത്തുകയോ ചെയ്യാനാവും. ഇങ്ങനെയാകുമ്പോള്‍ പ്രതിമാസ തിരിച്ചടവു തുകയോടൊപ്പം ഇന്‍ഷൂറന്‍സ് പ്രീമിയവും അടച്ചു മുന്നോട്ടു പോകാം. അതല്ലെങ്കില്‍ സാധാരണ മട്ടില്‍ വാര്‍ഷിക പ്രീമിയം അടയ്ക്കുകയുമാവാം. വായ്പാ തുകയ്ക്കു തുല്യമായ പരിരക്ഷയാണല്ലോ ഭവന വായ്പാ ഇന്‍ഷൂറന്‍സില്‍ ഉണ്ടാകുക. ഈ പരിരക്ഷ അതേ തോതില്‍ അവസാനം വരെ നിലനിര്‍ത്തുകയോ ഭവന വായ്പ അടച്ചു മുന്നേറുമ്പോള്‍ കുറയുന്ന ബാധ്യത അനുസരിച്ച് പരിരക്ഷാ തുക കുറക്കുയോ ചെയ്യാനുള്ള സൗകര്യവും പല പദ്ധതികളിലും ലഭ്യമാണ്.
റൈഡറുകളും നേടാം
ഭവന വായ്പയ്ക്കു തുല്യമായ ടേം ഇന്‍ഷൂറന്‍സ് എടുക്കുകയോ ഭവന വായ്പയ്ക്കു പരിരക്ഷ നല്‍കുന്ന പ്രത്യേക പോളിസി എടുക്കുകയോ ചെയ്യാമെന്നു പറഞ്ഞല്ലോ. പതിവു ടേം ഇന്‍ഷൂറന്‍സിന് പ്രീമിയം താരതമ്യേന കുറവായിരിക്കും. എന്നാല്‍ മറ്റു ചില ഗുണങ്ങള്‍ കൂടിയുള്ളതാണ് ഭവന വായ്പയ്ക്കായുള്ള പ്രത്യേക പോളിസി. ഇഎംഐയോടൊപ്പം പ്രീമിയം കൂടി ചേര്‍ക്കാം എന്നതും സംയുക്ത വായ്പകളില്‍ ഇരുവര്‍ക്കും ഒരേ പോളിസിയില്‍ പരിരക്ഷ നേടാം എന്നതും സൗകര്യമാണ്. കൂടാതെ മാരക രോഗങ്ങള്‍, അംഗവൈകല്യം എന്നിവയ്ക്കു പുറമെ തൊഴില്‍ നഷ്ടം വരെ പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയുള്ള റൈഡറുകള്‍ ഭവന വായ്പാ ഇന്‍ഷൂറന്‍സിനൊപ്പം നേടാനുമാകും.
ടേം ഇന്‍ഷൂറന്‍സ് ആയാലും ഭവന വായ്പാ പരിരക്ഷാ ഇന്‍ഷൂറന്‍സ് ആയാലും വായ്പാ തുക മുഴുവനും ഉള്‍പ്പെടുത്തി വായ്പയോടൊപ്പം തന്നെ എടുക്കുന്നതാണ് നല്ലത്. ആകസ്മികമായ സംഭവങ്ങള്‍ ഉണ്ടായാല്‍ വീടു ജപ്തി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ വളരെ ലളിതമായ ഇത്തരം നീക്കങ്ങള്‍ കൊണ്ട് സാധ്യമാകും.