പുതിയ ആദായ നികുതി പരിഷ്‌കാരം സമ്പാദ്യശീലത്തെ എങ്ങനെ ബാധിക്കും?
Mail This Article
ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ട പുതിയ നികുതി അടവ് സമ്പ്രദായം 'മില്ലിനിയല്‍സ് ഇന്ത്യ'യുടെ സമ്പാദ്യ ശീലത്തെ എങ്ങനെ ബാധിക്കും? ഒഴിവുകളും കിഴിവുകളും പരിഗണിക്കാത്ത പുതിയ നികുതി അടവ് രീതി കൂടുതല്‍ പേര്‍ തിരഞ്ഞെടുത്താല്‍ അത് രാജ്യത്തെ സമ്പാദ്യത്തെ ബാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സമ്പാദ്യ നിരക്ക് വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാകും.
ഇടിയുന്ന സമ്പാദ്യ നിരക്ക്
2012 ല്‍ രാജ്യത്തെ സമ്പാദ്യ നിരക്ക് 36 ശതമാനമായിരുന്നുവെങ്കില്‍ ഇത് ഇപ്പോള്‍ 30 ശതമാനമാണ്. സമ്പാദ്യ നിരക്ക് താഴെ പോകുന്നത് വലിയ ഭീഷണിയാണ്. ഇതിന് പുറമേയാണ് ഇന്‍ഷൂറന്‍സ്, ഭവനവായ്പ, മ്യൂച്ചല്‍ ഫണ്ട്, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കാത്ത തരത്തിലുള്ള ആദായ നികുതി സമ്പ്രദായം ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിലൂടെ അവതരിപ്പിച്ചത്. ശരാശരി ശമ്പളക്കാരുടെ ഇത്തരത്തിലുള്ള നിക്ഷേപത്തിന്റെ പ്രധാന ഇന്‍സെന്റീവ് നികുതി ഒഴിവുകളായിരുന്നു. ഇത് ഇല്ലാതാകുന്നതോടെ ഇത്തരം നിക്ഷേപം നടത്തുന്നതിനുള്ള സമ്പാദ്യം നികുതിദായകര്‍ ഒഴിവാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യത്തെ 80 ശതമാനം നികുതി ദായകരും പുതിയ രീതിയിലേക്ക് മാറുമെന്നാണ് റവന്യൂ സെക്രട്ടറി അജയ് ഭൂഷന്‍ പാണ്ഡെ വ്യക്തമാക്കിയത്. എന്നു പറഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ സമ്പാദ്യഅടിസ്ഥാനത്തിലുള്ള നിക്ഷേപത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് അര്‍ഥമാക്കുക. ഇത് നിലവില്‍ തന്നെ താഴ്ന്ന് നില്‍ക്കുന്ന സമ്പാദ്യ നിരക്കിനെ വീണ്ടും പ്രതിസന്ധിയിലാക്കും.
പുതിയ പരിഷ്‌കാരം
ധനമന്ത്രി പ്രഖ്യാപിച്ച് പുതിയ ടാക്‌സ് നിര്‍ദേശമനുസരിച്ച്. 2.5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി അടയ്‌ക്കേണ്ടതില്ല. 2.5 മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ളവര്‍ മുമ്പത്തേതു പോലെ തന്നെ അഞ്ച് ശതമാനം നികുതി അടയ്ക്കണം.
5-7.5 ബ്രാക്കറ്റുകാര്‍ കുറഞ്ഞ നിരക്കായ 10 ശതമാനമാണ് അടയ്‌ക്കേണ്ടത്. 7.5 മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ 15 ശതമാനവും 10 മുതല്‍ 12.5 വരെ 20 ശതമാനവും 12.5 മുതല്‍ 15 ലക്ഷം വരെ 25 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. ഈ രീതി തിരഞ്ഞെടുത്താല്‍ 80 സി യിലുള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ഒഴിവും കിഴിവും പരിഗണിക്കില്ല. ഇത്തരം പരിഗണന വേണ്ടവര്‍ക്ക് താരതമ്യേന കൂടിയ നിരക്കുള്ള നിലവിലുള്ള രീതി തന്നെ തിരഞ്ഞെടുക്കാം