മാർച്ചിലെ പെൻഷൻ വേണോ ആദായനികുതി സ്റ്റേറ്റ്മെന്റ് കൊടുക്കണം
Mail This Article
എല്ലാ െപൻഷനേഴ്സും ബാങ്ക് മാനേജർക്കോ സബ്ട്രഷറി ഓഫിസർക്കോ ഈ മാസം ആദായനികുതിയുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്മെന്റ് (Declaration) കൊടുത്താലേ മാർച്ച് മാസത്തിലെ പെൻഷൻ ലഭിക്കുകയുള്ളൂ. കൂടാതെ ജൂലൈ 31 ന് മുൻപ് റിട്ടേൺ ഫയൽ ചെയ്യുകയും േവണം. സ്റ്റേറ്റ്മെന്റ് (Declaration) കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു.
∙ മൊത്തവരുമാനം (Total Income) 5 ലക്ഷം രൂപ വരെയാണെങ്കിൽ ചട്ടം 87എ അനുസരിച്ച് പരമാവധി 12,500 രൂപ വരെ റിബേറ്റ് ലഭിക്കുന്നതാണ്.
മൊത്തവരുമാനം അതിൽ കൂടിയാൽ (കിഴിവുകൾ കുറച്ച ശേഷമുള്ള വരുമാനം) താഴെ േചർത്തിരിക്കുന്ന സ്ലാബുകൾ പ്രകാരമുള്ള ആദായനികുതി കണ്ടുപിടിച്ച് ടിഡിഎസ് കുറച്ച് ബാക്കിയുള്ളത് 2020 മാർച്ച് മാസത്തിലെ െപൻഷനിൽനിന്ന് ഈടാക്കാം. അതിനുവേണ്ടിയാണ് ട്രഷറി/ബാങ്ക്, ആദായനികുതി സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുന്നത്.
ഈ രീതിയിൽ നികുതി കണക്കുകൂട്ടി നാലു ശതമാനം െസസും കൂടി േചർത്താണ് മൊത്തം അടയ്ക്കേണ്ട നികുതി കണ്ടുപിടിക്കുന്നത്.
1. ശമ്പള വരുമാനം.
2. ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനം.
3. ബിസിനസ്/പ്രഫഷനിൽനിന്നുള്ള വരുമാനം.
4. മൂലധന നേട്ടത്തിൽനിന്നുള്ള വരുമാനം.
5. മറ്റു സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം.
പെൻഷൻ, ശമ്പളം എന്ന ശീർഷകത്തിലും ഫാമിലി െപൻഷൻ മറ്റു സ്രോതസ്സുകളിൽനിന്നുള്ള വരുമാനം എന്ന ശീർഷകത്തിലും ഉൾപ്പെടുത്തണം.
െപൻഷൻകാർക്ക് സ്റ്റാൻഡേർഡ് ഡിഡക്‌ഷനായി (Standard Deduction) 50,000 രൂപ വരെ ആകെ പെൻഷനിൽ നിന്നു കുറയ്ക്കാവുന്നതാണ്.
മെഡിക്കൽ അലവൻസിന് നികുതിബാധ്യത വരുന്നതാണ്. താമസിക്കുന്ന വീടിന്റെ (പരമാവധി രണ്ടു വീടു വരെ) നിർമാണത്തിന് എടുത്ത വായ്പയുടെ പലിശ പരമാവധി 2,00,000 രൂപ ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനം എന്ന ശീർഷകത്തിൽ കുറയ്ക്കാവുന്നതാണ്. നിങ്ങൾക്കും ജീവിതപങ്കാളിക്കും കൂടി പരമാവധി (Joint Loan) 4,00,000 രൂപ വരെ ഈയിനത്തിൽ കുറയ്ക്കാവുന്നതാണ്.
നിങ്ങളുടെ ബന്ധുക്കളിൽനിന്നോ കൂട്ടുകാരിൽനിന്നോ എടുത്ത വായ്പയുടെ പലിശ കുറയ്ക്കാവുന്നതാണ്. വീടിന്റെ അറ്റകുറ്റപ്പണിക്കു വേണ്ടി എടുത്ത വായ്പയുടെ പലിശയായി പരമാവധി 30,000 രൂപ വരെ കുറയ്ക്കാം. ട്രഷറി/പോസ്റ്റ് ഓഫിസ്/ബാങ്ക് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ലഭിച്ച പലിശ മറ്റു സ്രോതസ്സുകളിൽനിന്നുള്ള വരുമാനമായി കാണിക്കണം. മൊത്തം പലിശ 40,000 രൂപയിൽ കൂടിയാൽ പോസ്റ്റ് ഓഫിസ്/ബാങ്ക്/കോ–ഓപ്പറേറ്റീവ് ബാങ്കുകൾ തുടങ്ങിയവ ടിഡിഎസ് (TDS) പിടിക്കും.
മൊത്തം പലിശ 5,000 രൂപയിൽ കൂടിയാൽ ബാങ്കും ട്രഷറി ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ടിഡിഎസ് പിടിക്കുന്നതാണ്. നിങ്ങളുടെ വരുമാനം (Total Income) 5,00,000 രൂപയിൽ താഴെയാണെങ്കിൽ 15 എച്ച്/15 ജി ഫോറം ധനകാര്യ സ്ഥാപനത്തിലേക്കു നൽകി ടിഡിഎസ് (TDS) ഒഴിവാക്കാം.
എൻപിഎസ് (NPS) ക്ലോസ് ചെയ്താൽ 60 ശതമാനം വരെ ആദായനികുതി വരുന്നതാണ്. നേരത്തേ സൂചിപ്പിച്ച അഞ്ചു ശീർഷകങ്ങളിലെയും വരുമാനം കൂട്ടി അതിൽനിന്ന് ചാപ്റ്റർ VIA അനുസരിച്ച് താഴെ ചേർക്കും പോലെയുള്ള കിഴിവുകൾ നടത്താം.
എ. ചട്ടം 80 സി.
ഒരാൾക്ക്, അയാൾക്കും ജീവിതപങ്കാളിക്കും മകനും മകൾക്കും േവണ്ടി അടച്ച എൽഐസി പ്രീമിയം പരമാവധി ഒന്നര ലക്ഷം രൂപവരെ കിഴിവായി കാണിക്കാം. ചട്ടം 80 സി പ്രകാരമുള്ള മറ്റു കിഴിവുകൾ താഴെ േചർക്കുന്നു.
∙ മക്കളുടെ ട്യൂഷൻ ഫീസ്.
∙ സീനിയർ സിറ്റിസൺ സമ്പാദ്യപദ്ധതിക്കനുസരിച്ചുള്ള നിക്ഷേപം.
∙ പോസ്റ്റ് ഓഫിസ് ടേം ഡിപ്പോസിറ്റ് –അഞ്ചു വർഷ ടേം ഡിപ്പോസിറ്റ്.
∙ പിപിഎഫിലേക്കുള്ള അടവ്.
∙ ഭവനവായ്പാ മുതലിലേക്കുള്ള തിരിച്ചടവ്.
ബി. ചട്ടം 80 ഡി (െസക്‌ഷൻ 80 ഡി).
∙ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടച്ചതിന് താഴെപ്പറയും പ്രകാരം കിഴിവ് കിട്ടുന്നതാണ്.
∙ തനിക്കും കുടുംബത്തിനും (സീനിയർ സിറ്റിസൺ ഉൾപ്പെടെ) പരമാവധി 50,000 രൂപ.
∙ രക്ഷാകർത്താക്കൾ (സീനിയർ സിറ്റിസൺ) പരമാവധി 50,000 രൂപ.
∙ തനിക്കും കുടുംബത്തിനും (സീനിയർ സിറ്റിസൺ ഉൾപ്പെടെ) പരമാവധി 75,000 രൂപ.
∙ സീനിയർ സിറ്റിസണായ നികുതി ദായകനും രക്ഷാകർത്താക്കളും അടക്കം പരമാവധി ഒരു ലക്ഷം രൂപ.
∙ കൂടാതെ സീനിയർ സിറ്റിസണിനു ആശുപത്രി ചെലവുകൾക്ക് 50,000 രൂപവരെ കിഴിവായി ലഭിക്കും
∙ സീനിയർ സിറ്റിസൺസായ രക്ഷകർത്താക്കളുടെ ആശുപത്രിച്ചെലവുകൾക്കും 50,000 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്.
പാലക്കാട് പട്ടാമ്പിയിലെ ശ്രീനീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളെജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ. Mob-9947937485